AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Federal Reserve: പലിശ നിരക്ക് കുറച്ച് യുഎസ്; കുതിച്ചെങ്കിലും താഴോട്ടിറങ്ങി സ്വര്‍ണം, ഡോളറിനും തകര്‍ച്ച

Federal Reserve Interest Rate Cut: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമിതമായ താരിഫുകള്‍ പണപ്പെരുപ്പ സാധ്യത വര്‍ധിപ്പിക്കുകയും തൊഴില്‍ ലഭ്യത ദുര്‍ബലമാക്കുകയും ചെയ്തത് നിരക്കുകള്‍ ക്രമീകരിക്കുന്നതില്‍ കേന്ദ്ര ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

Federal Reserve: പലിശ നിരക്ക് കുറച്ച് യുഎസ്; കുതിച്ചെങ്കിലും താഴോട്ടിറങ്ങി സ്വര്‍ണം, ഡോളറിനും തകര്‍ച്ച
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ Image Credit source: PTI
shiji-mk
Shiji M K | Published: 18 Sep 2025 06:20 AM

വാഷിങ്ടണ്‍: അടിസ്ഥാന പലിശ നിരക്ക് കുറച്ച് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.25 പോയിന്റ് നിരക്കാണ് കുറച്ചത്. ഇതോടെ നിലവിലെ പലിശ നിരക്ക് 4-4.25 ശതമാനത്തിലെത്തി. 11നെതിരെ 1 വോട്ടിനാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി അതിന്റെ ബെഞ്ച്മാര്‍ക്ക് ഓവര്‍നൈറ്റ് ലെന്‍ഡിങ് നിരക്ക് കാല്‍ ശതമാനം കുറച്ചത്. പുതുതായി ചുമതലയേറ്റ ഗവര്‍ണര്‍ സ്റ്റീഫന്‍ മിറാന്‍ മാത്രമാണ് ക്വാര്‍ട്ടര്‍ പോയിന്റ് നീക്കത്തിനെതിരെ വോട്ട് ചെയ്ത നയരൂപീകരണ വിദഗ്ധന്‍. പകുതി പോയിന്റ് കുറയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമിതമായ താരിഫുകള്‍ പണപ്പെരുപ്പ സാധ്യത വര്‍ധിപ്പിക്കുകയും തൊഴില്‍ ലഭ്യത ദുര്‍ബലമാക്കുകയും ചെയ്തത് നിരക്കുകള്‍ ക്രമീകരിക്കുന്നതില്‍ കേന്ദ്ര ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പണപ്പെരുപ്പം രണ്ട് ശതമാനം ലക്ഷ്യത്തിലേക്ക് തിരികെയെത്തിക്കാന്‍ ഫെഡ് സാധാരണയായി ഉയര്‍ന്ന നിരക്കുകള്‍ നിലനിര്‍ത്താറുണ്ട്. എന്നാല്‍ തൊഴില്‍ വിപണിയെ പിന്തുണയ്ക്കുന്നതിനായി നിരക്കുകള്‍ കുറയ്ക്കണം.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിങ്ങനെയുള്ള മേഖലകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഫെഡ് നിരക്ക് കുറച്ചത്. പുതിയ തീരുമാനം വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാ പലിശയിലും ക്രെഡിറ്റ് കാര്‍ഡ് പലിശയിലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡ് റിസര്‍വ് സൂചന നല്‍കി. 2026ല്‍ ഒരു തവണയും കുറയ്ക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് പുറത്തുവന്നതിന് പിന്നാലെ യുഎസ് ഓഹരികള്‍ വന്‍ കുതിപ്പ് നടത്തിയെങ്കിലും പിന്നീട് തകിടം മറിഞ്ഞു. ഡൗജോണ്‍സ് 410 പോയിന്റ് കയറിയെങ്കിലും പിന്നീട് താഴ്ന്നു. എസ് ആന്‍ഡ് പി500 സൂചിക 0.1 ശതമാനം ഉയര്‍ന്ന ശേഷം 0.5 ശതമാനം നഷ്ടം നേരിട്ടും. നാസ്ഡാക് 0.3 ശതമാനത്തിലെത്തി 0.9 ശതമാനം നഷ്ടം ഏറ്റുവാങ്ങി.

പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യാന്തര സ്വര്‍ണവില ഓണ്‍സിന് 3,700 ഡോളര്‍ കടന്ന് മുന്നേറി. 3,704.53 ഡോളര്‍ വരെയെത്തിയെങ്കിലും പിന്നാലെ തന്നെ സ്വര്‍ണം താഴോട്ടിറങ്ങി. ലാഭമെടുപ്പ് തകൃതിയായി നടക്കുകയാണെങ്കില്‍ സ്വര്‍ണവില നഷ്ടത്തില്‍ തന്നെ തുടരും. ഇത് കേരളത്തിലും കാര്യമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

Also Read: What If Tariff: സമയം ശരിയല്ല, വാച്ചും ട്രോളി തുടങ്ങി; വിപണി കീഴടക്കി ‘താരിഫ് വാച്ച്’

പലിശ നിരക്ക് കുറച്ചതോടെ യുഎസ് ഡോളര്‍ തകര്‍ന്നടിഞ്ഞു. യൂറോ, യെന്‍, പൗണ്ട് തുടങ്ങി 6 പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 43 മാസത്തെ താഴ്ചയായ 96.30 എന്ന നിലയിലേക്കെത്തി. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ കുറച്ചാല്‍ വീണ്ടും താഴും. ഡോളര്‍ തളരുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ രൂപയ്ക്ക് കരുത്താകും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപം വര്‍ധിക്കുന്നതിനും വഴിയൊരുക്കും.