AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bata Success Story: ദരിദ്രബാലന്റെ സ്വപ്നം, ഇന്ത്യക്കാരുടെ വികാരമായ ബ്രാന്‍ഡ്; ‘ബാറ്റ’ നടന്നുകയറിയ വഴികൾ

Bata Success Story: ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ബാറ്റയുടെ വേരുകള്‍ സ്വിറ്റസര്‍ലന്‍ഡിലാണ്. ഷൂ എന്നാൽ ബാറ്റ എന്ന് പറയുംതരത്തിൽ വളർന്ന ലോകത്തിലെ ഏറ്റവും വലിയ പാദരക്ഷ കമ്പനിയുടെ കഥ അറിയാം....

Bata Success Story: ദരിദ്രബാലന്റെ സ്വപ്നം, ഇന്ത്യക്കാരുടെ വികാരമായ ബ്രാന്‍ഡ്; ‘ബാറ്റ’ നടന്നുകയറിയ വഴികൾ
BataImage Credit source: social media
nithya
Nithya Vinu | Published: 08 Dec 2025 14:54 PM

ചെരുപ്പുകൾ നിർമിച്ച് ഉപജീവനം കഴിച്ചിരുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ സ്വപ്നം… സാമ്പത്തിക മാന്ദ്യം, യുദ്ധവും വെല്ലുവിളി ഉയർത്തിയെങ്കിലും വ്യത്യസ്തമായ തന്ത്രങ്ങളിലൂടെ തകരാതെ പിടിച്ചുനിന്നു… ചെറിയരീതിയിൽ ആരംഭിച്ച് വർഷങ്ങൾക്കിപ്പുറം ഷൂ എന്നാൽ ബാറ്റ എന്ന് പറയുംതരത്തിൽ വളർന്ന ലോകത്തിലെ ഏറ്റവും വലിയ പാദരക്ഷ കമ്പനിയുടെ കഥ അറിയാം….

 

ബാറ്റ കമ്പനിയുടെ പിറവി

 

ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ബാറ്റയുടെ വേരുകള്‍ സ്വിറ്റസര്‍ലന്‍ഡിലാണ്.  1894ലാണ് തോമസ് ബാറ്റയും സഹോ​ദരൻ അന്റോണിന്‍ ബാറ്റയും സഹോദരി അന്ന ബറ്റോവയും ചേർന്ന് ചെരുപ്പ് നിർമാണ കമ്പനി ആരംഭിക്കുന്നത്. ടി. & എ. ബാറ്റ ഷൂ കമ്പനി എന്നായിരുന്നു ആദ്യ പേര്. തലമുറകളായിട്ട് ചെരുപ്പ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ പരിസരപ്രദേശങ്ങളിൽ അവരുടെ ചെരുപ്പുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഈ സാഹചര്യമാണ് കമ്പനി തുടങ്ങാനുള്ള തോമസ് ബാറ്റയുടെ തീരുമാനത്തിന് പിന്നിൽ.

കമ്പനി ആരംഭിച്ച് ആദ്യനാളുകളിൽ നല്ലരീതിയിൽ തന്നെ കമ്പനി മുന്നോട്ട് പോയി. എന്നാൽ കമ്പനി മറ്റിടങ്ങളിൽ വ്യാപിപിക്കാൻ തീരുമാനിച്ചപ്പോഴാണ് ആദ്യമായി വെല്ലുവിളി നേരിട്ടത്. ലോകവിപണിയിൽ ലെതറിന്റെ ലഭ്യത വളരെയധികം കുറഞ്ഞു. അതുകൊണ്ട് തന്നെ ലഭ്യമായ ലെതറിന്റെ വിലയും ഉയർന്നു. അതുകൊണ്ട് തന്നെ വലിയ വിലയ്ക്ക് ലെതറുകൾ വാങ്ങിച്ച് പഴയ വിലയ്ക്ക് ചെരുപ്പുകൾ വിൽക്കാൻ കഴിയില്ല. ഇത് വിപണികളിൽ ചെരുപ്പുകളുടെ വില വർദ്ധനവിന് കാരണമായി.

