CBSE Scholarship: ‘സിംഗിള്‍’ പെണ്‍കുട്ടികള്‍ക്കായി സിബിഎസ്ഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു; ആര്‍ക്കൊക്കെ അപേക്ഷിക്കാം?
CBSE single girl child scholarship 2025 details in Malayalam: പ്രിന്‍സിപ്പല്‍ വെരിഫൈ ചെയ്ത ആദ്യ പാദവാർഷിക ഫീസ് സ്ലിപ്പ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. എല്ലാ അപേക്ഷകളും വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിൽ നിന്ന് പരിശോധിക്കേണ്ടതാണ്. പരിശോധിച്ചിട്ടില്ലെങ്കിൽ അത് നിരസിക്കപ്പെടും

സിബിഎസ്ഇ സ്കോളർഷിപ്പ്
All you need to know about CBSE single girl child scholarship 2025: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) മെറിറ്റ് സ്കോളർഷിപ്പ് സ്കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ‘സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് – ക്ലാസ് X (2025 സ്കീം)’, ‘സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് – ക്ലാസ് X 2024 (2025 പുതുക്കൽ)’ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒക്ടോബര്‍ 23 വരെ അപേക്ഷിക്കാം. മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യതാ വ്യവസ്ഥകൾ, ഓൺലൈൻ അപേക്ഷാ ഫോം എന്നിവ സിബിഎസ്ഇ വെബ്സൈറ്റിൽ (cbse.gov.in) ലഭ്യമാണ്. ‘സിംഗിൾ’ വിദ്യാർത്ഥിനികൾക്ക് (കുടുംബത്തിലെ ഏക പെണ്‍കുട്ടി) സ്കോളർഷിപ്പ് നൽകുക എന്നതാണ് ലക്ഷ്യം.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്കെങ്കിലും ഉണ്ടായിരിക്കണം. ഒപ്പം 11, 12 ക്ലാസുകളില്‍ തുടര്‍വിദ്യാഭ്യാസം ചെയ്യുന്നരുമായിരിക്കണം അപേക്ഷകര്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന മാതാപിതാക്കളെയും, മിടുക്കരായ വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു.
പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് 2,500 രൂപയിൽ കൂടരുത്. പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ട്യൂഷൻ ഫീസ് 3,000 രൂപയിൽ കൂടരുതെന്നും ബോര്‍ഡ് വ്യക്തമാക്കി. എന്‍ആര്‍ഐ വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാം. ഇവരുടെ ട്യൂഷന്‍ ഫീസ് പ്രതിമാസം പരമാവധി ആറായിരം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ സ്കീമിന് കീഴിലുള്ള സ്കോളർഷിപ്പിന് അർഹതയുണ്ട്.
സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് – ക്ലാസ് X (2025 സ്കീം)
സിബിഎസ്ഇയിൽ നിന്ന് 2025-ൽ പത്താം ക്ലാസ് പാസായതും നിലവിൽ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നതുമായ പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷിക്കാം.
സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് – ക്ലാസ് X 2024 (2025 പുതുക്കൽ)
2024-ൽ നൽകിയ സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷയാണിത്.കഴിഞ്ഞ വർഷം സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
നൽകുന്ന സ്കോളർഷിപ്പ് ഒരു വർഷത്തേക്ക് പുതുക്കുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കാതിരിക്കുകയോ, അല്ലെങ്കില്‍ കോഴ്‌സോ, സ്‌കൂളോ മാറ്റുകയോ ചെയ്താല്‍ ആ സ്‌കോളര്‍ഷിപ്പ് തുടരുന്നതും, അല്ലെങ്കില്‍ പുതുക്കുന്നതും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിക്ക് വിധേയമായിരിക്കും.
സ്കോളർഷിപ്പ് നിരക്ക് പ്രതിമാസം 1000 രൂപയായിരിക്കും. ഈ പദ്ധതി പ്രകാരം നൽകുന്ന സ്കോളർഷിപ്പ് പരമാവധി രണ്ട് വർഷത്തേക്ക് നൽകും. നോൺ ജുഡീഷ്യൽ നോട്ടറൈസ്ഡ് സ്റ്റാമ്പ് പേപ്പറിൽ രക്ഷിതാവ് നൽകുന്ന ‘സെല്‍ഫ് ഡിക്ലറേഷന്‍’ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അഫിഡവിറ്റിന്റെ ഫോർമാറ്റ് സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
Also Read: CBSE: അറ്റന്‍ഡസിലടക്കം പിടിമുറുക്കി സിബിഎസ്ഇ; പരീക്ഷ എഴുതണമെങ്കില്‍ ഇക്കാര്യമെല്ലാം പാലിക്കണം
പ്രിന്‍സിപ്പല്‍ വെരിഫൈ ചെയ്ത ആദ്യ പാദവാർഷിക ഫീസ് സ്ലിപ്പ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. എല്ലാ അപേക്ഷകളും വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിൽ നിന്ന് പരിശോധിക്കേണ്ടതാണ്. പരിശോധിച്ചിട്ടില്ലെങ്കിൽ അത് നിരസിക്കപ്പെടും. അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനുള്ള സൗകര്യം സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
cbse.gov.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് ടാബിലുള്ള സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം.