5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇത് കുറച്ച് നേരത്തെ ആയല്ലോ! 22ാം വയസില്‍ അപേക്ഷിച്ച ജോലിക്ക് നിയമനക്കത്ത് ലഭിച്ചത് എഴുപതില്‍

Job Offer: ടിസി ഹോഡ്‌സണ്‍ എന്ന 70കാരിയെ തേടിയാണ് ജോലി എത്തുന്നത്. ജോബ് ഓഫര്‍ ലെറ്റര്‍ ലഭിക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ സന്തോഷമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ യുകെക്കാരിയായ ടിസിക്ക് സന്തോഷത്തിന് പകരം വന്നത് ആശ്ചര്യമാണ്. ഈ ഓഫര്‍ ലഭിക്കുന്നത് അഭിമുഖത്തില്‍ പങ്കെടുത്ത് ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷമല്ല, നീണ്ട 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ഇത് കുറച്ച് നേരത്തെ ആയല്ലോ! 22ാം വയസില്‍ അപേക്ഷിച്ച ജോലിക്ക് നിയമനക്കത്ത് ലഭിച്ചത് എഴുപതില്‍
ടിസി ഹോഡ്‌സണ്‍ (Image Credits: Social Media)
shiji-mk
Shiji M K | Published: 11 Oct 2024 13:01 PM

ഒരു ജോലി ലഭിക്കാന്‍ എന്ത് ബുദ്ധിമുട്ടാണല്ലേ? നിരവധി കമ്പനികളിലേക്ക് സി വി അയച്ചെങ്കില്‍ മാത്രമാണ് അവയില്‍ ഒന്നിലേക്ക് എങ്കിലും അഭിമുഖത്തിന് വിളിക്കുകയുള്ളു. അഭിമുഖത്തിന് വിളിച്ചതുകൊണ്ട് മാത്രമായില്ല, ജോലി ലഭിക്കാന്‍ വേറെയും കടമ്പകളേറെ. പി എസ് സി ലിസ്റ്റില്‍ കയറിപ്പറ്റുന്നവരുടെ അവസ്ഥ കണ്ടിട്ടില്ലേ, ലിസ്റ്റില്‍ ഉണ്ടെങ്കിലും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കില്‍ മാത്രമേ ജോലി ലഭിക്കുകയുള്ളു. അങ്ങനെ വര്‍ഷങ്ങളോളം കാത്തിരുന്ന് ജോലി ലഭിച്ചൊരാളുടെ കഥയാണ് താഴെ പറയുന്നത്.

ടിസി ഹോഡ്‌സണ്‍ എന്ന 70കാരിയെ തേടിയാണ് ജോലി എത്തുന്നത്. ജോബ് ഓഫര്‍ ലെറ്റര്‍ ലഭിക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ സന്തോഷമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ യുകെക്കാരിയായ ടിസിക്ക് സന്തോഷത്തിന് പകരം വന്നത് ആശ്ചര്യമാണ്. ഈ ഓഫര്‍ ലഭിക്കുന്നത് അഭിമുഖത്തില്‍ പങ്കെടുത്ത് ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷമല്ല, നീണ്ട 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

Also Read: Jerry Lee: മിയ ഖലീഫ മുതല്‍ വോഡ്ക വരെ; സി വി കണ്ട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ചത് 29 കമ്പനികള്‍

എന്നാല്‍ അന്ന് ടിസിക്ക് ആ ജോലി ലഭിക്കാത്തത് ആയിരുന്നില്ല കാരണം. പകരം പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വന്ന അശ്രദ്ധയാണ് ഇവിടംവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. 1976 ജനുവരിയിലാണ് ഈ കത്ത് ടിസിയെ തേടി പുറപ്പെടുന്നത്. എന്നാല്‍ അത് അവര്‍ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, പോസ്റ്റ് ഓഫീസിന്റെ മേശയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന കത്ത് ആരുടെയും ശ്രദ്ധയില്‍പോലും പെട്ടില്ല.

