Airport Authority of India Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ; 1.5 ലക്ഷം വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?
AAI Senior Consultant Recruitment 2025: സീനിയർ കൺസൾട്ടൻ്റ് (പ്ലാനിങ്), സീനിയർ കൺസൾട്ടന്റ് (ഓപ്പറേഷൻസ്) എന്നീ രണ്ട് പ്രധാന തസ്‌തികകളിലായി ആകെ 10 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് ഒന്നിന് മുൻപായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) സീനിയർ കൺസൾട്ടൻ്റ് തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലെ കോർപ്പറേറ്റ് ആസ്ഥാനത്തേക്കാണ് നിയമനം. സീനിയർ കൺസൾട്ടൻ്റ് (പ്ലാനിങ്), സീനിയർ കൺസൾട്ടന്റ് (ഓപ്പറേഷൻസ്) എന്നീ രണ്ട് പ്രധാന തസ്‌തികകളിലായി ആകെ 10 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് ഒന്നിന് മുമ്പായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
1.5 ലക്ഷം രൂപ വരെയാണ് പ്രതിമാസ കൺസൾട്ടൻസി ഫീസ്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയർ കൺസൾട്ടൻ്റ് (പ്ലാനിങ്) തസ്തികയിൽ ആറ് ഒഴിവുകളും, സീനിയർ കൺസൾട്ടൻ്റ് (ഓപ്പറേഷൻസ്) തസ്തികയിൽ നാല് ഒഴിവുകളുമാണ് ഉള്ളത്. 2025 ഓഗസ്റ്റ് ഒന്നിന് 45 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം.
സീനിയർ കൺസൾട്ടന്റ് (പ്ലാനിങ്) യോഗ്യതാ മാനദണ്ഡം:
- സിവിൽ/ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഏതെങ്കിലും സ്പെഷ്യലൈസേഷനിലുള്ള എംബിഎയും നേടിയവർക്ക് അപേക്ഷിക്കാം. ഐഐടികളിൽ നിന്നോ എൻഐടികളിൽ നിന്നോ എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
- അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേൽനോട്ടം, നിർവ്വഹണം, എംഐഎസ് വികസനം എന്നിവയിൽ എട്ട് മുതൽ പത്ത് വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. എയർപോർട്ട് പ്ലാനിങ്, നിർമ്മാണം എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
ALSO READ: അഗ്നിവീർ ആർമി ഫലം എപ്പോൾ?: പരിശോധിക്കേണ്ടത് ഇങ്ങനെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
സീനിയർ കൺസൾട്ടൻ്റ് (ഓപ്പറേഷൻസ്) യോഗ്യതാ മാനദണ്ഡം:
- എഞ്ചിനീയറിങ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമിക്സ്/ ഓപ്പറേഷൻസ് റിസർച്ച് എന്നിവയിൽ ഏതിലെങ്കിലും ബിരുദവും ഏതെങ്കിലും സ്പെഷ്യലൈസേഷനിലുള്ള എംബിഎയും ഉള്ളവർക്ക് അപേക്ഷിക്കാം.
- ഡാറ്റാ അനാലിസിസ്, റിപ്പോർട്ടുകൾ തയ്യാറാക്കൽ, ഔദ്യോഗിക മറുപടികൾ നൽകൽ എന്നിവയിൽ എട്ട് മുതൽ പത്ത് വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് aal aero അല്ലെങ്കിൽ edcilindia.co.in എന്ന വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാം. ഒന്നിലധികം തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രേഖകളുടെ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്.