 

ബാറ്റയും ക്യാൻവാസ് ഷൂസും

 

ലെതറിന്റെ പ്രതിസന്ധി ബാറ്റയെയും ബാധിച്ചു. എന്നാൽ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കാൻ ബാറ്റയ്ക്ക് കഴിഞ്ഞു. ലെതറിന്റെ ലഭ്യത കുറ‍ഞ്ഞാൽ ലെതറിന്റെ ഉപയോ​ഗം കുറച്ചുള്ള ഷൂസുകൾ നിർമിക്കണമെന്ന ചിന്ത അവർക്കിടയിൽ വന്നു. അങ്ങനെ കൂടുതൽ ക്യാൻവാസ് ഷൂസുകൾ നിർമ്മിക്കാൻ തുടങ്ങി. വളരെ കുറഞ്ഞ വിലയ്ക്ക് ക്യാൻവാസ് ഷൂസുകൾ വിപണിയിൽ എത്തിയതോടെ ജനങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങി.

ALSO READ: രക്തവും കാപ്പിയും തമ്മിൽ എന്ത് ബന്ധം? ലോഗോയിലും രഹസ്യം ഒളിപ്പിച്ച സ്റ്റാർബക്ക്സ് തരും ഉത്തരം!

എന്നാൽ ബാറ്റ ചെരുപ്പുകളുടെ ഡിമാൻഡ് വർദ്ധിച്ചെങ്കിലും അതിനനുസരിച്ച് സപ്ലൈ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. യന്ത്രങ്ങൾ ഉപയോ​ഗിച്ച് കൊണ്ടുള്ള നിർമാണ രീതിയിലേക്ക് ആ സമയത്ത് ബാറ്റ കടന്നിരുന്നില്ല. സപ്ലൈയിൽ നേരിട്ട പ്രതിസന്ധി യന്ത്രങ്ങളുപയോ​ഗിച്ച് കൊണ്ടുള്ള നിർമാണ രീതി നടപ്പിലാക്കാൻ വഴിയൊരുക്കി. അങ്ങനെ തോമസ് ബാറ്റയും അദ്ദേഹത്തിന്റെ കുറച്ച് തൊഴിലാളികളും ചേർന്ന് അമേരിക്കയിൽ ചെല്ലുകയും യന്ത്രങ്ങളുടെ പ്രവർത്തന രീതി വിശദമായി പഠിക്കുകയും ചെയ്തു.

 

വെല്ലുവിളികളും പോരാട്ടങ്ങളും

 

ബാറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ലോക മഹായുദ്ധം. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകരാഷ്ട്രങ്ങളെല്ലാം അവരുടെ സൈനികർക്ക് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ബാറ്റയ്ക്കും സൈനികർക്ക് വേണ്ടിയുള്ള ഷൂസ് നിർമിക്കുന്നതിനായി നിരവധി ഓർഡറുകൾ‌ ലഭിച്ചു.

1920കളുടെ മധ്യത്തോട് കൂടി ലോകം സാമ്പത്തിക മാന്ദ്യം നേരിടുകയും വില വർദ്ധനവ് രൂക്ഷമാവുകയും ചെയ്തു. ചെരുപ്പുകളുടെ വില ഉയരുകയും വിൽപ്പന കുത്തനെ ഇടിയുകയും ചെയ്തു. ബാറ്റയും ഈ പ്രതിസന്ധി നേരിട്ടു. ചെരുപ്പുകളുടെ വില കുറയ്ക്കുക എന്നതായിരുന്നു ഒരേയൊരു വഴി. അങ്ങനെ ബാറ്റ തങ്ങളുടെ എല്ലാ ചെരുപ്പുകളുടെയും വില അമ്പത് ശതമാനമായി വെട്ടിക്കുറച്ചു. എന്നാൽ വില കുറച്ചതോടെ തൊഴിലാളികൾക്ക് മികച്ച വേതനം നൽകാൻ കഴിയാതെയായി. തുടർന്ന് ബാറ്റ തൊഴിലാളികളുടെ വേതനം നാൽപത് ശതമാനം വെട്ടിക്കുറച്ചു. എന്നാൽ കമ്പനിയുടെ അവസ്ഥ മനസിലാക്കിയ തൊഴിലാളികൾ‌‌ ബാറ്റയ്ക്കൊപ്പം നിന്നു.

