AEO ടയർ-2 സർട്ടിഫിക്കറ്റിൻ്റെ തിളക്കവുമായി ബാബ രാംദേവിൻ്റെ പതഞ്ജലി
ആഗോള വ്യാപാരത്തിൽ സത്യസന്ധത, സുതാര്യത, വിതരണ ശൃംഖലയുടെ സുരക്ഷ എന്നിവയിലെ ഏറ്റവും ഉയർന്ന നിലവാരമാണ് ഈ സർട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നത്
ന്യൂ ഡൽഹി: രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച്, ഓരോ ഭാരതീയ ഭവനത്തിനും വിശ്വാസത്തിന്റെ പ്രതീകമായി മാറിയ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് സ്വദേശി ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അധ്യായം കൂടി ചേർത്തു. വേൾഡ് കസ്റ്റംസ് ഓർഗനൈസേഷനും (WCO) ഇന്ത്യൻ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയവും (ഇന്ത്യൻ കസ്റ്റംസ്) ചേർന്ന് പതഞ്ജലിക്ക് AEO (ഓതറൈസ്ഡ് ഇക്കണോമിക് ഓപ്പറേറ്റർ) ടിയർ-2 സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ആഗോള വ്യാപാരത്തിൽ സത്യസന്ധത, സുതാര്യത, വിതരണ ശൃംഖലയുടെ സുരക്ഷ എന്നിവയിലെ ഏറ്റവും ഉയർന്ന നിലവാരമാണ് ഈ സർട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളിൽ വളരെ കുറച്ചുപേർക്ക് മാത്രമാണ് ഈ പദവിയുള്ളത്. എഫ്എംസിജി മേഖലയിലും ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രമേ ഈ അഭിമാനകരമായ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. ഈ പട്ടികയിൽ ഇപ്പോൾ പതഞ്ജലിയുടെ പേര് സുവർണ്ണ ലിപികളിൽ ചേർക്കപ്പെട്ടിരിക്കുകയാണ്.
ഈ AEO ടിയർ-2 സർട്ടിഫിക്കറ്റ് ലഭിച്ചതോടെ, പതഞ്ജലി ഫുഡ്‌സിന് ഡ്യൂട്ടി ഡിഫേർഡ് പേയ്‌മെന്റ്, ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കൽ, ഡയറക്ട് പോർട്ട് ഡെലിവറി (DPD), 24×7 ക്ലിയറൻസ് സൗകര്യം തുടങ്ങി 28-ൽ അധികം അന്താരാഷ്ട്ര വ്യാപാര ആനുകൂല്യങ്ങൾ ലഭിക്കും.
എന്തുകൊണ്ട് ഈ സർട്ടിഫിക്കറ്റ് പ്രത്യേകതയുള്ളതാണ്?
ഒരു സ്ഥാപനത്തിന്റെ ഗുണനിലവാരം, സത്യസന്ധത, സുതാര്യമായ പ്രവർത്തന സംവിധാനം, രാജ്യതാൽപര്യങ്ങൾക്കുള്ള സംഭാവന എന്നിവയുടെ തെളിവാണിത്. ഗുണമേന്മ, സത്യസന്ധത, കർമ്മയോഗം, അർപ്പണബോധം, സ്വദേശി മനോഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് പതഞ്ജലി ഈ പ്രത്യേക നേട്ടം കൈവരിച്ചത്. ഇതൊരു സർട്ടിഫിക്കറ്റ് മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു ബഹുമതി കൂടിയാണ്.
ബാബ രാംദേവിന്റെ സന്ദേശം
“ഇന്ന് പതഞ്ജലി കുടുംബത്തിന് മാത്രമല്ല, ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ദിവസമാണ്. വിശ്വാസ്യത, സത്യസന്ധത, മത്സരം, ഗുണമേന്മ എന്നിവയുടെ കാര്യത്തിൽ പതഞ്ജലി ഓരോ ദിവസവും പുതിയ വേഗതയിൽ മുന്നോട്ട് പോകുകയും ബിസിനസ്സ് മേഖലയിൽ സംരംഭകത്വത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. ഇന്ത്യ സാമ്പത്തികമായി ലോകനേതാവാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ നേട്ടം കൂടുതൽ കരുത്തുനൽകുന്നു. ഈ സർട്ടിഫിക്കറ്റ് രാഷ്ട്രനിർമ്മാണത്തിനായുള്ള ഞങ്ങളുടെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ ബഹുമതി ഞങ്ങളുടെ കഠിനാധ്വാനത്തിന്റെയും, ഗുണമേന്മയുടെയും സത്യസന്ധതയുടെയും അംഗീകാരമാണ്. ‘സ്വദേശി സേ സ്വാഭിമാൻ’ എന്ന ഈ പാതയിൽ കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകുമെന്നും ‘മേക്ക് ഇൻ ഇന്ത്യ’യെ ആഗോള തലത്തിലേക്ക് ഉയർത്തുമെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.”
ആചാര്യ ബാലകൃഷ്ണയുടെ വാക്കുകൾ
“ഈ നേട്ടം മുഴുവൻ പതഞ്ജലി കുടുംബത്തിന്റെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. AEO ടിയർ-2 സർട്ടിഫിക്കറ്റ് ഞങ്ങളുടെ പ്രവർത്തനങ്ങളുടെ സുതാര്യത, ഗുണനിലവാരം, അന്താരാഷ്ട്ര നിലവാരം എന്നിവയുടെ തെളിവാണ്. ഇത് കയറ്റുമതി പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ ബഹുമതി രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലും നമ്മുക്ക് അഭിമാനം നൽകും. ഇത് സംസ്കാരം, ആയുർവേദം, തദ്ദേശീയ ഉൽപ്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. പതഞ്ജലിയെ ലോകത്തിലെ മുൻനിര എഫ്എംസിജി ബ്രാൻഡുകളിൽ ഒന്നായി സ്ഥാപിക്കാനും ഇന്ത്യയുടെ കയറ്റുമതി പുതിയ ഉയരങ്ങളിലെത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”