Kerala Plus One Admission 2025: പ്ലസ് വൺ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Plus One Sports Quota Supplementary Allotment: കാൻഡിഡേറ്റ് ലോഗിനിൽ ഉള്ള 'സ്പോർട്ട്സ് സപ്ലിമെന്ററി റിസൾട്ട്സ്' എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ ലിങ്കിൽ കയറി അത് കൂടി പരിശോധിക്കേണ്ടതാണ്.
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് (ജൂൺ 24) രാവിലെ 10 മണി മുതൽ പ്രവേശനം നേടാം. കാൻഡിഡേറ്റ് ലോഗിനിൽ ഉള്ള ‘സ്പോർട്ട്സ് സപ്ലിമെന്ററി റിസൾട്ട്സ്’ എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ ലിങ്കിൽ കയറി അത് കൂടി പരിശോധിക്കേണ്ടതാണ്.
അലോട്ട്മെന്റ് ലെറ്ററിൽ രണ്ട് പേജുകളാണ് ഉൾപ്പെടുന്നത്. പ്രവേശനത്തിനായി സ്‌കൂളിൽ ഹാജരാകേണ്ട ദിവസം, സ്‌കൂൾ, കോഴ്സ് തുടങ്ങിയ വിവരങ്ങൾ ലെറ്ററിൽ നൽകിയിട്ടുണ്ടാകും. വിദ്യാർഥികൾ ഇക്കാര്യങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കണം. അപേക്ഷകർക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്ററിൻറ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങൾ, പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം.
യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് സ്കോർ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്പോർട്ട്സ് മികവുകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ അഡ്മിഷൻ സമയത്ത് വിദ്യാർത്ഥി ഹാജരാക്കേണ്ടതാണ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാവുന്നതാണ്. പ്രവേശനത്തിന് വേണ്ടി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന പകർപ്പുകളും സ്വീകരിക്കാവുന്നതാണ്. എന്നാൽ, പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിൻറെയും സ്വഭാവ സർട്ടിഫിക്കറ്റിൻറയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.
ALSO READ: 45 ലക്ഷം വാർഷിക ശമ്പളമുള്ള ഓഫർ നിരസിച്ച യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനം ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. അവർ അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ രക്ഷിതാവിനോടൊപ്പം ജൂൺ 26ന് വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ പ്രവേശനത്തിന് ഹാജരാകണം. സ്പോർട്സ് ക്വാട്ടയിലെ അവസാന അലോട്ട്മെന്റ് ആണിത്.