 

ബാറ്റയുടെ വളർച്ച

 

സാമ്പത്തിക മാന്ദ്യം എന്ന പ്രതിസന്ധി തൊഴിലാളികളുടെ സഹായത്തോടെ ബാറ്റ മറികടന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഫാക്ടറികൾ ആരംഭിച്ചു, വലിയ വിജയം നേടി. ലോകത്തിലെ ഏറ്റവും വലിയ ഷൂ കമ്പനി എന്ന ലേബലിലേയ്ക്ക് ബാറ്റ വളര്‍ന്നു. ഇറ്റലിയിലെ പഡോവയില്‍ ഒരു ഇന്റര്‍നാഷണല്‍ ഷൂ ഇന്നൊവേഷന്‍ സെന്റര്‍ ബാറ്റയ്ക്കുണ്ട്. ലോകമെമ്പാടും 6,000 ത്തിലധികം റീട്ടെയില്‍ സ്റ്റോറുകളും, 1,00,000 ഏറെ സ്വതന്ത്ര ഡീലര്‍മാരും, ഫ്രാഞ്ചൈസികളും കമ്പനിക്കുണ്ട്.

ALSO READ: സൂചിയിൽ നിന്ന് പിറന്ന ബുള്ളറ്റ് പ്രണയം; റോയൽ എൻഫീൽഡിന്റെ രാജകീയ യാത്രയുടെ കഥ

 

ഇന്ത്യയിലേക്കുള്ള പ്രവേശനം

 

ആഗോള ഫുട്‌വെയര്‍ കമ്പനിയായ ബാറ്റയ്ക്കു കീഴില്‍ ‘ബാറ്റ ഇന്ത്യ’ എന്ന ഉപബ്രാന്‍ഡാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.  1920-കളിൽ, തോമസ് ബാറ്റയുടെ മുതുമുത്തച്ഛൻ ഇന്ത്യ സന്ദർശിച്ചപ്പോൾ നിരവധി ആളുകൾ നഗ്നപാദനായി നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. വിപണിയുടെ അപാരമായ സാധ്യതകൾ തിരിച്ചറിഞ്ഞ ബാറ്റ 1931-ൽ ഇന്ത്യയിൽ പ്രവേശിക്കുകയും 1932-ൽ കൊൽക്കത്തയ്ക്കടുത്തുള്ള കൊന്നാർ എന്ന ചെറിയ ഗ്രാമത്തിൽ അതിന്റെ ആദ്യത്തെ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. ബാറ്റ ഷൂ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഇത് അറിയപ്പെട്ടത്. 1973 ലാണ് ഇത് ബാറ്റ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.

ബാറ്റ ഷൂസിനുള്ള ആവശ്യം അതിവേഗം വളർന്നു, ഇത് ഫാക്ടറിയുടെ വികാസത്തിനും പിന്നീട് ബറ്റാനഗർ എന്ന് പേരിട്ട ഒരു ടൗൺഷിപ്പിന്റെ രൂപീകരണത്തിനും കാരണമായി. ഈ ടൗൺഷിപ്പ് ബാറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ISO 9001-സർട്ടിഫൈഡ് പ്ലാന്റിന്റെ ആസ്ഥാനമായി മാറി.

ഇന്ന്  നാം അറിഞ്ഞും, അറിയാതെയും ഉപയോഗിക്കന്നതായ പല ബ്രാന്‍ഡുകള്‍ ബാറ്റയുടേത് ആണ്. പവര്‍, നോര്‍ത്ത് സ്റ്റാര്‍, ബബിള്‍ഗമ്മേഴ്സ്, വെയ്ന്‍ബ്രെന്നര്‍, മേരി ക്ലെയര്‍, കോംഫിറ്റ്, ബാറ്റ ഇന്‍ഡസ്ട്രിയല്‍സ്, ടഫിസ് എന്നിങ്ങനെ നീളുന്നു ഈ ബാറ്റയുടെ കുടുംബം.