Personal Finance: സ്റ്റോക്ക്, എഫ്ഡി അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട്, ഇതിലേതില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം
Investment Tips: ഓരോ നിക്ഷേപത്തിലും വരുമാനം നല്‍കാന്‍ സാധിക്കുന്നതിനോടൊപ്പം അപകട സാധ്യതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കുക. റിസ്‌കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനപരമായ കാര്യങ്ങള്‍ രണ്ടാമതായി മനസിലാക്കി വെക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പണ്ടത്തേതിനെ അപേക്ഷിച്ച് ഇന്ന് പണം സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ എവിടെ പണം നിക്ഷേപിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നു. എന്നാല്‍ ഏതൊരു നിക്ഷേപ മാര്‍ഗവും തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൃത്യമായ പണ വിനിമയ ശീലം വളര്‍ത്തിയെടുക്കണമെന്നാണ് എഡല്‍വീസ് മ്യൂച്വല്‍ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്ത പറയുന്നത്.
സ്റ്റോക്കുകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയാണ് ഭൂരിഭാഗം ആളുകളും അവരുടെ നിക്ഷേപം ആരംഭിക്കുന്നതിന് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ശ്വസിക്കാനും വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും അറിയാതെ നീന്തല്‍ പഠിക്കുന്നത് പോലെയാണ് ഇതെന്നാണ് ഗുപ്ത എക്‌സില്‍ കുറിച്ചത്.
സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം ആദ്യം മനസിലാക്കണമെന്ന് അവര്‍ പറയുന്നു. സമ്പാദ്യം നിങ്ങളുടെ പണം അടിയന്തര സാഹചര്യങ്ങള്‍ക്കോ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കോ വേണ്ടി സുരക്ഷിതമായി സൂക്ഷിക്കുന്ന രീതിയാണ്. എന്നാല്‍ നിക്ഷേപം എന്നത് നിങ്ങളെ വലിയ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായിക്കുന്നു.




ഓരോ നിക്ഷേപത്തിലും വരുമാനം നല്‍കാന്‍ സാധിക്കുന്നതിനോടൊപ്പം അപകട സാധ്യതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കുക. റിസ്‌കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനപരമായ കാര്യങ്ങള്‍ രണ്ടാമതായി മനസിലാക്കി വെക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഓഹരികള്‍, സ്വര്‍ണം, ബോണ്ടുകള്‍ അല്ലെങ്കില്‍ എഫ്ഡികള്‍ എല്ലാത്തിലും അവയുടേതായ അപകട സാധ്യതയുണ്ട്. മാത്രമല്ല, നിങ്ങള്‍ ഒരിക്കലും ഇന്‍ഷുറന്‍സും നിക്ഷേപവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുത്. ഇന്‍ഷുറന്‍സ് വഴിയുള്ള സംരക്ഷണം ജീവിതത്തിനോ ആരോഗ്യത്തിനോ വരുമാനത്തിനോ ഉള്ള അപകട സാധ്യതകള്‍ നികത്തുന്നതിനുള്ളതാണെന്ന് അവര്‍ ഓര്‍മപ്പെടുത്തി.
എന്നാല്‍ നിക്ഷേപം സമ്പത്ത് വളര്‍ത്തുന്നതിനുള്ളതാണ്. രണ്ടും തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നത് രണ്ട് ഉദ്ദേശങ്ങളെയും നശിപ്പിക്കും. ഇന്‍ഷുറന്‍സിനും നിക്ഷേപത്തിനും വേര്‍തിരിവ് ആവശ്യമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിക്കുക, മികച്ച പണ ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുക, ശക്തമായ അടിത്തറ കെട്ടിപ്പടുക്കുക, നല്ല നിക്ഷേപങ്ങള്‍ ശക്തമായ അടിത്തറയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനാല്‍ അടുത്ത തവണ ഹോട്ട് സ്‌റ്റോക്ക് ടിപ്പിലോ, ട്രെന്‍ഡിങ് മ്യൂച്വല്‍ ഫണ്ടിലോ വാങ്ങാനായി ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക. നീന്താന്‍ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ശ്വസിക്കാനും പൊങ്ങിക്കിടക്കാനും അറിയാമോ എന്ന് പരിശോധിക്കുക എന്നും അവര്‍ അഭിപ്രായപ്പെട്ടു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.