Richest Beggar: ഈ യാചകൻ അല്പം റിച്ചാ, ആസ്തി 7.5 കോടി; എന്താല്ലേ?
World Richest Beggar: ആസാദ് മൈതാനത്തോ വെറുമൊരു യാചകനായി കഴിയുന്ന ഭാരത് ജെയ്ന് 7.5 കോടിയുടെ ആസ്തിയാണ് ഉള്ളത്. എങ്ങനെയാകും അദ്ദേഹം ഇത്രയും പണം സമ്പാദിച്ചത്?
പേര് ഭാരത് ജെയ്ൻ, സമ്പാദിക്കുന്നത് കോടികൾ എന്നാൽ ജോലിയോ? മുംബൈയിലെ സിഎസ്ടി സ്റ്റേഷന് പുറത്തോ ആസാദ് മൈതാനത്തോ വെറുമൊരു യാചകനായി കഴിയുന്ന ഭാരത് ജെയ്ന് 7.5 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഞെട്ടിയോ?
ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ജെയിനിന്റെ ബാല്യകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്താൻ പോലും ബുദ്ധിമുട്ടിയിരുന്നു. വിദ്യാഭ്യാസമോ സ്ഥിരമായ ജോലിയോ ഇല്ലാത്തതിനാൽ ജീവിക്കാൻ ഭിക്ഷാടനത്തിലേക്ക് തിരിയുകയായിരുന്നു.
നാല്പത് വർഷത്തോളമായി, ജെയിനിന്റെ പ്രധാന തൊഴിലാണ് ഭിക്ഷാടനം. ആഴ്ചയിൽ ഏഴു ദിവസവും, അവധി ദിവസങ്ങളില്ലാതെ, ദിവസത്തിൽ 10–12 മണിക്കൂർ വിശ്രമമില്ലാതെയാണ് ജെയ്ൻ ജോലി ചെയ്യുന്നത്. 2,000 മുതൽ 2,500 രൂപ വരെയാണ് ദിവസ വരുമാനം. പ്രതിമാസം 60,000 മുതൽ 75,000 രൂപ വരെ വരെയാണ് സമ്പാദിക്കുന്നത്. അതേസമയം തന്റെ വരുമാനം ചെലവഴിക്കുന്നതിന് പകരം, സാമ്പത്തിക അച്ചടക്കം കൃത്യമായി പാലിക്കാനും ജെയ്ൻ മറന്നില്ല.
മുംബൈയിൽ രണ്ട് വിശാലമായ ഫ്ലാറ്റുകൾ വാങ്ങി. ഏകദേശം 1.4 കോടി രൂപ വിലമതിക്കുന്ന ഈ വീടുകളിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബം കഴിയുന്നത്. കൂടാതെ താനെയിൽ രണ്ട് കടകളും ജെയിനിന് സ്വന്തമായുണ്ട്. ഇത് വാടകയ്ക്ക് നൽകിയിരിക്കുന്നത് വഴി പ്രതിമാസം ഏകദേശം ₹30,000 രൂപയാണ് സമ്പാദിക്കുന്നത്. ജെയിൻ തന്റെ രണ്ട് ആൺമക്കളെയും മുംബൈയിലെ ഒരു പ്രശസ്തമായ കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. ഇപ്പോൾ അവർ പഠനം പൂർത്തിയാക്കി, സ്റ്റേഷനറി ബിസിനസ് നോക്കുകയാണ്.
ഇത്രയും സമ്പത്തും, സ്വത്തും ഉണ്ടായിട്ടും ജെയിൻ ഇപ്പോഴും യാചിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിച്ചേക്കാം. അയാൾ പതിറ്റാണ്ടുകളായി തുടരുന്ന ശീലമാണിതെന്നും എളിമയോടെയും ഉറച്ച നിലപാടോടെയും തുടരാനുള്ള അദ്ദേഹത്തിന്റെ വഴിയാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.