‘സ്റ്റെയിന്‍സ് പോസ്റ്റ് ഓഫീസില്‍ നിന്നുള്ള ഒരു വൈകിയ ഡെലിവറി. മേശയുടെ ഡ്രോയ്ക്ക് പിന്നില്‍ നിന്ന് കത്ത് കണ്ടെത്തി. ഏകദേശം 50 വര്‍ഷത്തോളം വൈകിയെന്ന് മാത്രം,’ ഇങ്ങനെ എഴുതിയ കുറിപ്പും ടിസിയെ തേടിയെത്തിയ കത്തിനോടൊപ്പം ഉണ്ടായിരുന്നു.

48 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡറുടെ ജോലിക്ക് ടിസി അപേക്ഷിക്കുന്നത്. അപ്പോള്‍ ആ ജോലി അവര്‍ക്ക് ലഭിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി തന്റെ അരികിലേക്കെത്തിയ കത്ത് ചെറുപ്പകാലത്തെ കുറിച്ചുള്ള ഓര്‍മയും സ്വപ്‌നങ്ങളെയുമാണ് വീണ്ടും മുന്നിലേക്കെത്തിച്ചതെന്ന് ടിസി പറയുന്നു. എന്തുകൊണ്ടാണ് ആ ജോലിക്ക് അപേക്ഷിച്ചിട്ടും മറുപടി ലഭിക്കാതിരുന്നുവെന്ന് താന്‍ എപ്പോഴും ചിന്തിച്ചിരുന്നുവെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ടിസി പറയുന്നു.

Also Read: Tata Scholarships and education grants: രത്തൻ ടാറ്റ സ്കോളർഷിപ്പ് മുതൽ തുടങ്ങുന്നു… ടാറ്റ ട്രസ്റ്റുകളുടെ മികച്ച വിദ്യാഭ്യാസ ഗ്രാൻ്റുകൾ ഇവ

അന്ന് ലണ്ടനിലെ ഫ്‌ളാറ്റിലിരുന്നാണ് ഈ ജോലിക്കായി അപേക്ഷ ടൈപ്പ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ മറുപടിയ്ക്കായി കാത്തിരുന്നു, പക്ഷെ ഒന്നും വന്നില്ല. എപ്പോഴും കത്ത് വന്നിട്ടുണ്ടോയെന്ന് നോക്കും. മറുപടി ലഭിക്കാതായതോടെ തീര്‍ത്തും നിരാശയായി. മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡറാവാന്‍ താനേറെ ആഗ്രഹിച്ചിരുന്നു. ആ ജോലിക്ക് മറുപടി ലഭിച്ചില്ലെങ്കിലും പിന്നീടും ഒരുപാട് നാള്‍ ശ്രമിച്ചു. താനൊരു സ്ത്രീയാണെന്ന് അറിയിക്കാതെയായിരുന്നു അന്ന് ജോലിക്ക് അപേക്ഷിച്ചിരുന്നതെന്നും ടിസി പറയുന്നു.

സ്ത്രീയാണെന്ന് അറിയുമ്പോള്‍ ആരും അഭിമുഖങ്ങള്‍ക്ക് വിളിക്കില്ലെന്ന് കരുതി. അന്ന് സ്ത്രീകള്‍ ചെയ്യാത്ത ജോലികളായിരുന്നു താന്‍ ചെയ്തിരുന്നത്. പിന്നീട് ലണ്ടനില്‍ നിന്ന് ആഫ്രിക്കയിലേക്ക് പോയ താന്‍ അവിടെ പാമ്പുകളെ നോക്കുന്ന സ്‌നേക്ക് ഹാന്റ്‌ലര്‍ ആയും ഹോഴ്‌സ് വിസ്പറര്‍ ആയുമെല്ലാം ജോലി ചെയ്തു. വിമാനം പറത്താല്‍ പഠിച്ചതിന് ശേഷം എയറോബാറ്റിക് പൈലറ്റും ഇന്‍സ്ട്രക്ടറുമായും ജോലി ചെയ്തിരുന്നു താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.