CBSE Motu Patlu Comics: കുട്ടികളെ ഇനി മോട്ടു പട്‌ലു പഠിപ്പിക്കും; നികുതി അവബോധം വളര്‍ത്താന്‍ കാര്‍ട്ടൂണിനെ കൂട്ടുപിടിച്ച് സിബിഎസ്ഇ
CBSE introduces Motu Patlu comic series: ഇന്‍കം ടാക്‌സിനെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താന്‍ കാര്‍ട്ടൂണിനെ കൂട്ടുപിടിച്ച് സിബിഎസ്ഇ. മോട്ടു പട്‌ലു കോമിക് സീരിസിലൂടെ വിദ്യാര്‍ത്ഥികളില്‍ ആദായ നികുതി അവബോധം പ്രോത്സാഹിപ്പിക്കുയാണ് ലക്ഷ്യം

മോട്ടു പട്‌ലു കോമിക്സ്
ന്യൂഡല്‍ഹി: ആദായ നികുതിയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ കാര്‍ട്ടൂണിനെ കൂട്ടുപിടിച്ച് സിബിഎസ്ഇ. മോട്ടു പട്‌ലു കോമിക് സീരിസിലൂടെ കുട്ടികളില്‍ ഇന്‍കം ടാക്‌സ് അവബോധം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആദായനികുതി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എട്ട് കോമിക് ബുക്കുകള്‍ ഇന്‍കം ടാക്‌സ് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മോട്ടു പട്‌ലു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രമാണ് പ്രധാന ആകര്‍ഷണം. ഇതുവഴി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നികുതിയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിന്റെ വികസനത്തില്‍ ടാക്‌സ് വഹിക്കുന്ന പങ്ക് എന്താണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക കൂടിയാണ് ലക്ഷ്യം. ഈ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അഫിലിയേറ്റഡ് സ്‌കൂളുകളോട് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നികുതി അവബോധം വളര്‍ത്തിയെടുക്കാന്‍ കോമിക് പുസ്തകങ്ങളില്‍ നിന്നുള്ള കണ്ടന്റ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ നികുതി നല്‍കുന്ന സംഭാവനകളെക്കുറിച്ച് കാര്‍ട്ടൂണുകളിലൂടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകുമെന്നാണ് പ്രതീക്ഷ. കുട്ടികള്‍ക്കിടയില്‍ പൗരത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ബോര്‍ഡ് അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയോടുള്ള കുട്ടികളിലെ ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കാന്‍ ഇത് വഴി സാധിക്കുമെന്ന് കരുതുന്നു. ജനപ്രീതിയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ് മോട്ടു പട്‌ലു. രാഷ്ട്രനിര്‍മ്മാണത്തില്‍ നികുതിയുടെ പങ്ക് മോട്ടു പട്‌ലുവിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
എങ്ങനെ ലഭിക്കും?
https://incometaxindia.gov.in/Pages/comic-books.aspx എന്ന ലിങ്ക് വഴി കോമിക് ബുക്കുകള്‍ കാണാം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളില്‍ ലഭ്യമാണ്. മോട്ടു പട്‌ലു ബെനിഫിറ്റ്‌സ് ഓഫ് അബൈഡിങ് ബൈ ദ ലോ, ഹമാര ഭാരത് മഹാന്‍, മോട്ടു പട്‌ലു & ടുഗതര്‍, വി റൈസ്, മോട്ടു പട്‌ലു & ദ ഓണ്‍ലൈന്‍ ലൈഫ്, മോട്ടു പട്‌ലു & വിക്ടറി ഓവര്‍ ഫിയര്‍, മോട്ടു പട്‌ലു & ദ സ്റ്റോറി ഓഫ് ഇന്‍കം ടാക്‌സ്, മോട്ടു പട്‌ലു * ടാക്‌സ് പാരി, മോട്ടു പട്‌ലു & ദ സ്റ്റോറി ഓഫ് പാന്‍ കാര്‍ഡ് എന്നീ പേരുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.