Supplyco Coconut Oil Price: വേഗം വിട്ടോ… സപ്ലൈകോയിൽ നാളെ വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്; നിരക്ക് ഇങ്ങനെ
Supplyco Coconut Oil Special Offer: ഒരു ദിവസത്തേക്ക് മാത്രമുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഈ വിലക്കുറവ്.
തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നാളെ (ഓഗസ്റ്റ് 24, ഞായറാഴ്ച) വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്. ലിറ്ററിന് 445 രൂപ നിരക്കിലാണ് കേര വെളിച്ചെണ്ണ നാളെ ലഭിക്കുന്നത്. അതേസമയം, ഒരു ദിവസത്തേക്ക് മാത്രമുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഈ വിലക്കുറവ്.
നിലവിൽ 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകുന്നത്. എന്നാൽ നാളത്തെ പ്രത്യേക വിലക്കുറവിൽ ഇപ്പോൾ വിൽക്കുന്ന നിരക്കിൽ നിന്ന് 12 രൂപ കുറച്ചാണ് നൽകുന്നത്. അഞ്ഞൂറ് കടന്ന് കുതിച്ചുയർന്ന വെളിച്ചെണ്ണ ജൂലൈ അവസാനത്തോടെ 449 രൂപയിലേക്ക് താഴ്ന്നിരുന്നു.
സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകിവരുന്നുണ്ട്. നിലവിൽ 400നും 500നും ഇടയിലാണ് വിപണിയിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില വരുന്നത്.
സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ
സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ പ്രവർത്തനം ആരംഭിക്കും. ഉൾപ്രദേശങ്ങളിലേക്ക് സബ്‌സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും എത്തിക്കുന്നതിനായാണ് സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ മേഖലകളിലൂടെ ഈ ഓണച്ചന്തകൾ സഞ്ചരിക്കും.
ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിൻ മുകൾ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യൻകോട്, നെയ്യാർ ഡാം, ആറ്റിങ്ങൽ മണ്ഡലത്തിലെ കടുവ പള്ളി, മണമ്പൂർ നാലുമുക്ക് എന്നിവിടങ്ങളിൽ വിൽപ്പന നടത്തും. ഓണം പ്രമാണിച്ച് എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും 25 മുതൽ ആരംഭിക്കും. സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് പുറമെ 250-ലധികം നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ ഈ ഓണക്കാലത്ത് നൽകുന്നത്.