Platinum: സ്വർണത്തെയും വെള്ളിയേയും സൈഡാക്കി; നിക്ഷേപത്തിൽ മിന്നുന്നത് മറ്റൊരു ലോഹം
Platinum Investment: 2025-ൽ, സ്വർണ്ണത്തെയും വെള്ളിയേയും മറികടന്ന് ഈ ലോഹം നിക്ഷേപകർക്ക് നൽകിയത് 55 ശതമാനത്തിലധികം വരുമാനമാണ്.
നിക്ഷേപം എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്ന ഒരേയൊരു ഓപ്ഷൻ സ്വർണ്ണമാണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി നിക്ഷേപകർക്ക് മികച്ച വരുമാനം നൽകാൻ ഈ മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം വൻ കുതിപ്പാണ് സ്വർണവും വെള്ളിയും കാഴ്ച വച്ചത്. എന്നാൽ ഇവയ്ക്ക് മറ്റൊരു എതിരാളി കൂടി ഉയർന്ന് വരികയാണ്. സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും മികച്ച വരുമാനം നൽകിയ മറ്റൊരു ലോഹമുണ്ടെന്ന് നിങ്ങൾക്കറിയാമോ?ആശ്ചര്യപ്പെട്ടോ?
2025-ൽ, സ്വർണ്ണത്തെയും വെള്ളിയേയും മറികടന്ന് നിക്ഷേപകർക്ക് നൽകിയത് 55 ശതമാനത്തിലധികം വരുമാനമാണ്. ഈ നിശബ്ദ കുതിപ്പ് നടത്തുന്ന ലോഹം പ്ലാറ്റിനമാണ്. ലോഹങ്ങളില്‍ നിന്ന് മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും പ്ലാറ്റിനം വളരെ വലിയ അവസരം ഒരുക്കുന്നുണ്ട്.
2025 ൽ പ്ലാറ്റിനം എത്ര റിട്ടേൺ നൽകി?
കണക്കുകൾ പ്രകാരം സ്വർണ്ണത്തിന് 38 ശതമാനവും വെള്ളിക്ക് 43 ശതമാനവും വില വർധനവാണുണ്ടായത്. എന്നാൽ 2025 ൽ പ്ലാറ്റിനം ഈ ലോഹങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്ലാറ്റിനത്തിന്റെ വില ഈ വർഷം ഏകദേശം 57 ശതമാനം വർദ്ധിച്ചു. ഇത് 2025 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിലയേറിയ ലോഹമാക്കി പ്ലാറ്റിനത്തെ മാറ്റി. ഈ വര്‍ഷം ജൂണില്‍ മാത്രം പ്ലാറ്റിനത്തിന്റെ വില 28 ശതമാനം ഉയര്‍ന്നു. പതിറ്റാണ്ടുകളിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വേൾഡ് പ്ലാറ്റിനം ഇൻവെസ്റ്റ്‌മെന്റ് കൗൺസിൽ (WPIC) പ്രകാരം പ്ലാറ്റിനത്തിന്റെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. 2025 ൽ ആഗോളതലത്തിൽ 8,50,000 ഔൺസ് പ്ലാറ്റിനത്തിന്റെ ക്ഷാമം ഉണ്ടാകുമെന്ന് കൗൺസിൽ കണക്കാക്കുന്നു. 2024 ൽ പ്ലാറ്റിനത്തിന് 9,68,000 ഔൺസ് ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു.