Gold: ദീപാവലിയ്ക്ക് ഒരുപാട് സ്വര്‍ണം വാങ്ങിച്ചില്ലേ? വില്‍ക്കാന്‍ മാത്രമല്ല, വേറെയുമുണ്ട് ഉപകാരങ്ങള്‍
Diwali Gold Investment: വൈകാരികവും സാംസ്‌കാരിവുമായ മൂല്യത്തിനപ്പുറം, സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ സ്വര്‍ണം നിര്‍ണായക പങ്ക് വഹിക്കുന്നു. നിക്ഷേപം, പണയം, പാട്ടം തുടങ്ങി വിവിധ കാര്യങ്ങളിലൂടെ നിങ്ങള്‍ വാങ്ങിച്ച സ്വര്‍ണത്തില്‍ നിന്ന് എങ്ങനെ ലാഭം ഉണ്ടാക്കിയെടുക്കാമെന്ന് നോക്കൂ.
ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചു, എന്നാല്‍ ദീപാവലി കാലത്ത് വാങ്ങിച്ച സ്വര്‍ണാഭരണങ്ങളുടെ ശോഭ എക്കാലവും നിലനില്‍ക്കും. ദീപാവലിയ്ക്കും ധന്തേരസിനും വാങ്ങിയ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നത് മറ്റ് പല മാര്‍ഗങ്ങളും പരീക്ഷിക്കുമ്പോഴാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
വൈകാരികവും സാംസ്‌കാരിവുമായ മൂല്യത്തിനപ്പുറം, സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ സ്വര്‍ണം നിര്‍ണായക പങ്ക് വഹിക്കുന്നു. നിക്ഷേപം, പണയം, പാട്ടം തുടങ്ങി വിവിധ കാര്യങ്ങളിലൂടെ നിങ്ങള്‍ വാങ്ങിച്ച സ്വര്‍ണത്തില്‍ നിന്ന് എങ്ങനെ ലാഭം ഉണ്ടാക്കിയെടുക്കാമെന്ന് നോക്കൂ.
നിക്ഷേപം
ഇന്ത്യന്‍ വീടുകളില്‍ എപ്പോഴും സ്വര്‍ണത്തെ സമ്പത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു, ആഭരണം എന്നതിലുപരി വിശാലമായ ഒരു സാമ്പത്തിക പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി സ്വര്‍ണത്തെ കാണാനാണ് വിദഗ്ധര്‍ പറയുന്നത്. പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍ ഇപ്പോഴും ജനപ്രിയമായി തുടരുന്നുണ്ടെങ്കിലും, നിക്ഷേപകര്‍ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയില്‍ നിക്ഷേപം നടത്താം. ഇത്തരം മാര്‍ഗങ്ങള്‍ ഭൗതിക സ്വര്‍ണം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ ഇല്ലാതാക്കുകയും, മികച്ച ലിക്വിഡിറ്റിയും സുതാര്യതയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.




സ്വര്‍ണ വായ്പകള്‍
പെട്ടെന്ന് പണം കണ്ടെത്തേണ്ടി വരുന്നവര്‍ക്ക്, അവരുടെ കൈവശമുള്ള സ്വര്‍ണം വില്‍ക്കാതെ തന്നെ ഉപയോഗപ്പെടുത്താം. പണം കണ്ടെത്തുന്നതിനുള്ള ഏറ്റവും എളുപ്പമേറിയ മാര്‍ഗങ്ങളിലൊന്നാണ് സ്വര്‍ണവായ്പകള്‍. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണാഭരണങ്ങള്‍ ഈടായി വാങ്ങി വായ്പകള്‍ നല്‍കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം പണയം വെച്ച സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കുന്നതാണ്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 75 ശതമാനം വരെയും ലഭിക്കുന്നതാണ്.
സ്വര്‍ണ ധനസമ്പാദന പദ്ധതി
നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് സ്വര്‍ണ ധനസമ്പാദന പദ്ധതി. വീടുകളിലുള്ള നിഷ്‌ക്രിയമായ സ്വര്‍ണത്തെ ഉത്പാദനക്ഷമമായി ഉപയോഗിക്കാന്‍ ഇത് പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഈ പദ്ധതി പ്രകാരം, വ്യക്തികള്‍ക്ക് അവരുടെ സ്വര്‍ണം അംഗീകൃത കേന്ദ്രങ്ങളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അവിടെ നിന്നും ഈ സ്വര്‍ണം, പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്വര്‍ണ സേവിങ്‌സ് അക്കൗണ്ടാക്കി മാറ്റും.
Also Read: Gold Rate: ചൈനയുടെ പ്ലാന്‍ ചീറ്റി; സ്വര്‍ണം വീണ്ടും കുതിക്കുന്നു, ലോകത്താകെ വില ഉയരും
നിക്ഷേപകര്‍ക്ക് 2.25 ശതമാനം മുതല്‍ 2.5 ശതമാനം വരെ വാര്‍ഷിക പലിശയാണ് ഇവിടെ ലഭിക്കുക. കൂടാതെ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍, പണമായോ സ്വര്‍ണമായോ റിഡീം ചെയ്യാനാകും. നിലവില്‍ 1 മുതല്‍ 3 വര്‍ഷം വരെയാണ് കാലാവധി.
സ്വര്‍ണം പാട്ടത്തിന് നല്‍കാം
സ്വര്‍ണം വില്‍ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടമാണ്, എന്നാല്‍ ഇത് കൂടാതെ നിങ്ങള്‍ക്ക് സ്വര്‍ണം പാട്ടത്തിന് നല്‍കാനും സാധിക്കും. സേഫ്‌ഗോള്‍ഡ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകരെ അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ണം പാട്ടത്തിന് നല്‍കാന്‍ അനുവദിക്കുന്നു. ഇവിടെ പണം സ്വര്‍ണഗ്രാമിലാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.