Coconut Shell Price: തേങ്ങക്ക് വില കുറഞ്ഞു, പക്ഷെ ചിരട്ടക്ക് വില കൂടുന്നോ?
Coconut Shell Price Hike: ചിരട്ട ഇനി വെറുതെ കളയേണ്ട, തേങ്ങയ്ക്ക് പിന്നാലെ ചിരട്ടയുടേയും ഡിമാൻഡ് വർധിച്ചിട്ടുണ്ട്. വാങ്ങുന്ന ചിരട്ട ഏജന്റിന് 28 രൂപയ്ക്ക് വരെ കൊടുക്കാറുണ്ടെന്ന് ചിരട്ട വ്യാപാരികൾ പറയുന്നു.
തേങ്ങ ചിരകിയ ശേഷം ചിരട്ട വെറുതേ കളയാൻ നിൽക്കേണ്ട, സംസ്ഥാനത്ത് ചിരട്ടയ്ക്കും ഡിമാൻഡ് കൂടിയതായി വിവരം. ഒരു കിലോയ്ക്ക് ഇന്ന് 20 രൂപ വരെ കിട്ടാറുണ്ട്. വാങ്ങുന്ന ചിരട്ട ഏജന്റിന് 28 രൂപയ്ക്ക് വരെ കൊടുക്കാറുണ്ടെന്ന് ചിരട്ട വ്യാപാരികൾ പറയുന്നു.
‘ശരാശരി എട്ട് തേങ്ങയുടെ ചിരട്ട ഉണ്ടെങ്കിൽ ഒരു കിലോ തൂക്കം കിട്ടും. ഇത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് കൊണ്ടുപോകും. ശേഷം ചിരട്ടക്കരിയായി ചൈനയിലേക്ക് കയറ്റുമതി ചെയ്യും എന്ന് തമിഴ്നാട്ടിൽ നിന്ന് ചിരട്ട വാങ്ങാനെത്തുന്ന ഏജന്റ് പറയുന്നു’, മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ALSO READ: വെളിച്ചെണ്ണയ്ക്ക് 300 രൂപയില്‍ താഴെ വില; ഓണം ഒരു പ്രശ്‌നമാകില്ല
ചിരട്ടക്കരി ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ചിരട്ടയുടെ ഡിമാൻഡ് കൂടിയത്. ചിരട്ട വില കൂടിയതോടെ ചിരട്ടയുണ്ടോ എന്ന് മൈക്കിൽ വിളിച്ചുചോദിച്ചുകൊണ്ടു പോകുന്ന വണ്ടികൾ ഇപ്പോൾ സ്ഥിരംകാഴ്ചയായി മാറിയിരിക്കുകയാണ്.
തേങ്ങയുടെയും കൊപ്രയുടെയും വില കുറഞ്ഞതോടെ വെളിച്ചെണ്ണ വില കുറയുമെന്ന പ്രതീക്ഷ കൂടിയിട്ടുണ്ട്. ലിറ്ററിന് 450 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില 400ആയി കുറഞ്ഞിരുന്നു. സപ്ലൈകോ വഴി ലിറ്ററിന് 350 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. നിലവിൽ 60 നും 65 നും ഇടയിലാണ് തേങ്ങ വില. പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്. വ്യാപാരികള്‍ക്ക് കിലോയ്ക്ക് 50 മുതല്‍ 55 രൂപ വരെ നിരക്കിലാണ് പച്ചത്തേങ്ങ ലഭിക്കുന്നത്.