Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം; കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകൾ ഇന്ന് മുതൽ
Kerala Plus One Community Quota Admission 2025: സമുദായം തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മതിയാകും. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള സമുദായത്തിൽ നിന്നും വിഭിന്നമായ സമുദായമാണ് അവകാശപ്പെടുന്നതെങ്കിൽ പ്രസ്തുത വിവരം തെളിയിക്കുന്നതിന് റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ ഇന്ന് മുതൽ വിതരണം ചെയ്യും. ജൂൺ 10 മുതലാണ് പ്രവേശനം ആരംഭിക്കുക. കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ, പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളുകളിൽ നിന്ന് അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച ശേഷം അതാത് സ്‌കൂളുകളിൽ തന്നെ നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.
പിന്നാക്ക എയ്‌ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകൾ, ന്യൂനപക്ഷ എയ്‌ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകൾ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ അതാത് സമുദായത്തിൽപെട്ട അപേക്ഷകരിൽ നിന്ന് മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. സമുദായം തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മതിയാകും. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള സമുദായത്തിൽ നിന്നും വിഭിന്നമായ സമുദായമാണ് അവകാശപ്പെടുന്നതെങ്കിൽ പ്രസ്തുത വിവരം തെളിയിക്കുന്നതിന് റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കമ്മ്യൂണിറ്റി ടാറ്റ എൻട്രി നാളെ (മെയ് 30) ആരംഭിക്കുന്നതാണ്. ജൂൺ 5ന് മുമ്പായി എൻട്രി പൂർത്തിക്കരിക്കണം. തുടർന്ന്, ജൂൺ 9ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പിന്നാലെ, ജൂൺ 10 മുതൽ അഡ്മിഷൻ ആരംഭിക്കുന്നതാണ്. സപ്ലിമെന്ററി ഘട്ടത്തിൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വിതരണം ആരംഭിക്കുന്നത് ജൂൺ 18നാണ്. കമ്മ്യൂണിറ്റി ടാറ്റ എൻട്രി 20ന് മുമ്പായി പൂർത്തീകരിക്കണം. തുടർന്ന്, ജൂൺ 23ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അഡ്മിഷൻ ആരംഭിക്കുകയും ചെയ്യും. ജൂൺ 27ന് പ്രവേശനം അവസാനിപ്പിക്കും.
ALSO READ: ഇനി ടിസി ഇല്ലെങ്കിലും സ്‌കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് മതിയായ അപേക്ഷകരില്ലെങ്കിൽ, ഒഴിവ് വരുന്ന സീറ്റുകൾ നിർദ്ദിഷ്ഠ തീയതിയ്ക്ക് ശേഷം പൊതു മെരിറ്റ് സീറ്റായി പരിഗണിച്ച് അലോട്ട്മെന്റ് നടത്തും. ജൂൺ 27ന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.