Job for Engineering Graduates: കേരളത്തിലെ എൻജിനീയറിങ് ബിരുദധാരികൾക്ക് സുവർണ്ണാവസരം: രാജ്യത്തെ പ്രമുഖ കമ്പനികൾ നിങ്ങളെ തേടുന്നു
Job for Engineering Graduates in Kerala: തിരഞ്ഞെടുക്കപ്പെടുന്നവർ ആറ് മാസമോ ഒരു വർഷമോ IIIC-യിൽ പരിശീലനം പൂർത്തിയാക്കണം. ഈ പരിശീലനത്തിനുള്ള ഫീസ് കമ്പനികൾ തന്നെ വഹിക്കും. കൂടാതെ, പരിശീലനകാലയളവിൽ 15,000 രൂപയിൽ കുറയാത്ത പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും.

കൊച്ചി: കേരളത്തിലെ എൻജിനീയറിങ് ബിരുദധാരികൾക്ക് രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഉന്നത തൊഴിലവസരങ്ങൾ. ഒഡീഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്ര കമ്പനിയായ റെഞ്ച് സൊല്യൂഷൻ, ബംഗളൂരുവിലെ സാൽമൺ ലീപ്പ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്നുള്ള സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും തേടിയെത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 200-ൽ അധികം എൻജിനീയർമാരെയും 2000-ൽ അധികം ടെക്‌നീഷ്യൻമാരെയും നിയമിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി ഇതിനെ കണക്കാക്കുന്നു.
IIIC വഴി മികച്ച തൊഴിൽ പരിശീലനവും നിയമനവും
സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) ആണ് ഈ കമ്പനികളുടെ പ്രധാന പങ്കാളി. എൻജിനീയർമാർക്ക് തൊഴിൽ ലഭ്യതാക്ഷമത വളർത്തുന്നതിൽ IIIC നൽകുന്ന മികച്ച പരിശീലനം കണക്കിലെടുത്താണ് കമ്പനികൾ ഇവരെ സമീപിച്ചത്. എൻജിനീയർമാരെയും ടെക്‌നീഷ്യന്മാരെയും തിരഞ്ഞെടുക്കുന്നതിനും നിയമനത്തിന്റെ ഭാഗമായുള്ള പരിശീലനം നൽകുന്നതിനുമുള്ള ചുമതല IIIC-യെയാണ് ഈ കമ്പനികൾ ഏൽപ്പിച്ചിരിക്കുന്നത്.
Also read – ഇന്ത്യയിൽ പൈലറ്റാകാൻ വേണ്ട യോഗ്യത എന്തെല്ലാം?; പരിശീലനം, ഫീസ് എന്നിവ അറിയാം
യോഗ്യതയും നടപടിക്രമങ്ങളും
IIIC-യുടെ ‘ഹയർ ട്രെയിൻ ഡിപ്ലോയ്’ പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ബി.ആർക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. IIIC നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന 200 പേർക്ക് കമ്പനികളിൽ ജോലിക്കുള്ള ക്ഷണം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ ആറ് മാസമോ ഒരു വർഷമോ IIIC-യിൽ പരിശീലനം പൂർത്തിയാക്കണം. ഈ പരിശീലനത്തിനുള്ള ഫീസ് കമ്പനികൾ തന്നെ വഹിക്കും. കൂടാതെ, പരിശീലനകാലയളവിൽ 15,000 രൂപയിൽ കുറയാത്ത പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും. പരിശീലനം പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികളെ കമ്പനിയുടെ വിവിധ പ്രോജക്ട് സൈറ്റുകളിൽ നിയമിക്കും.
ഊരാളുങ്കൽ സൊസൈറ്റിയുടെ പങ്ക്
കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ ഊരാളുങ്കൽ സൊസൈറ്റിയും (ULCCS) IIIC വഴിയാണ് എൻജിനീയർമാരെയും ടെക്‌നീഷ്യന്മാരെയും തിരഞ്ഞെടുക്കുന്നതും പരിശീലനം നൽകി നിയമിക്കുന്നതും. നിലവിൽ IIIC ഏറ്റെടുത്തു നടത്തുന്നത് ULCCS ആയതിനാലും സൊസൈറ്റിയുടെ വർക്ക് സൈറ്റുകളിൽ പ്രായോഗിക പരിശീലനം ലഭിക്കുന്നതിനാലുമാണ് പുറത്തുനിന്നുള്ള കമ്പനികൾ കേരളത്തിലേക്ക് കൂടുതൽ താൽപ്പര്യം കാണിക്കുന്നത്.
പുതിയ സാങ്കേതികവിദ്യകളിലും സാധ്യതകൾ
നിർമ്മാണ മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളായ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (BIM) എന്നിവയിൽ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കും വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഈ മേഖലകളിലെ വിദഗ്ധരെയും കമ്പനികൾക്ക് ആവശ്യമുണ്ടെന്ന് IIIC അധികൃതർ വ്യക്തമാക്കി.
ടെക്‌നീഷ്യൻ വിഭാഗത്തിൽ അവസരങ്ങൾ
സൂപ്പർവൈസർ, കാർപെന്റർ, സ്റ്റീൽ ഫിറ്റർ, മേസൺ, സ്കഫോൾഡർ, ഫാബ്രിക്കേറ്റർ, വെൽഡർമാർ, ഇലക്ട്രീഷ്യൻ, ഗ്യാസ് കട്ടർ, ഗ്രൈൻഡർ, ഹെൽപ്പർ തുടങ്ങി വിവിധ ടെക്‌നീഷ്യൻ തസ്തികകളിലും അവസരങ്ങളുണ്ട്.