Diwali 2025: തൽക്ഷണ വായ്പ vs ‘ബൈ നൗ പേ ലേറ്റർ’ ; ദീപാവലിക്ക് മികച്ചതേത്?
BNPL vs Instant Loans: ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി തൽക്ഷണം വായ്പ, ബൈ നൗ പേ ലേറ്റർ എന്നീ രണ്ട് ഓപ്ഷനുകളെയാണ് പലരും കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ ഇവയിൽ മികച്ചത് ഏതായിരിക്കും?
ദീപാവലി ആഘോഷത്തിന്റെ മാത്രമല്ല, ചെലവുകളുടെയും ദിനമാണ്. സമ്മാനമായും മധുരപലഹാരങ്ങളായും പടക്കങ്ങളായും വാങ്ങാൻ ഒരുപാടുണ്ട്. ഈ സമയത്ത് ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി തൽക്ഷണം വായ്പ ( ഇൻസ്റ്റന്റ് ലോണുകൾ) ബൈ നൗ പേ ലേറ്റർ (BNPL) എന്നീ രണ്ട് ഓപ്ഷനുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ ഇവയിൽ മികച്ചത് ഏതായിരിക്കും?
ബൈ നൗ പേ ലേറ്റർ
ആദ്യം വാങ്ങി പിന്നീട് പണം നൽകാനുള്ള അവസരമാണ് ബൈ നൗ പേ ലേറ്റർ നൽകുന്നത്. കൃത്യസമയത്ത് പേയ്‌മെൻ്റുകൾ നടത്തിയാൽ പല ഹ്രസ്വകാല ബിഎൻപിഎൽ പ്ലാനുകളും പലിശരഹിതമായിരിക്കും. വാങ്ങിയ തുക ചെറിയ തവണകളായി വിഭജിക്കാനുള്ള സൗകര്യം നൽകുന്നു.
എന്നാൽ, ഇവ സാധാരണയായി ചെറിയ തുകകൾക്കുള്ള വാങ്ങലുകൾക്കാണ് കൂടുതൽ അനുയോജ്യം. ഒന്നിൽ കൂടുതൽ ബിഎൻപിഎൽ ഇടപാടുകൾ ചെയ്യുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും പേയ്‌മെൻ്റുകൾ മുടങ്ങാൻ സാധ്യതയുണ്ട്.
തൽക്ഷണ വായ്പകൾ
തൽക്ഷണ വായ്പകൾ ഒരുമിച്ച് വലിയ തുക ആവശ്യമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. പണം മിനിറ്റുകൾക്കുള്ളിൽ തന്നെ കൈവശം ലഭിക്കുന്നതിനാൽ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ വളരെയധികം സഹായകരമാണ്. ഒറ്റയടിക്ക് വലിയ തുക ലഭിക്കുന്നതിനാൽ ഒറ്റയടിക്ക് വാങ്ങലുകളും നടത്താം. തിരിച്ചടവ് വ്യക്തമായ ടൈംലൈനിലൂടെ കൈകാര്യം ചെയ്യാവുന്നതാണ്.
എന്നാൽ തൽക്ഷണ വായ്പകൾക്ക് മിക്കവാറും ഒരു സ്ഥിര പലിശ നിരക്ക് ഉണ്ടായിരിക്കും. പ്രോസസ്സിംഗ് ഫീസുകളും ബാധകമായേക്കാം. പലിശയും ഫീസുകളും ഒഴിവാക്കാൻ കൃത്യമായ സാമ്പത്തിക അച്ചടക്കം ആവശ്യമാണ്.