Income Tax Issues: ക്രെഡിറ്റ് കാർഡ് ബില്ലടച്ചാൽ പോലും ഇൻകം ടാക്സ് നോട്ടീസ് വരും, കാണിക്കാൻ പാടില്ലാത്ത അബദ്ധം
ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി നിക്ഷേപിച്ചാൽ, ബാങ്ക് അതിനെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിക്കും
രാജ്യത്ത് ഡിജിറ്റൽ വത്കരണം അതിൻ്റെ ഏറ്റവും മികച്ച തലത്തിലാണ്. അതുകൊണ്ട് തന്നെ ഏതൊരു സംവിധാനവും ഇപ്പോൾ ഡിജിറ്റൽ തെളിവായി മാറാൻ നേരം വേണ്ട.കേന്ദ്ര സർക്കാരിൻ്റെ ജൻ ധൻ യോജനയിലൂടെ ബാങ്ക് സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിനും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കണ്ണുണ്ടെന്നത് മറക്കാൻ പാടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആദായനികുതി വകുപ്പ് തങ്ങളുടെ ഡിജിറ്റൽ ഡാറ്റ അനലിറ്റിക്സ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾ, മ്യൂച്വൽ ഫണ്ട് ഹൗസുകൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങി എല്ലായിടത്തും വകുപ്പിൻ്റെ കണ്ണുണ്ട്. നികുതി വെട്ടിപ്പും അജ്ഞാത ഇടപാടുകളും കണ്ടെത്തുന്നതിനാണ് ഇത്. ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്ന ബാങ്ക് ഇടപാടുകൾ ഏതൊക്കെയെന്ന് നോക്കാം
1. 10 ലക്ഷത്തിൽ കൂടുതൽ നിക്ഷേപം
ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി നിക്ഷേപിച്ചാൽ, ബാങ്ക് അതിനെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിക്കും. ഇത് നിയമവിരുദ്ധമല്ല, പക്ഷേ അതിൻ്റെ ഉറവിടം കൃത്യമായി കാണിക്കണം എന്ന് മാത്രം. അതിനാൽ, സമ്മാനങ്ങൾ, സ്വത്ത് വിൽപ്പന അല്ലെങ്കിൽ ബിസിനസ്സ് വരുമാനം എന്നിവയുമായി ബന്ധപ്പെട്ട രസീതുകൾ സൂക്ഷിക്കണം.
2. ചെറുതോ വലുതോ ആയ പിൻവലിക്കൽ
നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിച്ചാലോ അല്ലെങ്കിൽ ക്യാഷ് ഫ്ലോയിൽ പെട്ടെന്ന് വർദ്ധന ഉണ്ടായാലോ ആവർത്തിച്ചുള്ളതോ വലുതുമായതോ ആയ പിൻവലിക്കലുകൾ ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിച്ചേക്കാം. ഇത് ചോദ്യങ്ങൾ ഉയർത്തും, പ്രത്യേകിച്ചും അത് നിങ്ങളുടെ വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, അത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായേക്കാം.
3. വലിയ ക്രെഡിറ്റ് കാർഡ് ബില്ലുകൾ
നിങ്ങളുടെ വരുമാനം കുറവാണ് പക്ഷെ എല്ലാ മാസവും നിങ്ങൾ വലിയ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ യഥാർത്ഥ വരുമാനം നിങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണെന്ന് വകുപ്പ് സംശയിച്ചേക്കാം.
4. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും മറഞ്ഞിരിക്കുന്ന പലിശയും
ഒന്നിലധികം അക്കൗണ്ടുകളിലുള്ള പലിശയോ ഇടപാടുകളോ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ പാൻ, ആധാർ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇപ്പോൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടും.
5. പ്രഖ്യാപിക്കാത്തതോ അജ്ഞാതമോ ആയ ഉറവിടങ്ങളിൽ നിന്നുള്ള പണം
സുഹൃത്തുക്കളിൽ നിന്നുള്ള വായ്പകൾ, വീട്ടിലെ സമ്പാദ്യം, അല്ലെങ്കിൽ സമ്മാനങ്ങൾ എന്നിങ്ങനെയുള്ള വലിയ തുകകൾ, രേഖകളില്ലാതെ നൽകിയാൽ അപ്രഖ്യാപിത വരുമാനമായി കണക്കാക്കാം.
6. 30 ലക്ഷമോ അതിൽ കൂടുതലോ മൂല്യമുള്ള പ്രോപ്പർട്ടി ഡീലുകൾ
30 ലക്ഷമോ അതിൽ കൂടുതലോ വിലമതിക്കുന്ന ഒരു വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ (അത് മാർക്കറ്റ് നിരക്കിലോ സ്റ്റാമ്പ് മൂല്യത്തിലോ ആകട്ടെ), രജിസ്ട്രാർ അത് റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് പണം എവിടെ നിന്ന് ലഭിച്ചുവെന്ന് നികുതി വകുപ്പ് അന്വേഷിക്കും.
7. വിദേശ കറൻസി ചെലവുകൾ
വിദേശ യാത്ര, വിദ്യാഭ്യാസം, ഫോറെക്സ് കാർഡ് ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട് 10 ലക്ഷത്തിന് മുകളിൽ കൂടുതലുള്ള ചെലവുകൾ വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാണ്.
8. ആക്ടീവല്ലാത്ത അക്കൗണ്ടിൽ പെട്ടെന്ന് വലിയ ഇടപാടുകൾ
പെട്ടെന്നുണ്ടാവുന്ന വലിയ നിക്ഷേപങ്ങളോ പഴയ അക്കൗണ്ടിലേക്ക് പണം മാറ്റുന്നതോ സംശയാസ്പദമാണ്.
9. പലിശ അല്ലെങ്കിൽ ലാഭവിഹിത വിവരങ്ങളിലെ പൊരുത്തക്കേടുകൾ
ഐടിആറിൽ വെളിപ്പെടുത്താത്ത മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള പലിശയോ ലാഭവിഹിതമോ വകുപ്പ് അതിന്റെ ഓട്ടോമാറ്റിക് മാച്ചിംഗ് സിസ്റ്റം വഴി കണ്ടെത്തുന്നു.
ആദായനികുതി വകുപ്പ് എങ്ങനെ കണ്ടെത്തും?
എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എല്ലാ വർഷവും SFT റിപ്പോർട്ടുകൾ അയയ്ക്കുന്നു, നിക്ഷേപങ്ങളും പിൻവലിക്കലുകളും, സ്വത്ത് വാങ്ങലുകളും വിൽപ്പനയും, പ്രധാന നിക്ഷേപങ്ങൾ, ക്രെഡിറ്റ് കാർഡ് ചെലവുകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നു. യഥാർത്ഥ അക്കൗണ്ട് ഉടമയെയും അവരുടെ വരുമാനത്തെയും നിർണ്ണയിക്കാൻ നികുതി വകുപ്പ് ഈ റിപ്പോർട്ടുകളെ പാൻ, ആധാർ നമ്പറുകളുമായി ബന്ധിപ്പിക്കുന്നു.