RBI Governor: യുപിഐ ഇടപാടുകള്‍ക്ക് പണം നൽകേണ്ടി വരും; സൂചന നൽകി ആർബിഐ ഗവർണർ
RBI Governor about UPI Transaction: ഇടപാടുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ആർബിഐ ഗവർണറുടെ പ്രസ്താവന. കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണിൽ നിന്ന് ആറ് ബില്യണായി ഉയര്‍ന്നിരുന്നു.

Sanjay Malhotra
യുപിഐ ഇടപാടുകൾക്ക് പണം നൽകേണ്ടി വരുമെന്ന സൂചന നൽകി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. നിലവിൽ യുപിഐ സേവനത്തിനായി സർക്കാർ സബ്സിഡി നൽകുന്നുണ്ടെന്നും എന്നാൽ അത് എല്ലാ കാലവും തുടരാൻ കഴിയില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ബാങ്കുകൾക്കും മൂന്നാം കക്ഷി കമ്പനികളുടെയും യുപിഐ ആപ്പുകൾക്ക് സബ്‌സിഡികൾ നൽകിക്കൊണ്ടാണ് സർക്കാർ യുപിഐ ഇടപാടുകൾക്കുള്ള ചെലവ് വഹിക്കുന്നത്. അതുകൊണ്ടാണ് യുപിഐ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിന് ആരെങ്കിലും ചെലവ് വഹിക്കണമെന്നും സൗജന്യ യുപിഐ ഇടപാടുകൾ എന്നെന്നേക്കുമായി നിലനിൽക്കില്ലെന്നും ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടി.
സാമ്പത്തിക നേട്ടമില്ലാതെ ഒരു സംവിധാനത്തിനും മുന്നോട്ട് പോകുക അസാധ്യമാണ്. യുപിഐ ഇടപാടുകൾക്കുള്ള നിരക്കുകൾ ഉപയോക്താക്കൾ വ്യക്തിഗതമായോ കൂട്ടായോ നൽകേണ്ടിവരും. നിലവിൽ യുപിഐ സേവനങ്ങൾ സൗജന്യമായി നൽകണമെന്നാണ് ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ആർബിഐ ഗവർണറുടെ പ്രസ്താവന. ഡിജിറ്റൽ പേയ്‌മെൻറ് സേവനങ്ങൾ നൽകുന്നതിന് ബാങ്കുകള്‍ക്കോ പേയ്‌മെൻ്റ് ഗേറ്റ്‌വേയ്ക്കോ കമ്പനികൾ നൽകുന്ന തുകയാണ് എംഡിആർ. കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണിൽ നിന്ന് ആറ് ബില്യണായി ഉയര്‍ന്നിരുന്നു.