Silver Rate: സ്വർണത്തെ പിന്നിലാക്കി വെള്ളിയുടെ തേരോട്ടം; 2 വർഷത്തിനുള്ളിൽ വില 3 ലക്ഷം!
Silver Rate: പരമ്പരാഗതമായി സ്വർണ്ണത്തിൻ്റെ താങ്ങാനാവുന്ന ഒരു ബദലായി കണക്കാക്കപ്പെടുന്ന വെള്ളിയുടെ ഈ കുതിപ്പിന് പിന്നിൽ നിരവധി പ്രധാന ഘടകങ്ങളുണ്ട്.
വർഷങ്ങളായി നിക്ഷേപകർക്കിടയിൽ പ്രിയങ്കരൻ സ്വർണ്ണമാണെങ്കിലും, ഇപ്പോൾ പൊന്നിനെ പിന്നിലാക്കി വെള്ളി കുതിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെള്ളി വിലയിൽ ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 54% അധികം വര്‍ധനവാണ് വെള്ളി വരുമാനത്തില്‍ നല്‍കിയത്. 5 വർഷത്തിനുള്ളിൽ കിലോയ്ക്ക് 3 ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിൽ വെള്ളി എത്തുമോ എന്ന ചർച്ചകൾ സജീവമാണ്.
കഴിഞ്ഞ 5 വർഷത്തെ വെള്ളിയുടെ വാർഷിക വളർച്ചാ നിരക്ക് 19.10% (വില 57,626 രൂപയിൽ നിന്ന് ഏകദേശം 1,38,079 രൂപയായി) ഉയർന്നിട്ടുണ്ട്. പരമ്പരാഗതമായി സ്വർണ്ണത്തിൻ്റെ താങ്ങാനാവുന്ന ഒരു ബദലായി കണക്കാക്കപ്പെടുന്ന വെള്ളിയുടെ ഈ കുതിപ്പിന് പിന്നിൽ നിരവധി പ്രധാന ഘടകങ്ങളുണ്ട്.
വെള്ളി വില വർദ്ധനവിന് കാരണമാകുന്ന ഘടകങ്ങൾ
ശക്തമായ വ്യാവസായിക ഡിമാൻഡ്, പുനരുപയോഗ ഊർജ്ജം, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (EVs), പവർ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ, നിർമ്മിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ വളർച്ച തുടങ്ങിയവ വെള്ളിയുടെ ആവശ്യം കുത്തനെ ഉയർത്തുന്നു.
സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷമായി വെള്ളിയുടെ ആവശ്യം ഉൽപ്പാദനത്തെ മറികടന്നു. മൊത്തം ഡിമാൻഡിൻ്റെ 50 ശതമാനത്തിലധികം വ്യാവസായിക ഉപയോഗമാണ്. സ്വർണ്ണത്തെപ്പോലെ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, പലിശ നിരക്കുകളിലെ കുറവ്, യുഎസ് താരിഫ് പോളിസികൾ പോലുള്ള ഘടകങ്ങളും നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമായി വെള്ളിയെ കാണാൻ പ്രേരിപ്പിക്കുന്നു.
2 വർഷത്തിനുള്ളിൽ 3 ലക്ഷം
അനന്ദ് രാത്തി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ കമ്മോഡിറ്റി വിദഗ്ദ്ധനായ മനീഷ് ശർമ്മ പറയുന്നത്, വ്യാവസായിക ഡിമാൻഡ് നിലവിലെ രീതിയിൽ വർധിക്കുകയും വിതരണത്തിലെ കുറവ് തുടരുകയും ചെയ്താൽ, 1 മുതൽ 2 വർഷത്തിനുള്ളിൽ വെള്ളി വില മൂന്ന് ലക്ഷത്തിലെത്തുമെന്നാണ്. അതേസമയം, കിലോഗ്രാമിന് 3 ലക്ഷം രൂപയിലെത്താൻ, ആഗോള വെള്ളി വില 100 ഡോളർ/ഔൺസിന് മുകളിൽ ഉയരേണ്ടതുണ്ടെന്ന് ട്രേഡ്ജിനിയിലെ സിഒഒ ത്രിവേശ് ഡി പറയുന്നു.
നിക്ഷേപകർ എന്ത് ചെയ്യണം?
വിവിധ സാമ്പത്തിക ഘടകങ്ങളും വ്യാവസായിക ഡിമാൻഡും വെള്ളിക്ക് അനുകൂലമായതിനാൽ, വരും വർഷങ്ങളിൽ വെള്ളി സ്വർണ്ണത്തേക്കാൾ ഉയർന്ന വരുമാനം നൽകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ, നിക്ഷേപകർ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് തയ്യാറെടുക്കുകയും ഘട്ടം ഘട്ടമായി നിക്ഷേപം നടത്തുകയും ചെയ്യുക.
ഒരു നിക്ഷേപകൻ്റെ മൊത്തം പോർട്ട്‌ഫോളിയോയിൽ 15-20% സ്വർണ്ണത്തിനും വെള്ളിക്കും നീക്കിവെക്കാം. അതിൽ തന്നെ 60-65% വെള്ളിയിലും 35-40% സ്വർണ്ണത്തിലുമായി നിക്ഷേപം നടത്തുന്നത് മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ട്.