Flight Rule Change: വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗിക്കരുത്, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ
DGCA Power Bank Rules: പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കി. വിമാനം പറന്നുയരുമ്പോഴോ ലാൻഡ് ചെയ്യുമ്പോഴോ മാത്രമല്ല, യാത്രയിലുടനീളം ഈ നിയന്ത്രണം ബാധകമാണ്.
വിമാനയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസി. വിമാനത്തിനകത്ത് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കി. ലിഥിയം ബാറ്ററികൾ കാരണം അമിതമായി ചൂടാകുന്നതും തീപിടിക്കുന്നതും പോലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി.
ഇനിമുതൽ പവർ ബാങ്കുകളും ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. വിമാനയാത്രയ്ക്കിടെ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല. വിമാനം പറന്നുയരുമ്പോഴോ ലാൻഡ് ചെയ്യുമ്പോഴോ മാത്രമല്ല, യാത്രയിലുടനീളം ഈ നിയന്ത്രണം ബാധകമാണ്.
ALSO READ: 3 ദിവസം നിശ്ചലം? രാജ്യവ്യാപകമായി പണി മുടക്ക്, ജീവനക്കാർ ആവശ്യപ്പെടുന്നത്
നിരോധനം എന്തുകൊണ്ട്?
പവർ ബാങ്കുകളിൽ ലിഥിയം-അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. സമ്മർദ്ദം മൂലമോ ഷോർട്ട് സർക്യൂട്ട് മൂലമോ ഇവ പെട്ടെന്ന് തീപിടിച്ചേക്കാം. ചെക്ക്-ഇൻ ബാഗേജിലാണെങ്കിൽ തീപിടുത്തം ശ്രദ്ധയിൽപ്പെടാൻ വൈകുമെന്നതിനാലാണ് അവ ഹാൻഡ് ബാഗേജിൽ മാത്രം അനുവദിക്കുന്നത്. വിമാനത്തിനുള്ളിലെ ക്രൂ അംഗങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ യാത്രക്കാർ കൃത്യമായി പാലിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യാത്രക്കാർ യാത്രയ്ക്ക് മുമ്പ് നിങ്ങളുടെ ഫോണും ടാബ്‌ലെറ്റും പൂർണ്ണമായും ചാർജ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിനുള്ളിലെ യുഎസ്ബി പോർട്ടുകൾ ലഭ്യമാണെങ്കിൽ ഉപയോഗിക്കാവുന്നതാണ്.