Old Gold Selling: പഴയ സ്വർണം വിറ്റാൽ എത്ര കിട്ടും? തുക കണക്കാക്കുന്നത് ഇങ്ങനെ….
Old Gold Selling: സ്വർണം വിൽക്കാൻ പോകുന്ന ദിവസത്തെ സ്വർണവിലയും നിർണായകമാണ്. വില കൂടുമ്പോൾ സ്വർണം വിറ്റാൽ കൂടുതൽ തുക ലഭിക്കും.
സ്വർണം ഇല്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിച്ചിരുന്ന മലയാളികൾ സ്വർണം ഇനി എങ്ങനെ എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കുതിച്ചുയരുന്ന സ്വർണവില തന്നെ മുഖ്യകാരണം. ഇന്ന് ഒരു പവൻ സ്വർണത്തിന് 81,040 രൂപയാണ് വില. ഒരു ഗ്രാം വാങ്ങിക്കണമെങ്കിൽ 10,130 രൂപയും ചെലവാകും. കൂടാതെ പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേരുമ്പോൾ പോക്കറ്റ് കാലിയാകുമെന്നതിൽ സംശയമില്ല.
എന്നാൽ വിപണിയിൽ തക്കത്തിന്റെ ലഭ്യത കുറഞ്ഞതോടെ പഴയ സ്വർണത്തിന് ഡിമാൻഡ് കൂടുകയാണ്. പഴയ പൊന്ന് വിറ്റാൽ എത്ര രൂപ കിട്ടും? അതിന്റെ യഥാർത്ഥ മൂല്യം ലഭിക്കുമോ? എന്നീ സംശയങ്ങളും നിങ്ങൾക്ക് ഉണ്ടാകും അല്ലേ? പഴയ സ്വർണം വിൽക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ…..
സ്വർണ്ണത്തിൻ്റെ തൂക്കം, പരിശുദ്ധി എന്നിവ കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്.
കൂടുതൽ തൂക്കമുള്ളവക്ക് കൂടുതൽ വില ലഭിക്കുന്നു. 24 കാരറ്റ് സ്വർണമാണ് തൂക്കത്തിൽ ഏറ്റവും ശുദ്ധമായത്, ഇതിന് പുറമെ 22 കാരറ്റ്, 18, കാരറ്റ് എന്നിവയെല്ലാം വിപണിയിലുണ്ട്. ജ്വലറികൾ, സ്വർണ്ണ വ്യാപാരികൾ, സ്വർണ്ണം വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് വിലയിൽ വ്യത്യാസം ഉണ്ടാകാം. ജിഎസ്ടി, പണിക്കൂലി മുതലായവും വിലയെ ബാധിക്കും.
സ്വർണം വിൽക്കാൻ പോകുന്ന ദിവസത്തെ സ്വർണവിലയും നിർണായകമാണ്. വില കൂടുമ്പോൾ സ്വർണം വിറ്റാൽ കൂടുതൽ തുക ലഭിക്കും. സ്വർണം വിൽക്കുന്ന സ്ഥലവും വിലയെ ബാധിക്കുന്നുണ്ട്. വാങ്ങിയ കടയിൽ തന്നെ വിൽക്കുന്നതാണ് മൂല്യം കുറയാതിരിക്കാൻ നല്ലത്. പഴയ സ്വർണം വിൽക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലെ വില താരതമ്യം ചെയ്യുക. സ്വർണം വിൽക്കുന്നതിന് മുമ്പ് അതിന്റെ തൂക്കവും കാരറ്റും പരിശോധിപ്പിക്കുക. സ്വർണം വിൽക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിക്കാനും മറക്കരുത്.