Forbes India Rich List: രാജ്യത്തെ അതി സമ്പന്നൻ മുകേഷ് അംബാനി തന്നെ, തൊട്ടുപിറകെ അദാനി, മലയാളികളിൽ യൂസഫലി
Forbes India rich list 2025: ഇന്ത്യയിലെ 100 അതിസമ്പന്നരുടെ മൊത്തം ആസ്തിയിൽ 9% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ബെഞ്ച്മാർക്ക് സെൻസെക്‌സിലെ 3% ഇടിവുമാണ് ഈ കുറവിന് പ്രധാന കാരണം.
ഫോബ്‌സ് മാഗസിൻ്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. പട്ടികയിലെ ഏക ശതകോടീശ്വരാണ് അദ്ദേഹം. ആകെ ആസ്തി 105 ബില്യൺ ഡോളറാണ്.
ഗൗതം അദാനിയും കുടുംബവും – 92 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനം നിലനിർത്തി. 2023-ലെ ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ചയ്ക്ക് ശേഷം അദ്ദേഹത്തിന് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് സെപ്റ്റംബറിൽ ഇന്ത്യൻ മാർക്കറ്റ് റെഗുലേറ്ററിൽ നിന്നുണ്ടായത്.
ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ ആണ് 40.2 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്ത്. അവരുടെ ആസ്തിയിൽ 3.5 ബില്യൺ ഡോളറിൻ്റെ കുറവുണ്ടായിട്ടുണ്ട്. സുനിൽ മിത്തൽ ആണ് 34.2 ബില്യൺ ഡോളറുമായി നാലാം സ്ഥാനത്ത്. 2008-ന് ശേഷം ആദ്യമായാണ് അദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്. മുൻ റാങ്കിംഗിൽ നാലാമനായിരുന്ന ശിവ് നാടാർ 33.2 ബില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ALSO READ: ജീവനക്കാർക്ക് ഇത് ബോണസ് കാലം; ദീപാവലി അടിച്ചുപൊളിക്കാം, തുക ഇങ്ങനെ…
മലയാളികളിൽ
മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഏറ്റവും മുന്നിൽ. പട്ടികയിൽ 49-ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 5.85 ബില്യൻ ഡോളർ ആണ്. അതേസമയം, കുടുംബങ്ങളെയും പരിഗണിച്ചാൽ ഒന്നാമത് 23-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്. 10.4 ബില്യൺ ആസ്തിയാണ് അവർക്കുള്ളത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് 5.3 ബില്യൻ ഡോളറുമായി 54-ാം സ്ഥാനത്തും ആർ.പി ഗ്രൂപ്പ് മേധാവി രവി പിള്ള 4.1 ബില്യനുമായി 73-ാം സ്ഥാനത്തുമുണ്ട്.
ഇന്ത്യയിലെ സമ്പന്നരുടെ മൊത്തം ആസ്തിയിൽ ഇടിവ്
ഇന്ത്യയിലെ 100 അതിസമ്പന്നരുടെ മൊത്തം ആസ്തി 2025-ൽ 9% കുറഞ്ഞ് 1 ട്രില്യൺ ഡോളറായി (100 ബില്യൺ ഡോളറിൻ്റെ കുറവ്). രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ബെഞ്ച്മാർക്ക് സെൻസെക്‌സിലെ 3% ഇടിവുമാണ് ഈ കുറവിന് പ്രധാന കാരണം. പട്ടികയിൽ ഉൾപ്പെട്ടവരിൽ മൂന്നിൽ രണ്ട് പേർക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആസ്തി കുറഞ്ഞു. മുകേഷ് അംബാനിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.