Buying vs renting home: വീട് വാങ്ങുന്നതാണോ വാടകയ്ക്ക് എടുക്കുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം…
Buying vs renting home: വീട് വാടകയ്ക്കെടുക്കുന്നത്, ജോലിക്കും മറ്റ് സാഹചര്യത്തിനുമനുസരിച്ച് മറ്റിടങ്ങളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം നൽകുന്നു. അതേസമയം ഒരു വീട് സ്വന്തമാക്കുന്നത് സുരക്ഷ നൽകുന്നുണ്ട്.

പ്രതീകാത്മക ചിത്രം
വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പണം വലിയൊാരു ചോദ്യ ചിഹ്നമാകുമ്പോൾ വീട് വാങ്ങുന്നതാണോ വാടകയ്ക്ക് എടുക്കുന്നതാണോ ലാഭകരം എന്ന സംശയം എല്ലാവർക്കുമുണ്ട്. ബാങ്ക് ലോൺ എടുത്ത് അതുവരെയുള്ള സമ്പാദ്യം മുഴുവനും ചെലവാക്കി വീട് വാങ്ങുന്നവരുമുണ്ട്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ലാഭകരമേതാണെന്ന് പരിശോധിക്കാം….
ഇന്നത്തെ കാലത്ത് വീട് വാടകയ്ക്കെടുക്കുന്നത്, ജോലിക്കും മറ്റ് സാഹചര്യത്തിനുമനുസരിച്ച് മറ്റിടങ്ങളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം നൽകുന്നു. അതേസമയം ഒരു വീട് സ്വന്തമാക്കുന്നത് സുരക്ഷ നൽകുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞത് 7 മുതൽ 10 വർഷം വരെ ആ നഗരത്തിലോ വീട്ടിലോ താമസിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ മാത്രം ഒരു വീട് വാങ്ങുക എന്ന് സാമ്പത്തിക വിദഗ്ധൻ സിഎ കൗശിക് പറയുന്നു.
അതുപോലെ ഇഎംഎ നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ 25-30 ശതമാനത്തിൽ കൂടുതലാകുന്നില്ലെന്ന് ഉറപ്പാക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ വീട് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ശക്തമായ ഒരു അടിയന്തര ഫണ്ട് സ്ഥാപിക്കേണ്ടതും അനിവാര്യമാണ്.
വീടു വാങ്ങുന്നതിനുള്ള ചെലവും വായ്പാ തുകയും താരതമ്യം ചെയ്യുമ്പോൾ ഭവന വായ്പാ തിരിച്ചടവുകൾ വളരെ ഉയര്‍ന്നതാണെങ്കിൽ വീടു വാടകയ്ക്ക് എടുക്കുന്നതാണ് ഉചിതം. സ്വന്തമായി ഒരു വീട് വാങ്ങുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ ശരിയായ കണക്കുകൂട്ടലുകളില്ലാതെ തെറ്റായ സമയത്ത് എടുക്കുന്ന തീരുമാനം നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക ക്ഷേമത്തെ ഗുരുതരമായി ബാധിച്ചേക്കും.
അതേസമയം, സ്വന്തമായി വീട് വാങ്ങുന്നതിന്റെ നല്ലവശങ്ങൾ ഷാദി ഡോട്ട് കോം (Shaadi.com) സ്ഥാപകനായ അനുപം മിത്തൽ ചൂണ്ടിക്കാട്ടുന്നു. വീട് വാടകയ്ക്ക് എടുത്താൽ കാലം കൂടുന്തോറും വാടക വർദ്ധിച്ചുകൊണ്ടിരിക്കും. എന്നാൽ നിങ്ങൾ ഒരു വീട് വാങ്ങിക്കഴിഞ്ഞാൽ നിങ്ങളുടെ ഇഎംഐ ഏകദേശം സ്ഥിരമായി നിൽക്കുകയും കാലക്രമേണ വസ്തുവിന്റെ മൂല്യം വർദ്ധിക്കുകയും ചെയ്യുന്നു.
സ്വന്തമായി ഒരു വീട് വാങ്ങുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഒരു ആസ്തി കെട്ടിപ്പടുക്കാൻ സാധിക്കുന്നു. നിങ്ങൾക്ക് സ്ഥിരമായി ഒരിടത്ത് താമസിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ, ഒരു വീട് വാങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടെങ്കിൽ സ്വന്തമായി ഒരു വീട് വാങ്ങുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറയുന്നു.