Coconut Oil: വെളിച്ചെണ്ണ പകുതി വിലയ്ക്ക്, പക്ഷേ ഇത്തിരി റിസ്കാണ്!
Coconut oil Price: തേങ്ങയ്ക്കായി തമിഴ്നാട്ടിനെയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞത് വില ഉയരാൻ കാരണമായി. അതേസമയം, സപ്ലൈകോ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുന്നുണ്ട്.

Coconut Oil
സംസ്ഥാനത്ത് വെളിച്ചെണ്ണ വില വെല്ലുവിളിയായി തുടരുന്നു. നിലവിൽ ക്വിന്റലിന് 37400 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽപന നടക്കുന്നത്. അതേസമയം വ്യാജന്മാരുടെ കടന്നുകയറ്റവും പെരുകിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവയുടെ ഓൺലൈൻ വില്പനയാണ് വ്യാപകമായതായി പരാതി ഉയർന്നിട്ടുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാര പരിശോധന ഇല്ലാത്തതിനാൽ ഓൺലൈനിലൂടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വരെ കുറഞ്ഞ വിലക്ക് വിൽക്കുന്നുണ്ടെന്നാണ് പരാതി.
വിവിധ ബ്രാൻഡുകളുടെ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ വില വരുന്നുണ്ട്. എന്നാൽ ഓൺലൈനിലൂടെ ഇവ 215 രൂപയ്ക്ക് ലഭ്യമാണ്. കൊപ്രാക്ക് ഇതിൽ കൂടുതൽ വിലയുള്ളതിനാൽ മായം ചേർത്ത വെളിച്ചെണ്ണയാകും ഇത്തരത്തിൽ ലഭ്യമാകുന്നത്. ഈ വെളിച്ചെണ്ണയിൽ പാരഫിൻ മെഴുക്, പല തവണ ഉപയോഗിച്ച എണ്ണ തുടങ്ങി കാൻസറിന് വരെ കാരണമാകുന്ന വസ്തുക്കൾ ചേർത്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, വെളിച്ചെണ്ണയ്ക്കൊപ്പം തേങ്ങ വിലയും ഉയരുന്നുണ്ട്. പടിവാതിൽക്കൽ നിൽക്കുന്ന മണ്ഡല കാലവും തേങ്ങ ക്ഷാമവുമെല്ലാം വില ഉയരാൻ കാരണമാകുന്നു. നിലവിൽ 80-85 രൂപയാണ് കിലോ വില. തേങ്ങയ്ക്കായി തമിഴ്നാട്ടിനെയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞത് വില ഉയരാൻ കാരണമായി.
അതേസമയം, സപ്ലൈകോ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുന്നുണ്ട്. 319 രൂപ നിരക്കിൽ സബ്സിഡി – അരക്കിലോ, നോൺ – സബ് സിഡി- അരക്കിലോ എന്നിങ്ങനെ ഒരു കിലോ വെളിച്ചെണ്ണയാണ് ലഭിക്കുന്നത്.