Coffee Price: ട്രംപിന്റെ തീരുവയ്ക്ക് ‘ചെക്ക്’; റഷ്യൻ മണ്ണിൽ ഇന്ത്യൻ കാപ്പി കാലം
Indian Coffee Exports: ഇറ്റലിയും റഷ്യയും വലിയ തോതിൽ ദക്ഷിണേന്ത്യൻ കാപ്പിയിൽ താൽപര്യം പ്രകടിപ്പിച്ചതാണ് ചരിത്രനേട്ടത്തിന് കാരണം. റഷ്യയിലേക്ക് കാപ്പി വിതരണം ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.

Coffee Price
കാപ്പി കയറ്റുമതിയിൽ വൻ നേട്ടവമായി ഇന്ത്യ. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി ഏകദേശം 18,039 കോടി രൂപയുടെ മുകളിലെത്തിയിരിക്കുകയാണ്. 2024ലെ 14,046 കോടി രൂപയിൽ നിന്നും കയറ്റുമതി മൂല്യം 27 ശതമാനം കൂടി 17,911 കോടി രൂപയായി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി അളവിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. മുൻ വർഷത്തെക്കാൾ നാലര ശതമാനം കുറഞ്ഞ് 3.48 ലക്ഷം ടണ്ണായി. ഇറ്റലിയും റഷ്യയും വലിയ തോതിൽ ദക്ഷിണേന്ത്യൻ കാപ്പിയിൽ താൽപര്യം പ്രകടിപ്പിച്ചതാണ് ചരിത്രനേട്ടത്തിന് കാരണം. റഷ്യയിൽ തൊട്ട് മുൻ വർഷത്തെക്കാൾ 20 ശതമാനം കയറ്റുമതി വർധിച്ച് 31,505 ടണ്ണിൽ എത്തി.
റഷ്യൻ മണ്ണിൽ ഇന്ത്യൻ കാപ്പി നേട്ടമുണ്ടാക്കിയതോടെ, ട്രംപിന്റെ താരിഫ് യുദ്ധത്തിന് കൂടി കടുംവെട്ടായിരിക്കുകയാണ്. റഷ്യയിൽ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങിയാൽ ഇന്ത്യയെ തകർക്കുമെന്നും, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നൂറ് ശതമാനം താരിഫ് ചുമത്തുമെന്നും അമേരിക്ക പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു.
നിലവിൽ റഷ്യയിലേക്ക് കാപ്പി വിതരണം ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ജർമനിയെ പിന്നിലാക്കിയാണ് ഇന്ത്യ കുതിച്ചത്. റഷ്യയിലേക്ക് കാപ്പി അയച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്കൻ ഉപരോധം മൂലം തുടരാനാവാത്തതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. ബ്രസീലിലുണ്ടായ കാലാവസ്ഥാ വ്യതിയാനം കാരണം അവിടെ ഉൽപ്പാദനം കുറഞ്ഞതും ഇന്ത്യയ്ക്ക് വലിയ അവസരമായി മാറുകയായിരുന്നു.