Kerala Gold Rate: ഇനി താഴോട്ടില്ല ഞാന്‍; സ്വര്‍ണവില വീണ്ടും ഉയരത്തില്‍, വെള്ളിക്കും ഡിമാന്‍ഡ്
December 13 Saturday Gold and Silver Rate in Kerala: കേരളത്തില്‍ നിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപയോളം വില നല്‍കണം. ഒന്നരലക്ഷം കൊടുത്ത് ഒരു പവന്‍ വാങ്ങിക്കുന്നതിലും ഭേദം ആ പണം ബാങ്കില്‍ ഇട്ടാല്‍ പോരേ എന്നാണ് പലരും ചോദിക്കുന്നത്.
പെണ്ണായാല്‍ പൊന്ന് വേണം…ഈ പരസ്യമൊക്കെ ഇപ്പൊ എവിടാണോ എന്തോ. പെണ്ണായാല്‍ പൊന്നും വേണ്ട, പൊന്നിന്‍കുടമാകുകയും വേണ്ടെന്ന് മലയാളികള്‍ പറഞ്ഞ് കഴിഞ്ഞു. സ്വര്‍ണവില അങ്ങനെ ചരിത്ര കുതിപ്പ് തുടരുകയാണ്. 1 ലക്ഷം സ്വര്‍ണത്തിനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും, ഇത്ര പെട്ടെന്ന് അത് യാഥാര്‍ത്ഥ്യമാകുമെന്ന് ആരും കരുതിയില്ല.
കേരളത്തില്‍ നിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപയോളം വില നല്‍കണം. ഒന്നരലക്ഷം കൊടുത്ത് ഒരു പവന്‍ വാങ്ങിക്കുന്നതിലും ഭേദം ആ പണം ബാങ്കില്‍ ഇട്ടാല്‍ പോരേ എന്നാണ് പലരും ചോദിക്കുന്നത്. പണത്തിന് സ്വര്‍ണത്തിന്റെ പവര്‍ നല്‍കാന്‍ കഴിയില്ലല്ലോ എന്ന് അഭിപ്രായപ്പെടുന്നവരും ധാരാളം.
എന്തായാലും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ചങ്കില്‍ തീമഴ പെയ്യിച്ചാണ് കഴിഞ്ഞ ദിവസം, അതായത് ഡിസംബര്‍ 12 വെള്ളിയാഴ്ച സ്വര്‍ണവില എത്തിയത്. മൂന്ന് തവണ വര്‍ധിച്ച വില നടന്നുകയറിയത് ചരിത്ര നിരക്കിലേക്ക്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ചരിത്ര നിരക്കെന്ന പ്രയോഗം ഇന്നല്‍പ്പം അഭംഗി ഉണ്ടാക്കുന്നുണ്ട്. കാരണം, സ്വര്‍ണം ഇപ്പോള്‍ എല്ലാ ദിവസവും ചരിത്ര നിരക്കിലാണല്ലോ?




കഴിഞ്ഞ ദിവസം രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,160 രൂപയും ഒരു പവന് 97,280 രൂപയുമായിരുന്നു വില. എന്നാല്‍ ഉച്ചയായപ്പോഴേക്ക് ആ നിരക്കില്‍ ചെറിയൊരു വര്‍ധനവ് സംഭവിച്ചു. 97,680 എന്ന നിരക്കിലേക്കായിരുന്നു സ്വര്‍ണം ഉയര്‍ന്നത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും കഥയാകെ മാറി, സ്വര്‍ണം 98 ലേക്ക് ഒറ്റഓട്ടമായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമായി വില.
വില വര്‍ധനവിന് കാരണം
ഇപ്പോഴുണ്ടാകുന്ന വില വര്‍ധനവിന് പ്രധാന കാരണം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കലാണ്. 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറച്ചതോടെ യുഎസ് ഡോളറിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. പലിശ നിരക്കിലുള്ള കുറവും ഡോളറിന്റെ ഇടിവും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുന്നതാണ് വില വര്‍ധനവിന് വഴിവെക്കുന്നത്.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ അല്‍പം ആശ്വാസമുണ്ട്. 200 രൂപ കുറച്ച് ഒരു പവന്‍ സ്വര്‍ണം 98,200 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 12,275 രൂപയാണ് ഇന്നത്തെ വില, ഗ്രാമില്‍ 25 രൂപയാണ് കുറഞ്ഞത്.