Over Draft : അക്കൗണ്ടിൽ പൈസയില്ലെങ്കിലും പ്രശ്നമില്ല; ബാങ്ക് പെട്ടെന്ന് പൈസ തരാൻ വഴിയുണ്ട്
What is Over Draft : ബിസിനസ്സുകാർക്കും, വൃക്തികൾക്കും ഒരുപോലെ ഉപകരിക്കുന്ന സേവനം കൂടിയാണിത്. ചെക്കുകൾ പോലെ നിങ്ങളുടെ ബാലൻസ് പൂജ്യമാണെങ്കിൽ മടങ്ങുന്ന സംവിധാനമല്ലിത്
ബാങ്കിങ്ങ് ഇടപാടുകളിൽ എപ്പോഴും ഉപഭോക്താക്കളെ കുഴക്കുന്ന പ്രശ്നം നിങ്ങളുടെ അക്കൗണ്ടിൽ പൈസയില്ലാതെ വരുന്നതാണ്. ഇത് മൂലം വായ്പകളോ ആനുകൂല്യങ്ങളോ പോലും ലഭിക്കാതെ വരാറുണ്ട്. അടിയന്തിര ആവശ്യങ്ങൾക്ക് പോലും ഒരു രൂപ എടുക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും മിക്ക ഉപഭോക്താക്കളും വരുന്നത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ബാങ്ക് തന്നെ തങ്ങളുടെ ഉപഭോക്താവിന് രക്ഷകരായി എത്താറുണ്ട് പലർക്കും ഇപ്പോഴും ധാരണയില്ലാത്തതും എന്നാൽ പെട്ടെന്ന് സാധിക്കുന്നതുമായൊരു സേവനം ബാങ്കുകൾ നൽകി പോരുന്നുണ്ട്. അതാണ് ഓവർഡ്രാഫ്റ്റുകൾ. ഇതെങ്ങനെ ലഭിക്കും. എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
എന്താണ് ഓവർഡ്രാഫ്റ്റ്
നിങ്ങളുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ബാങ്ക് നൽകുന്ന ഒരു പരിധിയിൽ ഒരു നിശ്ചിത തുക പിൻവലിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ബാങ്കുമായുള്ള ഒരു മുൻകൂർ കരാറിൽ നിങ്ങൾക്ക് ആവശ്യമായ തുക ഇത്തരത്തിൽ പിൻവലിക്കാൻ കഴിയും എന്നത് തന്നെയാണ് ഇതിൻ്റെ സവിശേഷത. ബിസിനസ്സുകാർക്കും, വൃക്തികൾക്കും ഒരുപോലെ ഉപകരിക്കുന്ന സേവനം കൂടിയാണിത്. ചെക്കുകൾ പോലെ നിങ്ങളുടെ ബാലൻസ് പൂജ്യമാണെങ്കിൽ മടങ്ങുന്ന സംവിധാനമല്ലിത്, പൂജ്യമാണ് ബാലൻസ് എങ്കിൽ പോലും ഇത് ലഭിക്കും. നിങ്ങളുട സേവിംഗ്സ് അക്കൗണ്ട്, കറൻ്റ് അക്കൗണ്ട് എന്നിവയുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.
ഓവർഡ്രാഫ്റ്റ് പ്രവർത്തനം
യഥാർത്ഥത്തിൽ ഇതൊരു ഹ്രസ്വകാല വായ്പ എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, ബാങ്കുമായുള്ള ബന്ധം, വരുമാനം, ഈടായി നൽകുന്ന ആസ്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് തൻ്റെ ഉപഭോക്താവിന് ഓവർഡ്രാഫ്റ്റ് പരിധി നിശ്ചയിക്കുന്നത്. ഉപയോഗിക്കുന്ന പൈസക്ക് മാത്രമെ ഓവർഡ്രാഫ്റ്റിൽ പലിശ നൽകേണ്ടതുള്ളു.ഓവർഡ്രാഫ്റ്റ് ഉപയോഗിച്ച് പിൻവലിച്ച തുകയുടെ പലിശ ദിവസ അടിസ്ഥാനത്തിൽ കണക്കാക്കുകയും നിശ്ചിത ഇടവേളകളിൽ ഇത് അക്കൗണ്ടിൽ നിന്ന് ഈടാക്കുകയും ചെയ്യും. ഉപഭോക്താവിന് തനിക്ക് സൗകര്യപ്രദമായ സമയത്ത് തുക തിരിച്ചടയ്ക്കാം. തുകയും പലിശയും തിരിച്ചടക്കുമ്പോൾ ഓവർഡ്രാഫ്റ്റ് പരിധി വീണ്ടും പഴയത് പോലെയാകും.
ജോലിക്കാരണെങ്കിൽ അവരുടെ സാലറി അക്കൗണ്ടുകൾക്ക് ഈടില്ലാതെ ഓവർഡ്രാഫ്റ്റ് ലഭിക്കും. ശമ്പളം, സ്ഥിര നിക്ഷേപം , ഓഹരികൾ എന്നിവ ഈടായി വെച്ചും ഓവർഡ്രാഫ്റ്റ് ലഭിക്കും. പേഴ്സണൽ ലോണിനേക്കാൾ കുറഞ്ഞ പലിശയായിരിക്കും ഈടുള്ള ഓവർഡ്രാഫ്റ്റുകൾക്ക് . ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതി. ഇഎംഐ ആയി അടക്കണമെന്ന് നിർബന്ധമില്ല സൗകര്യപ്രദമായ രീതിയിൽ തിരികെ അടക്കാം.
ആർക്കൊക്കെ ലഭിക്കും
ശമ്പളം ലഭിക്കുന്നവർക്ക്, സ്ഥിര നിക്ഷേപങ്ങളോ അല്ലെങ്കിൽ അത്തരം മറ്റ് ആസ്തികളോ ഉള്ളവർക്ക് എളുപ്പത്തിൽ ഓവർഡ്രാഫ്റ്റ് ലഭിക്കും. ശമ്പളക്കാർക്ക് ശമ്പളത്തിൻ്റെ 1 മുതൽ 3 ഇരട്ടി വരെ തുക ഓവർഡ്രാഫ്റ്റായി ലഭിക്കും. ബാങ്കിൽ സ്ഥിര നിക്ഷേപമുള്ളവർക്ക് അതിൻ്റെ 75% മുതൽ 90% വരെ തുക ഓവർഡ്രാഫ്റ്റായി എളുപ്പത്തിൽ കിട്ടും. ഓവർഡ്രാഫ്റ്റിൽ എടുക്കുന്ന തുക വേഗത്തിൽ തിരിച്ചടക്കുന്നതാണ് നല്ലത്. ഒരിക്കലും ഇതൊരു ദീർഘകാല കടമായി മാറാൻ അനുവദിക്കരുത്, ഇതിൻ്റെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടിൻ്റെ പലിശയേക്കാൾ കൂടുതലായിരിക്കും.