Silver Market: ഇന്ത്യയിൽ വിറ്റുതീർന്നു, ലണ്ടനിൽ പരിഭ്രാന്തി; വെള്ളി വിപണിയിൽ സംഭവിക്കുന്നതെന്ത്?
Silver Commodity Crisis: ചരിത്രത്തിൽ ആദ്യമായാണ് വെള്ളി വിപണിയിൽ സ്റ്റോക്ക് തീരുന്നത്. 45 വർഷത്തിനിടെ വെള്ളി വിപണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

Silver
അപ്രതീക്ഷിത സംഭവവികാസങ്ങളാണ് വെള്ളി വിപണിയിൽ അരങ്ങേറുന്നു. കുതിച്ചുചാട്ടവും വിതരണക്ഷാമവും വ്യാപാരികളെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഡിമാൻഡ് കൂടിയതോടെ ഇന്ത്യയിൽ വെള്ളിയുടെ സ്റ്റോക്ക് തീരുകയും ആഗോള വില നിർണയിക്കുന്ന ലണ്ടൻ വിപണിയിൽ പരിഭ്രാന്തി പരക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് വെള്ളി വിപണിയിൽ സ്റ്റോക്ക് തീരുന്നത്. 45 വർഷത്തിനിടെ വെള്ളി വിപണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
വെള്ളി വിപണിയിലെ പ്രതിസന്ധി – കാരണങ്ങൾ
റെക്കോർഡ് ഡിമാൻഡ്
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ധനത്തിൻ്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളാണ് ഇന്ത്യക്കാർ വാങ്ങുന്നത്. ഈ വർഷം വില കൂടിയതോടെ ഇന്ത്യക്കാർ പതിവായി വാങ്ങാറുള്ള സ്വർണാഭരണങ്ങളിൽ നിന്ന് വെള്ളിയിലേക്ക് ശ്രദ്ധ തിരിച്ചു.
ഫെമോ
നഷ്ടപ്പെടുമെന്ന പേടിയും (Fear of Missing Out) മറ്റൊരു കാരണമാണ്. സ്വർണ വില വർദ്ധിച്ചതോടെ വെള്ളി കുതിച്ചുയരുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വില അനുപാതം 100:1 ആയതിനാൽ, വെള്ളി വാങ്ങുന്നത് ലാഭകരമാണെന്ന പ്രചാരണം നിക്ഷേപകരെ ആകർഷിച്ചു.
ആഗോള നിക്ഷേപം
നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിലുള്ള ആശ്രയിത്വം കുറയ്ക്കുകയും മറ്റ് ലോഹങ്ങളിലേക്ക് തിരിയുകയും ചെയ്തു. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ETFs) നിക്ഷേപകരുടെ താൽപര്യം വർധിച്ചതോടെ 100 ദശലക്ഷത്തിലധികം ഔൺസ് വെള്ളി ഈ വർഷം ഇതിലേക്ക് ഒഴുകിയെത്തി. ഇത് വിപണിയിൽ വിതരണത്തിനായി ലഭ്യമായ വെള്ളിയുടെ അളവ് കുറയ്ക്കുകയും ചെയ്തു.
ALSO READ: യൂറോ വീണു, കരുത്തനായി സ്വർണം; പേടിച്ച് കേന്ദ്ര ബാങ്കുകളും, പൊന്ന് മോഹങ്ങൾക്ക് മങ്ങലേൽക്കുമോ?
ലണ്ടൻ വിപണിയിലെ വിതരണ ക്ഷാമം
ആഗോള വ്യാപാര കേന്ദ്രമായ ലണ്ടൻ വെള്ളി വിപണിയിലെ കരുതൽ ശേഖരം കുറഞ്ഞതോടെ പരിഭ്രാന്തിയായി. ഒറ്റരാത്രികൊണ്ട് വെള്ളി കടം വാങ്ങുന്നതിനുള്ള ചെലവ് വാർഷിക നിരക്കായ 200 ശതമാനത്തിലേക്ക് ഉയർന്നതായി കൺസൾട്ടൻസി മെറ്റൽസ് ഫോക്കസ് പറയുന്നു. ലണ്ടൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന വൻ ബാങ്കുകൾ വെള്ളി വിപണിയിൽ നിന്ന് പിന്മാറാൻ തുടങ്ങി.
സോളാർ വ്യവസായത്തിൻ്റെ വളർച്ച
ഫോട്ടോവോൾട്ടായിക് സെല്ലുകളിൽ വെള്ളി ഉപയോഗിക്കുന്ന സോളാർ വ്യവസായത്തിൻ്റെ കുതിച്ചുചാട്ടം കഴിഞ്ഞ 5 വർഷമായി വെള്ളിയുടെ ആവശ്യകത വർദ്ധിപ്പിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
താരിഫ് യുദ്ധം
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധം 200 ദശലക്ഷം ഔൺസിലധികം വെള്ളി ന്യൂയോർക്ക് വെയർഹൗസുകളിലേക്ക് മാറ്റിയത് ലണ്ടനിലെ കരുതൽ ശേഖരം കുറയാൻ കാരണമായി. ഈ പ്രതിസന്ധികളുടെയെല്ലാം ഫലമായി വെള്ളി വില ഒരു ഔൺസിന് 54 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി.