Cibil Score Rules: ആദ്യമായി ലോൺ എടുക്കുന്നവരാണോ? പുതിയ സിബിൽ സ്കോർ നിയമങ്ങൾ അറിഞ്ഞിരിക്കാം
CIBIL Rules in 2025: പുതിയ നിയമമനുസരിച്ച്, ക്രെഡിറ്റ് സ്കോറിലെ കുറവ് കാരണം ഒരു വ്യക്തിയുടെ ലോൺ അപേക്ഷയോ ക്രെഡിറ്റ് കാർഡ് അപേക്ഷയോ നിരസിക്കപ്പെടുകയാണെങ്കിൽ, അതിന്റെ കൃത്യമായ കാരണം വായ്പ നൽകുന്ന സ്ഥാപനം അപേക്ഷകനെ നിർബന്ധമായും അറിയിച്ചിരിക്കണം.

Cibil Score
മികച്ച സിബിൽ സ്കോർ ഇല്ലാതെ ലോണോ ക്രെഡിറ്റ് കാർഡോ കിട്ടുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പുതിയ സിബിൽ നിയമങ്ങൾ ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നുണ്ട്. പുതിയ നിയമപ്രകാരം ബാങ്കുകൾക്കും വായ്പ നൽകുന്നവർക്കും ക്രെഡിറ്റ് സ്കോറുകളെ മാത്രം ആശ്രയിക്കാതെ വായ്പക്കാരുടെ വരുമാന രേഖകൾ, വാടക, യൂട്ടിലിറ്റി പേയ്‌മെന്റുകൾ, ബാങ്ക് പ്രവർത്തനം തുടങ്ങിയ ഇതര സാമ്പത്തിക ഡാറ്റ ഉൾപ്പെടുത്താവുന്നതാണ്.
പ്രധാന മാറ്റങ്ങളും നേട്ടങ്ങളും
സ്കോർ അപ്‌ഡേറ്റുകൾ
ഇതുവരെ ക്രെഡിറ്റ് സ്കോർ പ്രതിമാസമാണ് അപ്‌ഡേറ്റ് ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച്, ഓരോ 15 ദിവസം കൂടുമ്പോഴും നിങ്ങളുടെ സിബിൽ സ്കോർ പുതുക്കി നൽകാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.
നിങ്ങൾ കൃത്യസമയത്ത് തിരിച്ചടവ് നടത്തുകയോ, റിപ്പോർട്ടിലെ തെറ്റുകൾ തിരുത്തുകയോ ചെയ്താൽ, അതിന്റെ പോസിറ്റീവായ മാറ്റങ്ങൾ നിങ്ങളുടെ സ്കോറിൽ വളരെ വേഗത്തിൽ പ്രതിഫലിക്കുകയും വായ്പാ ലഭ്യത എളുപ്പമാക്കുകയും ചെയ്യും.
വായ്പ നിരസിച്ചാൽ കാരണം അറിയിക്കണം
ക്രെഡിറ്റ് സ്കോറിലെ കുറവ് കാരണം ഒരു വ്യക്തിയുടെ ലോൺ അപേക്ഷയോ ക്രെഡിറ്റ് കാർഡ് അപേക്ഷയോ നിരസിക്കപ്പെടുകയാണെങ്കിൽ, അതിന്റെ കൃത്യമായ കാരണം വായ്പ നൽകുന്ന സ്ഥാപനം അപേക്ഷകനെ നിർബന്ധമായും അറിയിച്ചിരിക്കണം.
ഇതിലൂടെ എന്തുകൊണ്ട് അപേക്ഷ നിരസിച്ചു എന്ന് മനസ്സിലാക്കാനും, സ്കോർ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉപഭോക്താക്കൾക്ക് കഴിയും.
ALSO READ: വിരമിച്ച സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ? സത്യം ഇതാ…
തെറ്റുകൾ തിരുത്താൻ സമയം
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും പിശകുകൾ ശ്രദ്ധയിൽപ്പെട്ടാൽ, വായ്പാ ദാതാവിന് അപേക്ഷയുമായി മുന്നോട്ട് പോകുന്നതിനുമുമ്പ് ആ തെറ്റ് തിരുത്തുന്നതിനായി നിങ്ങൾക്ക് 30 ദിവസത്തെ സമയം ലഭിക്കും.
ആദ്യമായി വായ്പയെടുക്കുന്നവർക്ക്
മെച്ചമായ ക്രെഡിറ്റ് ചരിത്രം ഇല്ലാത്തതിനാൽ ആദ്യമായി വായ്പയെടുക്കുന്ന പലരുടെയും അപേക്ഷകൾ യാന്ത്രികമായി നിരസിക്കപ്പെടാറുണ്ട്. പുതിയ നിയമം അനുസരിച്ച്, പരമ്പരാഗത സിബിൽ സ്കോറിന് പുറമെ ഡിജിറ്റൽ പേയ്മെന്റ് രേഖകൾ, ശമ്പള ക്രെഡിറ്റുകൾ, യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ തുടങ്ങിയ ഇതര വിവര സ്രോതസ്സുകൾ ഉപയോഗിച്ച് വായ്പാ അപേക്ഷകൾ വിലയിരുത്താൻ ബാങ്കുകൾക്ക് കഴിയും.
ക്രെഡിറ്റ് അലേർട്ടുകൾ
ഒരു വായ്പാ ദാതാവ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുമ്പോഴെല്ലാം നിങ്ങൾക്ക് എസ്എംഎസ്/ഇമെയിൽ അലേർട്ടുകൾ ലഭിക്കും. ഇത് വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാനും, നിങ്ങളുടെ സാമ്പത്തിക വിവരങ്ങളുടെ മേൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാനും സഹായിക്കുന്നു.
സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട്
ഓരോ ക്രെഡിറ്റ് ബ്യൂറോയിൽ നിന്നും (സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ് തുടങ്ങിയവ) വർഷത്തിൽ ഒരു തവണ നിങ്ങളുടെ പൂർണ്ണമായ ക്രെഡിറ്റ് റിപ്പോർട്ട് സൗജന്യമായി ലഭിക്കാൻ എല്ലാ ഉപഭോക്താക്കൾക്കും അവകാശം നൽകുന്നു.