Vetiver farming: രാമച്ച വേരിന് ഡിമാന്റ് കൂടുന്നു… കുതിച്ചുയർന്നു വില…
Vetiver Farming Boom: രാമച്ചം വേരുകൾക്ക് ഔഷധരംഗത്തും മറ്റ് ഉൽപ്പന്ന നിർമ്മാണത്തിലും വലിയ ഡിമാൻഡാണ് ഉള്ളത്. ആയുർവേദ ഉൽപ്പന്നങ്ങളിലും ചികിത്സയിലും ഇത് ഒരു പ്രധാന ഘടകമാണ്.

Vetiver
കൊച്ചി: പരമ്പരാഗത കൃഷിരീതികളിൽ നിന്ന് വ്യത്യസ്തമായി, ലാഭം ഉറപ്പാക്കാവുന്ന ഒരു പുതിയ വഴി കർഷകർക്ക് മുന്നിൽ തുറന്ന് രാമച്ചം (Vetiver) കൃഷി ശ്രദ്ധേയമാകുന്നു. ഒരുകിലോ രാമച്ചം വേരിന് നിലവിൽ 500 രൂപയോളമാണ് വിപണിയിൽ വില. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ എളുപ്പത്തിൽ മികച്ച വരുമാനം നേടാനാകുമെന്ന് പരിചയസമ്പന്നരായ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും രാമച്ചം കൃഷി ചെയ്യുന്നുണ്ടെങ്കിലും, കേരളത്തിൽ നിന്നുള്ള ഇനത്തിന് ആവശ്യക്കാർ ഏറെയാണ്. വളരെ എളുപ്പത്തിൽ എവിടെയും കൃഷി ചെയ്യാം എന്നതാണ് രാമച്ചത്തെ കർഷകർക്ക് പ്രിയങ്കരമാക്കുന്നത്. മണൽ കലർന്ന മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കൂടാതെ, പുരയിടത്തിന്റെ അതിർത്തികളിൽ രാമച്ചം നട്ടുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയാനും സഹായിക്കും.
കൃഷി രീതിയും വിളവെടുപ്പും
- മേൽമണ്ണ് ഉഴുതുമറിച്ച് കല്ലും കട്ടയും നീക്കിയ ശേഷം കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർത്ത് രാമച്ചം ചിനപ്പുകൾ നടാം.
- കാലവർഷത്തിന്റെ തുടക്കമാണ് കൃഷിക്ക് ഏറ്റവും ഉചിതം. നല്ല സൂര്യപ്രകാശവും ആവശ്യമാണ്.
- രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന രാമച്ചത്തിന്റെ വേരുകൾക്ക് 30 സെന്റീമീറ്ററിൽ കൂടുതൽ നീളം ഉണ്ടാകും. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് അഞ്ച് ടൺ വരെ വേര് ലഭിക്കുമെന്നാണ് കർഷകരുടെ കണക്ക്. സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോബാഗുകളിലും കൃഷി പരീക്ഷിക്കാവുന്നതാണ്.
- കൃഷി കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് വിളവെടുപ്പ് നടത്തുന്നത്. മണ്ണിനു മുകളിലുള്ള ഇലകൾ ആദ്യം മുറിച്ചുമാറ്റിയ ശേഷം ചുവട് കിളച്ച് വേരുകൾ പുറത്തെടുത്ത് വൃത്തിയാക്കുന്നു.
Also read – സ്വർണവില വീണ്ടും താഴോട്ട്… ഇന്ന് കുറഞ്ഞത് രണ്ടുതവണ
വിപണി സാധ്യത
രാമച്ചം വേരുകൾക്ക് ഔഷധരംഗത്തും മറ്റ് ഉൽപ്പന്ന നിർമ്മാണത്തിലും വലിയ ഡിമാൻഡാണ് ഉള്ളത്. ആയുർവേദ ഉൽപ്പന്നങ്ങളിലും ചികിത്സയിലും ഇത് ഒരു പ്രധാന ഘടകമാണ്. കൂടാതെ, തലയണ, കിടക്ക എന്നിവ നിർമ്മിക്കാനും രാമച്ചം ഉപയോഗിക്കാറുണ്ട്. കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത വേരുകൾക്കാണ് വിപണിയിൽ കൂടുതൽ വില ലഭിക്കുന്നത്. എങ്കിലും, മണ്ണുപുരണ്ട വേരുകൾക്കും ആവശ്യക്കാർ ധാരാളമുണ്ട്. പരമ്പരാഗത കൃഷിയിൽ വിജയം കൊയ്യാൻ കഴിയാതെ വിഷമിക്കുന്ന കർഷകർക്ക് വ്യത്യസ്തവും ലാഭകരവുമായ ഒരു ബദൽ മാർഗ്ഗമായി രാമച്ചം കൃഷി മാറുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല.