DA Hike: ക്ഷാമബത്ത വർദ്ധിക്കും, ശമ്പള കമ്മീഷന് മുമ്പ് ജീവനക്കാർക്ക് മറ്റൊരു സന്തോഷം!
DA Hike for Kerala Govt Employees: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ബജറ്റിന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് നിലവിലെ സൂചന. ശമ്പള പരിഷ്കരണത്തോടൊപ്പം പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള തീരുമാനങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബറിലെ ദേശീയ വിലസൂചിക അനുസരിച്ച് ജനുവരി മാസത്തിൽ രണ്ട് ശതമാനം ഡിഎ കൂടി വർദ്ധിച്ചേക്കുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമേറുന്നുണ്ട്.
രണ്ട് ശതമാനം വർദ്ധിപ്പിക്കുന്നതോടെ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത 37 ശതമാനമായി വർദ്ധിക്കും. എന്നാൽ ഇതിൽ ഇരുപത്തിരണ്ട് ശതമാനം മാത്രമായിരിക്കും നൽകുന്നത്. കുടിശ്ശിക പതിനഞ്ച് ശതമാനം ആയി വർദ്ധിക്കും. രണ്ട് ഗഡു കുടിശ്ശിക ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ അനുവദിച്ചേക്കും. 2023 ജൂലായ്, 2024 ജനുവരി മാസങ്ങളിലെ ക്ഷാമബത്തയായിരിക്കും അനുവദിക്കുക.
അതേസമയം, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ബജറ്റിന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് നിലവിലെ സൂചന. മാര്‍ച്ച് മുതല്‍ പരിഷ്‌കരിച്ച ശമ്പളം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍. ശമ്പള പരിഷ്കരണത്തോടൊപ്പം പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള തീരുമാനങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കും.
പ്രത്യേക കമ്മിഷന് പകരം സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും ശമ്പള പരിഷ്കരണം, സമിതി തയ്യാറാക്കിയ പുതിയ ഫോർമുല പ്രകാരം ഇത്തവണ 38 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് എന്ന രീതിയിലായിരിക്കും പുതിയ ശമ്പള നിർണ്ണയം. ഇതുപ്രകാരം സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും.