High Salary Job: 45 ലക്ഷം വാർഷിക ശമ്പളമുള്ള ഓഫർ നിരസിച്ച യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
Techie's Viral Post: മൂന്ന് വർഷം മാത്രം പ്രവൃത്തിപരിചയമുള്ള ഒരാൾക്ക് ഇത്രയധികം ശമ്പളം ലഭിക്കുമോയെന്ന് ചിലർ ആശ്ചര്യം പ്രകടിപ്പിച്ചു. പ്രതിമാസം ഏകദേശം നാല് ലക്ഷം രൂപയോളം ശമ്പളം ലഭിക്കില്ലേയെന്നും ഈ ഓഫർ മികച്ചതാണെന്നുമായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം.
മുംബൈ: ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ തനിക്ക് ലഭിച്ച ₹45 ലക്ഷം വാർഷിക ശമ്പളമുള്ള ജോലി വാഗ്ദാനം നിരസിച്ചതിനെക്കുറിച്ചുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഈ വാഗ്ദാനം നിരാശാജനകമാണോ എന്നും മറ്റ് ഉപയോക്താക്കളുടെ അഭിപ്രായം എന്താണെന്നും ചോദിച്ച് ഗ്രേപ്പ്‌വൈൻ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഇദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
വാഗ്ദാനം ചെയ്ത ജോലിവിവരങ്ങൾ
ടെക്‌നിക്കൽ സ്റ്റാഫ് (MTS) ആയാണ് നിയമനം. അടിസ്ഥാന ശമ്പളം 30 ലക്ഷംരൂപയാണ് ഉള്ളത്. ബോണസായി മൂന്നു ലക്ഷവും 4 വർഷത്തിനുള്ളിൽ ലഭിക്കുന്ന $52,000 മൂല്യമുള്ള ഓഹരികളും മറ്റ് ആനുകൂല്യങ്ങൾ. എന്നാൽ ഈ ഓഫറിൽ തന്റെ നിലവിലുള്ള ശമ്പളത്തേക്കാൾ ഒരു രൂപ പോലും കൂടുതലല്ലെന്ന് യുവാവ് പറയുന്നു. മറ്റ് സ്റ്റാർട്ടപ്പുകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടെങ്കിലും അവയൊന്നും സ്വീകരിക്കാൻ താൽപര്യമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
യുവാവിന്റെ ചോദ്യങ്ങൾ
“ഞാൻ ഇത് സ്വീകരിക്കണോ? നിങ്ങൾക്ക് സാധാരണയായി ലഭിക്കുന്ന ശമ്പളം എത്രയാണ്? എന്റെ സുഹൃത്തുക്കൾക്ക് 6-8 മാസം മുൻപ് ₹50 ലക്ഷത്തിന് മുകളിൽ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പറയുന്നത് നിലവിലെ സാഹചര്യത്തിൽ ഇതിനേക്കാൾ മികച്ചത് ലഭിക്കാൻ സാധ്യതയില്ല എന്നാണ്.”
ഈ പോസ്റ്റിന് താഴെ നിരവധി പേർ യുവാവിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി. മൂന്ന് വർഷം മാത്രം പ്രവൃത്തിപരിചയമുള്ള ഒരാൾക്ക് ഇത്രയധികം ശമ്പളം ലഭിക്കുമോയെന്ന് ചിലർ ആശ്ചര്യം പ്രകടിപ്പിച്ചു. പ്രതിമാസം ഏകദേശം നാല് ലക്ഷം രൂപയോളം ശമ്പളം ലഭിക്കില്ലേയെന്നും ഈ ഓഫർ മികച്ചതാണെന്നുമായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം. നിലവിൽ പൊതുവെ ശമ്പളം കുറവാണെന്നും അതിനാൽ ഇത് സ്വീകരിക്കണമെന്നും മറ്റൊരാൾ കമന്റ് ചെയ്തു. തനിക്ക് രണ്ട് വർഷത്തെ പരിചയമുണ്ടായിട്ടും അഞ്ച് ലക്ഷമാണ് വാർഷിക ശമ്പളമെന്നും ഈ ഓഫറിൽ എന്തിന് നിരാശപ്പെടണമെന്നുമായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.
നിലവിലെ സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ ഈ വാഗ്ദാനം ന്യായമാണെന്ന് ചിലർ വാദിക്കുമ്പോൾ, പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് ഇതിലും മികച്ച ശമ്പളം ലഭിക്കണമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.