Coconut oil Price: വെളിച്ചെണ്ണ വിലയിൽ കുറവ്, അൽപ്പം ആശ്വാസം
Coconut oil Price Kerala: മഴശക്തിയാർജ്ജിച്ചാൽ കരിക്കിൻ്റെ ഉപയോഗം കുറയുകയും തേങ്ങ തന്നെ വിൽപ്പനയിലേക്ക് എത്തുമെന്നും ചില വ്യാപാരികൾ പറയുന്നു. ഇങ്ങനെ വന്നാൽ ഇനിയും വെളിച്ചെണ്ണ വില കുറയാൻ സാധ്യതയുണ്ട്
കൊച്ചി: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ നേരിയ കുറവ്. നിലവിലെ വിലയിൽ നിന്നും ക്വിൻ്റലിന് 200 രൂപയാണ് കുറഞ്ഞത്. 480 മുതൽ 530 രൂപ വരെയായണ് ശരാശരി ചെറുകിട വിൽപ്പന വില. പുതിയ വിലക്കുറവ് വന്നതോ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അൽപ്പം ആശ്വാസമാവുകയാണ്. ഓണക്കാലം അടുക്കുന്നതോടെ വില വർധന വലിയ ആശങ്കയിൽ തന്നെയാണിപ്പോഴും. അതേസമയം ഇന്നത്തെ വില മാറ്റത്തോടെ ഒരു കിലോ വെളിച്ചെണ്ണയുടെ വില 430 രൂപയായി. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ കേരളത്തിലെ വെളിച്ചെണ്ണ വിലയുടെ ഏറ്റവും കുറഞ്ഞ നിരക്കാണ് 430 രൂപ.
കിലോയ്ക്ക് 240 രൂപയായിരുന്ന വെളിച്ചെണ്ണ വെറും രണ്ടുമാസം കൊണ്ടാണ് 480 രൂപയിലേക്ക് എത്തിയത്. കൊപ്രയുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വില വർദ്ധിക്കാൻ കാരണം. മിക്കവാറും തെങ്ങ് കർഷകരും തേങ്ങയാകാൻ കാത്ത് നിൽക്കാതെ കരിക്ക് വെട്ടി വിൽക്കുന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ALSO READ: വെളിച്ചെണ്ണ അതിനി നോക്കേണ്ടാ! എണ്ണപ്പന വിത്ത് ഇറക്കുമതി ചെയ്ത് ഇന്ത്യ
മഴശക്തിയാർജ്ജിച്ചാൽ കരിക്കിൻ്റെ ഉപയോഗം കുറയുകയും തേങ്ങ തന്നെ വിൽപ്പനയിലേക്ക് എത്തുമെന്നും ചില വ്യാപാരികൾ പറയുന്നു. ഇങ്ങനെ വന്നാൽ ഇനിയും വെളിച്ചെണ്ണ വില കുറയാൻ സാധ്യതയുണ്ട്. അതേസമയം ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 600 രൂപയ്ക്കടുത്ത് എത്തുമെന്നാണ് വിലയിരുത്തൽ. ഓണത്തിനു മുമ്പ് കൊപ്ര വില 300 രൂപയിലേക്ക് എത്താം എന്ന് വ്യാപാരികൾ പറയുന്നു. ഇത് വീണ്ടും വിലക്കയറ്റത്തിലേക്ക് തന്നെ നയിക്കും.
വെളിച്ചെണ്ണ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ ജിആർ അനിൽ, പി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വ്യവസായികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാമെന്നും വില കുറച്ചു നൽകുന്നവർക്ക് 15 ദിവസത്തിനകം മുഴുവൻ പണം നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.