JEE Main 2025: ജെ.ഇ.ഇ. മെയിൻ രണ്ടു സെഷനുകളിലായി നടക്കും… അറിയേണ്ടതെല്ലാം
JEE Main 2025 will be conducted in two sessions: കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഇതുവഴി തന്നെയാണ് നടക്കുക.
ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പരീക്ഷ ജനുവരി, ഏപ്രിൽ മാസങ്ങളിലായി രണ്ടുസെഷനുകളിലായി നടത്തും എന്ന് വിവരം. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയാണ് രണ്ട് സെഷനായി നടത്തുക.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ഫണ്ടിങ്/ അംഗീകാരമുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഇതുവഴി തന്നെയാണ് നടക്കുക.
പേപ്പറുകൾ, പരീക്ഷാഘടന
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകളാണ് പരീക്ഷയ്ക്ക് ഉള്ളത്. പേപ്പർ -1 ൽ (ബി.ഇ./ബി.ടെക്.), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളാണ് ഉള്ളത്. രണ്ടു ഭാഗങ്ങളിലായി 25 ചോദ്യങ്ങൾ ഉണ്ടാകും. രണ്ടാം പേപ്പർ ആർക്കിടെക്ചർ, പ്ലാനിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനത്തിനുള്ളതാണ്.
സെഷൻ, സമയം
ജനുവരിയിൽ ആദ്യ സെഷനും ഏപ്രിലിൽ രണ്ടാം സെഷനുമാണ് നടത്തുക. ഓരോ സെഷനിലും ഓരോ പേപ്പറിനും പല ഷിഫ്റ്റുകളുണ്ടാകാം എന്നും വിവരമുണ്ട്. സെഷൻ 1: ജനുവരി 22-നും 31-നും ഇടയ്ക്ക് ആയിരിക്കും നടക്കുക. രാവിലെ ഒൻപതു മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ ആറു വരെയും പരീക്ഷ നടക്കും. പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്നു മുതൽ ആറു വരെ നടക്കും.
പരീക്ഷാകേന്ദ്രം
കേരളത്തിൽ എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. അപേക്ഷിക്കുമ്പോൾ നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശികഭാഷകളിലും ഉണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കുന്നതാണ്. ഏതുഭാഷ വേണമെന്നത് അപേക്ഷിക്കുന്ന സമയത്ത് രേഖപ്പെടുത്തണം.