Gold Rate: ഡിമാൻഡ് കൂട്ടി സ്വർണം; ഉത്സവ സീസണിൽ ആഭണങ്ങളോ, സ്വർണ ഓഹരികളോ, ലാഭമേത്?
Gold in Festival Season: ഉത്സവ സീസണിൽ സ്വർണ്ണം ആഭരണങ്ങളായി വാങ്ങി അണിയണോ, അതോ ഗോൾഡ് ബോണ്ടുകളിലും ഓഹരികളിലും നിക്ഷേപിച്ച് ലാഭം നേടാൻ ശ്രമിക്കണോ എന്ന ചോദ്യം ഓരോ വ്യക്തിയുടെയും മനസിൽ ഉണ്ടാകും.
ഓണം, ദീപാവലി, ക്രിസ്മസ് പോലുള്ള ആഘോഷവേളകളിലാണ് ഇന്ത്യക്കാർക്ക് കൂടുതൽ സ്വർണ്ണം വാങ്ങുന്നത്. ഈ ഉത്സവ സീസണിൽ സ്വർണ്ണം ആഭരണങ്ങളായി വാങ്ങി അണിയണോ, അതോ ഗോൾഡ് ബോണ്ടുകളിലും ഓഹരികളിലും നിക്ഷേപിച്ച് ലാഭം നേടാൻ ശ്രമിക്കണോ എന്ന ചോദ്യം ഓരോ വ്യക്തിയുടെയും മനസിൽ ഉണ്ടാകും. ഇവയിൽ ലാഭകരമേത് എന്ന് നോക്കിയാലോ….
ആഭരണങ്ങളും നാണയങ്ങളും
ആഭരണങ്ങളോ സ്വർണ്ണ നാണയങ്ങളോ വാങ്ങുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് സാംസ്കാരികവും വൈകാരികവുമായ കാര്യമാണ്. കൂടാതെ അത്യാവശ്യ സാഹചര്യങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാൻ ഇവ സഹായിക്കും. എളുപ്പത്തിൽ പണയം വെക്കാനോ വിൽക്കാനോ സാധിക്കുന്നു. ഇവയ്ക്ക് പ്രത്യേക സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല തുടങ്ങിയ ധാരാളം നേട്ടങ്ങൾ ഇവയ്ക്കുണ്ട്.
അതേസമയം, പണിക്കൂലി, ജി.എസ്.ടി പോലുള്ള ഉയർന്ന ചെലവ്, സുരക്ഷ പ്രശ്നങ്ങൾ ഇവയെല്ലാം പോരായ്മകളാണ്. ലോക്കറിൽ സൂക്ഷിക്കാനും ചെലവുണ്ട്. കൂടാതെ പണിക്കൂലിയും തേയ്മാനവും കാരണം സ്വർണം വിൽക്കുമ്പോൾ വാങ്ങാൻ ചെലവായ മുഴുവൻ തുകയും ലഭിക്കില്ല. അതിനാൽ
ഉത്സവങ്ങൾക്ക് ആഭരണങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവർക്കും, അല്ലെങ്കിൽ ദീർഘകാല നിക്ഷേപം എന്നതിലുപരി ഒരു ആഭരണം എന്ന നിലയിൽ സ്വർണ്ണത്തെ കാണുന്നവർക്കും ഇത് തിരഞ്ഞെടുക്കാം.
ALSO READ: മൂന്ന് മാസത്തിനുള്ളിൽ സ്വർണവില 1.2 ലക്ഷം കടക്കും? അറിയേണ്ടതെല്ലാം
ഡിജിറ്റൽ സ്വർണ്ണം
ആഭരണങ്ങളായി ആവശ്യമില്ലാത്ത, ദീർഘകാല നിക്ഷേപം മാത്രം ലക്ഷ്യമിടുന്നവർക്ക് സോവറിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് ഇ.ടി.എഫ് തുടങ്ങിയ മാർഗ്ഗങ്ങൾ മികച്ചതാണ്. ഇവിടെ പണിക്കൂലിയോ ജി.എസ്.ടി.യോ ബാധകമല്ലാത്തതിനാൽ കൂടുതൽ ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. സോവറിൻ ഗോൾഡ് ബോണ്ടിൽ സ്വർണ്ണവില കൂടുന്നതിനൊപ്പം പ്രതിവർഷം 2.5% പലിശ ലഭിക്കും. കൂടാതെ, 8 വർഷത്തിന് ശേഷം വിൽക്കുമ്പോൾ മൂലധന നേട്ടത്തിന് നികുതിയില്ല.
അതുപോലെ, ഗോൾഡ് ഇ.ടി.എഫുകളും മ്യൂച്വൽ ഫണ്ട് പോലെ ഓഹരി വിപണി വഴി വാങ്ങാൻ കഴിയുന്ന നിക്ഷേപമാണ്. തത്സമയ സ്വർണ്ണവിലയ്ക്ക് വാങ്ങാനും വിൽക്കാനും സാധിക്കുന്നു. 1 ഗ്രാം സ്വർണ്ണത്തിന്റെ ഗുണിതങ്ങളായി വാങ്ങാം. എന്നാൽ വാങ്ങുമ്പോൾ ചെറിയ കമ്മീഷൻ നൽകേണ്ടിവരും. ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ ഡിമാറ്റ് അക്കൗണ്ട് ഇല്ലാതെ തന്നെ എളുപ്പത്തിൽ നിക്ഷേപിക്കാം.