Sukanya Samriddhi Yojana: മകളുടെ പഠനത്തിനും വിവാഹത്തിനും 72 ലക്ഷം രൂപ കിട്ടും, എങ്ങനെ?
Sukanya Samriddhi Yojana Details: നിക്ഷേപിക്കുന്ന തുകയ്ക്ക് സെക്ഷൻ 80C പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. കൂടാതെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി നൽകേണ്ടതില്ല.

പ്രതീകാത്മക ചിത്രം
പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാമ്പയിന്റെ ഭാഗമായ സുകന്യ സമൃദ്ധി യോജന 11 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. 2015 ജനുവരി 22-ന് ആരംഭിച്ച ഈ പദ്ധതി ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്. ഈ പദ്ധതിയിലൂടെ പെൺകുട്ടികളുടെ പഠനത്തിനും വിവാഹത്തിനും 72 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയുമെന്ന് അറിയാമോ?
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. നിലവിൽ 8.2% ആണ് വാർഷിക പലിശ നിരക്ക്. സർക്കാർ ഓരോ പാദത്തിലും പലിശ നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് സെക്ഷൻ 80C പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. കൂടാതെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി നൽകേണ്ടതില്ല.
72 ലക്ഷം രൂപ എങ്ങനെ നേടാം?
വാർഷിക നിക്ഷേപം: 1,50,000
നിക്ഷേപ കാലയളവ്: 15 വർഷം
പലിശ നിരക്ക്: 8.2%
ആകെ നിക്ഷേപിച്ച തുക: 22,50,000 രൂപ
ലഭിക്കുന്ന ആകെ പലിശ: 49,32,119 രൂപ
കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക : 71,82,119 രൂപ
ALSO READ: ആയിരം രൂപ നിക്ഷേപിക്കാം, മാസം 9,250 രൂപ നേടാം
അതേസമയം, മാസം 12,500 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കിൽ ഏകദേശം 69.33 ലക്ഷം രൂപ ലഭിക്കും. അക്കൗണ്ട് തുടങ്ങി 21 വർഷം പൂർത്തിയാകുമ്പോഴാണ് പദ്ധതി കാലാവധി എത്തുന്നത്. പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ ഉപരിപഠനത്തിനായി അക്കൗണ്ടിലുള്ള തുകയുടെ 50% വരെ പിൻവലിക്കാം. 18 വയസ്സിന് ശേഷം വിവാഹ ആവശ്യത്തിനായി അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. ഇതിനായി വിവാഹത്തിന് ഒരു മാസം മുൻപോ മൂന്ന് മാസത്തിന് ശേഷമോ അപേക്ഷ നൽകേണ്ടതുണ്ട്.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.