Kerala Budget 2026: ആശ വർക്കന്മാർക്കും, അംഗൻവാടി ജീവനക്കാർക്കും ആശ്വസിക്കാം; ശമ്പളം കൂട്ടി
ASHA workers Monthly Honorarium Hike in Kerala Budget 2026: അംഗൻവാടി വർക്കർമാർമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരകുമാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശവർക്കന്മാർക്ക് ആശ്വസിക്കാം. പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1000 രൂപയുടെ വർദ്ധനവാണ് പ്രഖ്യാപിച്ചത്. കൂടാതെ, അംഗൻവാടി വർക്കർമാർമാരുടെ പ്രതിമാസ ഓണറേറിയവും വർദ്ധിപ്പിച്ചിട്ടുണ്ട്. 1,000 രൂപയാണ് കൂട്ടിയത്. ഹെൽപ്പന്മാർക്ക് 500 രൂപ കൂട്ടി. സാക്ഷരതാ പ്രേരകുമാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ പ്രൈമറി അധ്യാപകർക്ക് വേതനം 1000 രൂപ കൂട്ടിയിട്ടുണ്ട്. കൂടാതെ, സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസേന വേതനത്തിൽ 25 രൂപ കൂട്ടി.
കേന്ദ്രസർക്കാരിൻ്റെ സ്കീമുകളിൽ പണിയെടുക്കുന്നവർക്ക് കേന്ദ്രം ദശാബ്ദങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഓണറേറിയമാണ് ഇപ്പോഴും നൽകുന്നത്. അങ്കണവാടി വർക്കർമാരും ഹെൽപ്പർമാർ, സാക്ഷരതാ പ്രേരകുമാർ, ആശാവർക്കർമാർ, സ്കൂൾ പാചകതൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകരും ആയമാരും തുടങ്ങിയവരുടെ ഓണറേറിയത്തിലും വേതനത്തിലും കാലോചിതമായ വർധന വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആശ പ്രവർത്തകരുടെ ഓണറേറിയം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 266 ദിവസമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിയത്. സമരത്തിനിടെ ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. പക്ഷേ തങ്ങളുടെ ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാർ സമരം നടത്തിയത്.
ALSO READ: ക്ഷേമപെന്‍ഷന്‍ 2,000 തന്നെ മാറ്റമില്ല; 14,500 കോടി അനുവദിച്ചു
തദ്ദേശ സ്ഥാപനങ്ങൾക്കും കരുതൽ
കേരള ഖരമാലിന്യ സംസ്‌കരണത്തിനായി നഗരതദ്ദേശ സ്ഥാപനങ്ങള്‍ക്ക് 160 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപനമുണ്ട്.
കൂടാതെ, വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും
മുൻസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നും ബജറ്റിൽ പറഞ്ഞു.