Ration Kerosene : മണ്ണെണ്ണ വിതരണം: റേഷൻ വ്യാപാരികൾ ദുരിതത്തിൽ; ഡോർ ഡെലിവറി ആവശ്യപ്പെട്ട് നിവേദനം
Ration Dealers in Alappuzha Struggle: ലിറ്ററിന് 6 രൂപയാണ് കമ്മീഷൻ ലഭിക്കുക. അതായത് 1800 രൂപ കമ്മീഷനായി ലഭിക്കുമ്പോൾ മണ്ണെണ്ണ ശേഖരിക്കുന്നതിനുള്ള യാത്ര ചെലവ് ഇതിന്റെ ഇരട്ടിയോളം വരും എന്ന് വ്യാപാരികൾ പറയുന്നു.
ആലപ്പുഴ : മണ്ണെണ്ണ വിതരണത്തിന് ജില്ലയിലെ എല്ലാ താലൂക്കുകളിലും ഡിപ്പോകൾ ഇല്ലാത്തത് റേഷൻ വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇത് കാരണം മണ്ണെണ്ണ ശേഖരിക്കുന്നതിന് അധിക ദൂരം സഞ്ചരിക്കേണ്ടി വരുന്നതും ഉയർന്ന യാത്രചെലവും വ്യാപാരികളുടെ ലാഭം ഇല്ലാതാക്കുന്നു.
അടുത്ത ഘട്ടം മണ്ണെണ്ണ വിതരണം ഡോർ ഡെലിവറി ആക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം. നിലവിൽ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, എന്നീ താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകൾ ഉള്ളത് . അതിനാൽ കുട്ടനാട് താലൂക്കിലെ വ്യാപാരികൾക്ക് അമ്പലപ്പുഴയിൽ നിന്നും ചെങ്ങന്നൂർ, മാവേലിക്കര, താലൂക്കുകളിലെ വ്യാപാരികൾക്ക് കാർത്തികപ്പള്ളിയിൽ നിന്നുമാണ് മണ്ണെണ്ണ ശേഖരിക്കേണ്ടി വരുന്നത്.
ഒരു റേഷൻ കടയ്ക്ക് ശരാശരി 300 ലിറ്റർ മണ്ണെണ്ണയാണ് അനുവദിക്കുന്നത്. ഇതിന് ലിറ്ററിന് 6 രൂപയാണ് കമ്മീഷൻ ലഭിക്കുക. അതായത് 1800 രൂപ കമ്മീഷനായി ലഭിക്കുമ്പോൾ മണ്ണെണ്ണ ശേഖരിക്കുന്നതിനുള്ള യാത്ര ചെലവ് ഇതിന്റെ ഇരട്ടിയോളം വരും എന്ന് വ്യാപാരികൾ പറയുന്നു. ഒന്നര വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിച്ചത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ ഡിസംബർ മാസത്തേക്കുള്ള മണ്ണെണ്ണ വിതരണം ഡോർ ഡെലിവറിയായി ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ആവശ്യപ്പെട്ടു.