CBSE OSM Controversy: സിബിഎസ്ഇ വിവാദത്തില്‍ കടുത്ത നടപടി; ചെയർമാനെയും സെക്രട്ടറിയെയും തെറിപ്പിച്ചു
CBSE OSM System Fraud: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന ഓൺ സ്ക്രീൻ മാർക്കിംഗ് വിവാദത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നടപടി. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ അടിയന്തരമായി സ്ഥാനങ്ങളിൽ നിന്ന് നീക്കി.

CBSE
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന ഓൺ സ്ക്രീൻ മാർക്കിംഗ് വിവാദത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നടപടി. സിബിഎസ്ഇ ചെയർമാൻ, സെക്രട്ടറി എന്നിവരെ അടിയന്തരമായി സ്ഥാനങ്ങളിൽ നിന്ന് നീക്കി. ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയുമാണ് നീക്കിയത്. ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ ക്രമക്കേടുകളെയും അപാകതകളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രാലയം ഉയർന്നതലത്തിലുള്ള പ്രത്യേക സമിതിയെ നിയോഗിച്ചു.
അന്വേഷണത്തിന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ എസ്. രാധാ ചൗഹാനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. സിവിൽ സർവീസുകളുടെ സ്റ്റാൻഡേർഡൈസേഷനും സമന്വയവും നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥാപനമായ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്റെ (സിബിസി) ചെയർപേഴ്‌സണാണ് നിലവിൽ രാധാ ചൗഹാൻ. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഉത്തരക്കടലാസുകൾ മാറിപ്പോകൽ, മൂല്യനിർണ്ണയത്തിലെ പിഴവുകൾ, തെറ്റായ പരിശോധന, ഗ്രേഡുകൾ തെറ്റായി രേഖപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള ഗുരുതര ഗുരുതര ക്രമക്കേടുകള്‍ സംഭവിച്ചെന്നാണ് ആരോപണം. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കായി അപേക്ഷിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് പകര്‍പ്പുകളാണ് കിട്ടിയതെന്നും ആരോപണമുണ്ടായിരുന്നു.
Also Read: CBSE System Glitch: സിബിഎസ്‌ഇ പുനർമൂല്യനിർണയം; പോർട്ടലിൻ്റെ തകരാർ പരിഹരിച്ചു, എന്ന് വരെ അപേക്ഷിക്കാം
മൂല്യനിർണ്ണയ പ്രക്രിയയ്ക്കിടയിൽ ഇത്തരത്തിൽ ഉത്തരക്കടലാസുകൾ മാറിപ്പോയ ഇരുപതോളം കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അധികൃതർ സമ്മതിച്ചിട്ടുണ്ട്. വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്ചകളും പോരായ്മകളും ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർത്ഥികളും സൈബർ സുരക്ഷാ വിദഗ്ധരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമേ, ഈ മൂല്യനിർണ്ണയ പോർട്ടലിൽ പേയ്‌മെന്റ് ശരിയാകുന്നില്ലെന്നും, അപ്‌ലോഡ് ചെയ്ത പേജുകൾ മങ്ങിയതോ അല്ലെങ്കിൽ ചില പേജുകൾ പൂർണ്ണമായി കാണാതാവുകയോ ചെയ്യുന്നതായും ആരോപണമുയര്‍ന്നു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ഈ കർശന നടപടി ഉണ്ടായിരിക്കുന്നത്.
സൈബര്‍ ആക്രമണം
വിവാദങ്ങള്‍ക്ക് പിന്നാലെ സിബിഎസ്ഇയുടെ റീ വാല്യുവേഷന്‍ പോര്‍ട്ടലിന് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ശക്തമായ സൈബര്‍ ആക്രമണമാണ് ഹാക്കര്‍മാര്‍ നടത്തിയത്. എന്നാല്‍ നിലവില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ റീ വാല്യുവേഷനായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതായും സിബിഎസ്ഇ വ്യക്തമാക്കി.
സിബിഎസ്ഇയുടെ കുറിപ്പ്
Update from our Cybersecurity Teams:
The CBSE revaluation portal is currently supporting over 8,000 concurrent users. As of 3:00 PM today, more than 16,000 students have successfully completed their submissions.
While thousands of students accessed the CBSE re-evaluation portal…
— CBSE HQ (@cbseindia29) June 2, 2026
“സിബിഎസ്ഇ റീവാല്യൂവേഷൻ പോർട്ടൽ നിലവിൽ 8,000-ത്തിലധികം കൺകറന്റ് ഉപയോക്താക്കളെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 3:00 മണി വരെ, 16,000-ത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ അപേക്ഷകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ സിബിഎസ്ഇ റീ-ഇവാല്യൂവേഷൻ പോർട്ടൽ സന്ദർശിച്ചപ്പോൾ, സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പരയിലൂടെ സേവനങ്ങൾ തടസ്സപ്പെടുത്താൻ ദുഷ്ടശക്തികൾ ശ്രമിച്ചു. പോർട്ടലിൽ 1.5 ദശലക്ഷം ഹിറ്റുകളും അനധികൃത ഫയൽ ആക്‌സസ് ചെയ്യാനുള്ള ഒരു ലക്ഷത്തിലധികം ശ്രമങ്ങളുമുണ്ടായി.
വിദ്യാർത്ഥികളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, ഈ പ്രക്രിയ കൂടുതൽ സൗകര്യപ്രദവും തടസ്സമില്ലാത്തതുമാക്കുന്നതിനായി സെഷൻ സമയപരിധി നീട്ടുന്നത് ഉൾപ്പെടെ, ഞങ്ങൾ പ്ലാറ്റ്‌ഫോം കൂടുതൽ പരിഷ്കരിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് സാധ്യമായ എല്ലാ രീതിയിലും സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ ടീമുകൾ അതീവ ജാഗ്രതയോടും സജീവമായും നിലകൊള്ളുന്നു”-സിബിഎസ്ഇ എക്‌സില്‍ കുറിച്ചു.
English Summary
CBSE Chairman Rahul Singh and Secretary Himanshu Gupta have been removed following massive row over the On-Screen Marking system. The government has formed a high-level panel led by former IAS officer S. Radha Chauhan to probe the digital evaluation irregularities. Major technical glitches included widespread answer-sheet mismatches, faulty grade allocations, and severely blurred or missing scanned pages. Following discussions in Parliament, CBSE restored the website after a severe cyberattack, allowing students to continue submitting re-evaluation requests.