Parenthood: ഒരു കുട്ടിയെ വളർത്താൻ ചെലവ് ഒരു കോടി രൂപ! ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
parenthood Cost in India: വർധിച്ചുവരുന്ന സ്കൂൾ ഫീസുകളും, പാഠ്യേതര പ്രവർത്തനങ്ങളുടെ ചെലവും, ബ്രാൻഡുകളോടുള്ള കുട്ടികളുടെ താൽപര്യവും എല്ലാം രക്ഷകർത്താക്കൾക്ക് വെല്ലുവിളിയാണ്.
ഒരു കുട്ടിക്ക് മികച്ച വിദ്യാഭ്യാസവും ചുറ്റുപാടും നൽകി വളർത്തി വലുതാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക വെല്ലുവിളിയാണ്. ജനനം മുതൽ കോളേജ് വിദ്യാഭ്യാസം വരെ ഒരു കുട്ടിക്കായി 50 ലക്ഷം മുതൽ 1 കോടി രൂപ വരെ ചെലവ് വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർധിച്ചുവരുന്ന സ്കൂൾ ഫീസുകളും, പാഠ്യേതര പ്രവർത്തനങ്ങളുടെ ചെലവും, ബ്രാൻഡുകളോടുള്ള കുട്ടികളുടെ താൽപര്യവും എല്ലാം രക്ഷകർത്താക്കൾക്ക് വെല്ലുവിളിയാണ്.
പഠന റിപ്പോർട്ട് പറയുന്നത്…
90-കളിൽ സ്കൂൾ ഫീസ് പ്രതിമാസം ഏതാനും ചെറിയ തുക മാത്രമായിരുന്നെങ്കിൽ, ഇന്ന് പ്രീ-സ്കൂൾ പ്രവേശനത്തിന് പോലും ലക്ഷങ്ങൾ ഫീസ് നൽകേണ്ട അവസ്ഥയാണ്. നാഷണൽ സാമ്പിൾ സർവേയുടെ (NSS) കണക്കുകൾ പ്രകാരം, നഗരപ്രദേശങ്ങളിലെ 51% വിദ്യാർത്ഥികളും സ്വകാര്യ സ്കൂളുകളിലാണ് പഠിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്.
അബാക്കസ്, മെന്റൽ മാത്‍സ്, നൃത്തം, കായിക പരിശീലനം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വർഷംതോറും 1 ലക്ഷം മുതൽ 2 ലക്ഷം വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നു. മൊബൈൽ ഫോൺ, ചെരിപ്പുകൾ, വസ്ത്രങ്ങൾ, മറ്റ് ആക്സസറികൾ എന്നിവ ബ്രാൻഡഡ് ആയിരിക്കണമെന്ന കുട്ടികളുടെ വാശിയും അധിക ചെലവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ALSO READ: തൽക്ഷണ വായ്പ vs ‘ബൈ നൗ പേ ലേറ്റർ’ ; ദീപാവലിക്ക് മികച്ചതേത്?
സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള വഴികൾ
നിക്ഷേപം തുടങ്ങുക: വിദ്യാഭ്യാസച്ചെലവുകളിലെ 10% പണപ്പെരുപ്പത്തെ മറികടക്കാൻ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP) നേരത്തെ ആരംഭിക്കാവുന്നതാണ്. 12% റിട്ടേൺ ലക്ഷ്യമിടുന്ന ചൈൽഡ് സ്പെസിഫിക് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.
ഇൻഷുറൻസ്: കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ചൈൽഡ് എജ്യുക്കേഷൻ ഇൻഷുറൻസ് പ്ലാൻ എടുക്കുന്നത് നികുതിയിളവുകളോടെയുള്ള സുരക്ഷിതമായ ഒരു ഫണ്ട് ഉറപ്പാക്കുന്നു.
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന (SSY) പോലുള്ള സർക്കാർ പിന്തുണയുള്ള, നികുതിരഹിതമായ നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്തുക.
സാമ്പത്തിക സാക്ഷരത: ആവശ്യം, ആഗ്രഹം ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കുട്ടികളെ ചെറുപ്പത്തിൽത്തന്നെ പഠിപ്പിക്കുക. ഇത് അവരെ സാമ്പത്തികമായി അച്ചടക്കമുള്ളവരാക്കാൻ സഹായിക്കും.