AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg Rate: മുട്ട കഴിക്കാൻ അൽപം പാടുപെടും; വില സർവകാല റെക്കോർഡിൽ

Egg Price Hike in Kerala: കേരളത്തില്‍ ആവശ്യമായ മുട്ടയുടെ ഭൂരിഭാഗവും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും പ്രകടമാണ്.

Egg Rate: മുട്ട കഴിക്കാൻ അൽപം പാടുപെടും; വില സർവകാല റെക്കോർഡിൽ
EggImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Nov 2025 | 02:31 PM

സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. നിലവിൽ 7.50 രൂപയാണ് ഒരു മുട്ടയുടെ വില. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന.

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമാണ് നാമക്കൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് നാമക്കലിൽ മുട്ട വില 5.70 രൂപയിൽ കൂടുന്നത്. നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും.

നവംബർ ഒന്നിന് നാമക്കലിൽ 5.40 രൂപയായിരുന്നു മുട്ട വില. എന്നാൽ 15ന് 5.90 രൂപയായി. 17-ന് ആറ് രൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും വില 6.05 രൂപയായി ഉയർന്നു. അതേസമയം, ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില.

ALSO READ: വെളിച്ചെണ്ണ അല്ല, ഇനി തക്കാളിയുടെ ഊഴം; വില കുതിക്കും, അടയ്ക്ക കർഷകർക്കും നല്ലകാലം

ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നാമക്കലിൽനിന്ന് മുട്ട വാങ്ങാൻ തുടങ്ങി. ഇതും വില കൂടാൻ കാരണമായി. കേരളത്തില്‍ ആവശ്യമായ മുട്ടയുടെ ഭൂരിഭാഗവും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും പ്രകടമാണ്.

ശബരിമല സീസണിൽ സാധാരണയായി വില കുറയുകയാണെങ്കിൽ ഇത്തവണ പതിവിന് വിപരീതമായി വില കൂടുകയാണ്. ഡിസംബർ മാസത്തിൽ കേക്ക് നിർമാണം സജീവമാകുന്നതോടെ വില ഇനിയും കൂടും. മുട്ടവില ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. ഇത് മുട്ട അടങ്ങിയ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമാകും.