Coconut Oil Price in Supplyco: വെളിച്ചെണ്ണ ഉൾപ്പെടെ വില കുറവിൽ, സപ്ലൈക്കോ ഓണച്ചന്തകൾ 25 മുതൽ
Supplyco Onam Markets: നോൺ സബ്സിഡി ഇനങ്ങൾക്ക് 10- 50 ശതമാനം വരെ കിഴിവുണ്ട്. 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും.
തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈക്കോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണച്ചന്തകൾ ഉണ്ടായിരിക്കും. കൂടാതെ ഹോർട്ടി കോപ്പിന്റെ ഓണച്ചന്തകളും ആരംഭിക്കും.
പരമാവധി വിലക്കുറവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് നീക്കം. സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്കും അര കിലോ വെളിച്ചെണ്ണ 179 രൂപയ്ക്കും വിതരണം ചെയ്യും. സബ്സിഡി ഇതര വെളിച്ചെണ്ണ കിലോ 429 രൂപയ്ക്കും അരക്കിലോ 219 രൂപയ്ക്കും നൽകും. സപ്ലൈക്കോയിൽ നിന്ന് 29 രൂപ നിരക്കിൽ 8 കിലോ അരി നൽകുമെന്നും സബ്സിഡി മുളക് അരക്കിലോയിൽ നിന്നും ഒരു കിലോയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഓണക്കിറ്റ് വിതരണം ദിവസങ്ങള്‍ക്കുള്ളില്‍; കിറ്റിലുള്ളത് എന്തെല്ലാം
കൂടാതെ നോൺ സബ്സിഡി ഇനങ്ങൾക്ക് 10- 50 ശതമാനം വരെ കിഴിവുണ്ട്. 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. ഓണക്കാലത്ത് നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. 6 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇത്തവണ സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുക.
അതേസമയം ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് തയ്യാറാക്കുന്നത്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് (18 ഇനങ്ങൾ) ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള മിനി കിറ്റ് (10 ഇനങ്ങൾ) 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് (9 ഇനങ്ങൾ) 229 രൂപയ്ക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.