Savings Scheme: സമ്പാദ്യത്തിനുള്ള വഴി സര്‍ക്കാര്‍ തരുന്നുണ്ടല്ലോ; ഇവയില്‍ നിക്ഷേപിച്ചോളൂ
Best Government Savings Schemes: പബ്ലിക് പൊവിഡന്റ് ഫണ്ട് മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വരെ നീണ്ടുകിടക്കുന്നതാണ് ആ സമ്പാദ്യ സാഗരം. ചെറിയ സംഖ്യയില്‍ നിക്ഷേപം ആരംഭിച്ച് വലിയ തുക സമാഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സമ്പാദ്യ പദ്ധതികള്‍ പരിചയപ്പെടാം.
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഒട്ടേറെ സമ്പാദ്യ പദ്ധതികള്‍ ഇന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും അത്ര വലിയ പ്രചാരം ലഭിക്കാറില്ല. മറ്റ് സ്വകാര്യ നിക്ഷേപ പദ്ധതികളെ പോലെ പരസ്യമോ വലിയ വാഗ്ദാനങ്ങളോ ഇല്ലെങ്കില്‍ പോലും സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ ധാരാളമാണ്. പബ്ലിക് പൊവിഡന്റ് ഫണ്ട് മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വരെ നീണ്ടുകിടക്കുന്നതാണ് ആ സമ്പാദ്യ സാഗരം. ചെറിയ സംഖ്യയില്‍ നിക്ഷേപം ആരംഭിച്ച് വലിയ തുക സമാഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സമ്പാദ്യ പദ്ധതികള്‍ പരിചയപ്പെടാം.
സമ്പാദ്യ പദ്ധതികള്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന വരുമാനം നല്‍കുന്ന ധാരാളം പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. അക്കൂട്ടത്തിലൊരു മികച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കുന്ന പദ്ധതി കൂടിയാണ്. പ്രതിവര്‍ഷം 8.2 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ത്രൈമാസത്തില്‍ ഈ പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
മുതിര്‍ന്ന പൗരന്മാരല്ലാത്ത നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം നല്‍കുന്ന പദ്ധതിയാണ് ആര്‍ബിഐ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍. 8.5 ശതമാനം പലിശയാണ് പദ്ധതിയ്ക്കുള്ളത്. നാഷണള്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയുടെ പലിശ നിരക്കുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ ആറ് മാസത്തിലും പലിശ നിരക്കുകളില്‍ പുനക്രമീകരണം നടക്കും.
കൂടുതല്‍ പ്രചാരത്തിലുള്ള മറ്റൊരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതി കൂടിയാണിത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥിര പലിശ നിരക്കാണ് ഇതിനുണ്ടാകുക, അതായത് പ്രതിവര്‍ഷം 7.1 ശതമാനം പലിശ ലഭിക്കും. 15 വര്‍ഷമാണ് കാലാവധി. ഗ്യാരണ്ടീഡ് അല്ലെങ്കില്‍ ടാക്‌സ് ഫ്രീ കോമ്പൗണ്ടിങ്ങിനായി നിങ്ങള്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.
മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഹരി, കടം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതി. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയും 80 സിസിഡി ക്ലോസ് 1ബി പ്രകാരം 50,000 രൂപ വരെയും നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. വിരമിക്കുന്ന സമയത്ത് സമ്പാദ്യത്തില്‍ നിന്ന് ഭാഗികമായ തുക പിന്‍വലിക്കാന്‍ അനുവദിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യാനും ദീര്‍ഘകാല വളര്‍ച്ച നേടാനും സാധിക്കുമെങ്കിലും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
Also Read: Investment: 25,000 രൂപ മാസ ശമ്പളം കൊണ്ട് ഒരു കോടി രൂപ എങ്ങനെ സമ്പാദിക്കാം?
പലിശ നിരക്കുകള്‍
സര്‍ക്കാര്‍ പിന്തുണയുള്ള ചില പദ്ധതികളുടെ കാലാവധിയും പ്രതിവര്‍ഷം ലഭിക്കുന്ന പലിശയും ചുവടെ.
സുകന്യ സമൃദ്ധി യോജന– പ്രതിവര്‍ഷ പലിശ 8.2 ശതമാനം, 21 വര്‍ഷമാണ് കാലാവധി- പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 21 വയസ് ആകുമ്പോള്‍ അല്ലെങ്കില്‍ 18 വയസില്‍ വിവാഹിതയാകുമ്പോള്‍ പണം പൂര്‍ണമായും പിന്‍വലിക്കാവുന്നതാണ്. ഇതിന് പുറമെ പെണ്‍കുട്ടി എസ്എസ്എല്‍സി കഴിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്ന് 50 ശതമാനം പിന്‍വലിക്കാനും അവസരമുണ്ട്.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്– 7.7 ശതമാനമാണ് പ്രതിവര്‍ഷ പലിശ, 5 വര്‍ഷം വരെ നിക്ഷേപിക്കണം, ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഈ പദ്ധതിക്കും നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും.
കിസാന്‍ വികാസ് പത്ര– 7.5 ശതമാനം പലിശ നല്‍കുന്ന 9.5 വര്‍ഷം കാലാവധിയുള്ള പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. എന്നാല്‍ ഈ പദ്ധതിക്ക് നികുതി ആനുകൂല്യങ്ങളില്ല.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.