RBI Cheque Clear Rule: പണമെത്താൻ ഇനി കാത്തിരിക്കേണ്ട, ചെക്ക് ക്ലിയർ ആകാൻ മണിക്കൂറുകൾ മാത്രം
RBI Cheque Clear Rule: പുതിയ സംവിധാനം രണ്ട് ഘട്ടങ്ങളായിട്ടാകും നടപ്പിലാക്കുക. ഒന്നാം ഘട്ടം 2025 ഒക്ടോബർ 4 മുതലും രണ്ടാം ഘട്ടം 2026 ജനുവരി 3 നും ആരംഭിക്കും.
ഇന്ത്യയിൽ ചെക്ക് ക്ലിയറൻസിന് കാലതാമസം ഉണ്ടാകാറുണ്ട്. രണ്ട് പ്രവൃത്തി ദിവസങ്ങൾ വരെ ഇത് നീണ്ടുപോയേക്കാം. ഈ കാലതാമസം ചെക്ക് പേയ്‌മെന്റുകളെ ആശ്രയിക്കുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും അസൗകര്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇനി പണം അക്കൗണ്ടിൽ എത്താൻ കാത്തുനിൽക്കേണ്ട, ഒക്ടോബര്‍ നാല് മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് ക്ലിയറിങ് സാധ്യമാകും.
ആർബിഐ സർക്കുലർ അനുസരിച്ച്, കണ്ടിന്യൂവസ് ക്ലിയറിങ് ആൻഡ് സെറ്റിൽമെന്റ് ഓൺ റിയലൈസേഷൻ എന്ന പുതിയ സംവിധാനം രണ്ട് ഘട്ടങ്ങളായിട്ടാകും നടപ്പിലാക്കുക. ഒന്നാം ഘട്ടം 2025 ഒക്ടോബർ 4 മുതലും രണ്ടാം ഘട്ടം 2026 ജനുവരി 3 നും ആരംഭിക്കും. കാര്യക്ഷമത മെച്ചപ്പെടുത്തുക, സെറ്റിൽമെന്റ് അപകടസാധ്യതകൾ കുറയ്ക്കുക, ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ഒന്നാം ഘട്ടത്തിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ ബാങ്ക് ശാഖകളിൽ നിക്ഷേപിക്കുന്ന ചെക്കുകൾ സ്കാൻ ചെയ്ത് ഉടൻ തന്നെ ക്ലിയറിങ് ഹൗസിലേക്ക് അയയ്ക്കും. തുടർന്ന് പണം പിൻവലിക്കുന്ന ബാങ്ക് (ചെക്ക് എടുക്കുന്ന ബാങ്ക്) നൽകിയ ചെക്കുകൾക്ക് പോസിറ്റീവ് സ്ഥിരീകരണമോ അല്ലെങ്കിൽ നിഷേധിക്കപ്പെട്ട ചെക്കുകൾക്ക് നെഗറ്റീവ് സ്ഥിരീകരണമോ അയയ്ക്കും.
ALSO READ: ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഈ സാധനങ്ങളുടെ വില കുറയും…
വൈകുന്നേരം 7:00 മണിക്ക് മുമ്പ് പണം പിൻവലിക്കുന്ന ബാങ്കുകൾ ചെക്കുകൾ സ്ഥിരീകരിക്കണം. അല്ലെങ്കില്‍ ചെക്കുകൾ അംഗീകരിച്ചതായി കണക്കാക്കുകയും രാത്രിതന്നെ പണം അക്കൗണ്ട് ഉടമയ്ക്ക് ഓട്ടാമാറ്റിക് ആയി കൈമാറുകയും ചെയ്യും.
രണ്ടാം ഘട്ടത്തിൽ കർശനമായ സമയപരിധി ഏർപ്പെടുത്തും. 2026 ജനുവരി 3 മുതൽ, ചെക്കുകൾ സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കണം. ഉദാഹരണത്തിന്, രാവിലെ 10:00 നും 11:00 നും ഇടയിൽ ഒരു ചെക്ക് ലഭിച്ചാൽ, ഉച്ചയ്ക്ക് 2:00 മണിക്ക് മുമ്പ് അത് സ്ഥിരീകരിക്കണം. സമയപരിധിക്കുള്ളിൽ സ്ഥിരീകരണം നൽകിയില്ലെങ്കിൽ, ചെക്ക് അംഗീകരിച്ചതായി കണക്കാക്കും.