Kerala Gold Price: വീണ്ടും ‘പൊന്‍മല’ കയറ്റം, സ്വര്‍ണവില ഠപ്പേന്ന് മുകളിലേക്ക്; ആശ്വാസക്കാലം കഴിഞ്ഞു?
Kerala Gold Price Today 24-10-2025: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. നാല് ദിവസത്തെ വിലയിടിവിന് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വില വീണ്ടും കൂടിയത്. ഇന്ന് ഒരു പവനും, ഒരു ഗ്രാമിനും എത്ര രൂപയാണെന്ന് വിശദമായി നോക്കാം

സ്വര്‍ണവില
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. ഇന്ന് 92,000 രൂപയാണ് പവന് നിരക്ക്. 91,720 രൂപയായിരുന്നു മുന്‍നിരക്ക്. 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,500 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 21ന് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയിരുന്നു. അന്ന് 97,360 രൂപയായിരുന്നു ഒരു പവന്റെ വില. തുടര്‍ന്ന് നാല് ദിവസങ്ങളായി നിരക്ക് ക്രമേണ കുറഞ്ഞുവരികയായിരുന്നു. 21-95,760, 22ന് രാവിലെ-93,280, 22ന് ഉച്ചയ്ക്ക്-92,320, 23-91,720 എന്നിങ്ങനെയാണ് നിരക്ക് കുറഞ്ഞത്. എന്നാല്‍ ഇന്ന് നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നതിന്റെ സൂചനയാണോ എന്നാണ് ആശങ്ക.
ഗോള്‍ഡ് ഇടിഎഫിലെ ലാഭമെടുപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വില ഇടിവിന് സഹായിച്ചത്. ഇതിനൊപ്പം ഡോളര്‍ നേരിട്ട തകര്‍ച്ചയും ഗുണമായി. യുഎസ്-ചൈന വ്യാപാര സംഘര്‍ഷത്തിന് അയവ് വരുമെന്ന സൂചനകളും ഗുണകരമാണ്. മലേഷ്യയില്‍ വച്ച് ഇരുരാജ്യങ്ങളും വ്യാപാര ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ വൈസ് പ്രീമിയര്‍ ഹെ ലൈഫങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് മുതല്‍ 27 വരെ മലേഷ്യ സന്ദര്‍ശിക്കുന്നുണ്ട്.
ഈ സന്ദര്‍ശനത്തില്‍ സാമ്പത്തിക, വ്യാപാര ചര്‍ച്ചകള്‍ നടത്തുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈ ചര്‍ച്ചയില്‍ സമവായമായാല്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞേക്കും.സമവായമായില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും.
Also Read: Gold: വിപണിയിൽ മാത്രമല്ല, ഗൂഗിളിലും സ്വർണം തന്നെ താരം; നാട്ടുക്കാർക്ക് അറിയേണ്ടത് ഈയൊരു കാര്യം!
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ സ്വര്‍ണവിലയ്ക്ക് എപ്പോഴും കുതിപ്പ് പകരുന്ന ഘടകമാണ്. ഗാസയിലെ സംഘര്‍ഷവും, റഷ്യ-യുക്രൈന്‍ പോരുമാണ് സമീപകാലങ്ങളില്‍ സ്വര്‍ണവില വര്‍ധനവിന് കരുത്ത് പകര്‍ന്നത്. ഇതില്‍ ഗാസയിലെ സംഘര്‍ഷത്തിന് അയവ് വന്നത് ആശ്വാസകരമാണ്. എന്നാല്‍ റഷ്യ-യുക്രൈന്‍ പോര് കരുത്ത് പ്രാപിക്കുന്നത് വെല്ലുവിളിയാണ്. യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രതീക്ഷിക്കുന്നതുപോലെ അടിസ്ഥാന പലിശനിരക്ക് കുറച്ചാല്‍ സ്വര്‍ണവില പിടിവിട്ട് ഉയരുമെന്ന് ഉറപ്പാണ്.