Sundar Pichai: തമിഴ്നാട്ടിലെ പട്ടണത്തിൽ നിന്ന് കോടീശ്വരന്മാരുടെ പട്ടികയിലേക്ക്; ‘ഗൂഗിൾ സിഇഒ’യുടെ ശമ്പളം എത്രയെന്ന് അറിയാമോ?
Google CEO Sundar Pichai Net Worth: 2024 ൽ, സുന്ദർ പിച്ചൈ ആകെ 10.73 മില്യൺ യുഎസ് ഡോളർ സമ്പാദിച്ചതായാണ് കണക്കുകൾ. ഇതിൽ അദ്ദേഹത്തിന്റെ ശമ്പളം, ബോണസ്, സ്റ്റോക്ക് റിവാർഡുകൾ, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.
തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച് വളർന്ന സുന്ദർ പിച്ചൈ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന കോടീശ്വരന്മാരിൽ ഒരാളാണ്. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈയുടെ ശമ്പളം എത്രയെന്ന് അറിയാമോ? 2024 ൽ, സുന്ദർ പിച്ചൈ ആകെ 10.73 മില്യൺ യുഎസ് ഡോളർ സമ്പാദിച്ചതായാണ് കണക്കുകൾ. ഇതിൽ അദ്ദേഹത്തിന്റെ ശമ്പളം, ബോണസ്, സ്റ്റോക്ക് റിവാർഡുകൾ, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.
2025 ൽ സുന്ദർ പിച്ചൈയുടെ ആസ്തി
ബ്ലൂംബെർഗിന്റെ ബില്യണയേഴ്‌സ് സൂചിക പ്രകാരം, 2025 ജൂലൈയിലെ കണക്കനുസരിച്ച് സുന്ദർ പിച്ചൈയുടെ ആസ്തി ഏകദേശം 1.1 ബില്യൺ യുഎസ് ഡോളറാണ്. 2015 ഓഗസ്റ്റിലാണ് സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേൽക്കുന്നത്. തുടർന്ന് 2019 ഡിസംബറിൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ സിഇഒ ആയി ചുമതലയേറ്റു. ആൽഫബെറ്റിന്റെ ഏകദേശം 0.02 ശതമാനം ഓഹരിയാണ് സുന്ദർ പിച്ചൈയുടെ കൈവശമുള്ളത്, ഇന്ന് അതിന്റെ മൂല്യം ഏകദേശം 440 മില്യൺ യുഎസ് ഡോളറാണ്.
2024-ൽ സുന്ദർ പിച്ചൈ എത്ര സമ്പാദിച്ചു?
2024-ൽ സുന്ദർ പിച്ചൈ 10.73 മില്യൺ യുഎസ് ഡോളർ സമ്പാദിച്ചതായാണ് റിപ്പോർട്ട്. 2023-ൽ ഇത് 8.8 മില്യൺ യുഎസ് ഡോളറായിരുന്നു. 2 മില്യൺ യുഎസ് ഡോളറാണ് അടിസ്ഥാന ശമ്പളം. കൂടാതെ അദ്ദേഹത്തിന്റെ ആകെ ശമ്പളമായ 10.73 മില്യൺ യുഎസ് ഡോളറിന്റെ ബാക്കി തുകയായി സ്റ്റോക്ക് അവാർഡുകൾ, ബോണസുകൾ, ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കാറുണ്ട്. കൂടാതെ സുന്ദർ പിച്ചൈയുടെ വ്യക്തിഗത സംരക്ഷണം, യാത്രകൾ എന്നിവയ്ക്കായി ആൽഫബെറ്റ് 8.27 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്.
സുന്ദർ പിച്ചൈയുടെ സ്ഥാനം
2024-ൽ, മറ്റു ചില മുൻനിര ടെക് സിഇഒമാർ സുന്ദർ പിച്ചൈയേക്കാൾ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്. ആപ്പിളിന്റെ ടിം കുക്കിന്റെ വരുമാനം ഏകദേശം 74.6 മില്യൺ യുഎസ് ഡോളറാണ്. നെറ്റ്ഫ്ലിക്സിന്റെ സഹ-സിഇഒമാർ ഓരോരുത്തരും 60 മില്യൺ യുഎസ് ഡോളറിലധികം നേടി. അഡോബിന്റെ സിഇഒയുടെ വരുമാനം 52.4 മില്യൺ യുഎസ് ഡോളർ.