Kerala Plus One first allotment 2025: പ്ലസ് വൺ ആദ്യ അലോട്‌മെന്റ് നാളെ, താത്കാലിക പ്രവേശനത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
Kerala Plus One First Allotment 2025: താത്കാലിക പ്രവേശനം നേടുന്നവർക്ക് അടുത്ത അലോട്‌മെന്റുകളിൽ ഉയർന്ന ഓപ്ഷനുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. താത്കാലിക പ്രവേശനം നേടിയ ശേഷം അടുത്ത ഘട്ടങ്ങളിൽ അലോട്‌മെന്റ് ലഭിച്ചില്ലെങ്കിൽ, ഈ സ്കൂളിൽ തന്നെ പ്രവേശനം സ്ഥിരീകരിക്കേണ്ടി വരും.

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള പ്ലസ് വൺ ആദ്യ അലോട്‌മെന്റ് നാളെ (ജൂൺ 2, 2025, തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷൻ വെബ്സൈറ്റായ hscap.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്‌മെന്റ് വിവരങ്ങൾ പരിശോധിക്കാം.
അലോട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
- hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ‘Candidate Login – SWS’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
- ‘First Allotment Results’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അലോട്‌മെന്റ് വിവരങ്ങൾ കാണാൻ സാധിക്കും.
താത്കാലിക പ്രവേശനം
നിങ്ങൾക്ക് അലോട്‌മെന്റ് ലഭിച്ചു, പക്ഷേ അത് നിങ്ങളുടെ ആദ്യ ഓപ്ഷൻ ആയിരുന്നില്ല, കൂടുതൽ മികച്ച ഓപ്ഷനുകൾക്കായി അടുത്ത അലോട്‌മെന്റുകളിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ താത്കാലിക പ്രവേശനം നേടാം. ഇതിന് അലോട്‌മെന്റ് ലഭിച്ച സ്കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. എന്നാൽ പ്രവേശന ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് അടുത്ത അലോട്‌മെന്റുകളിൽ ഉയർന്ന ഓപ്ഷനുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. താത്കാലിക പ്രവേശനം നേടിയ ശേഷം അടുത്ത ഘട്ടങ്ങളിൽ അലോട്‌മെന്റ് ലഭിച്ചില്ലെങ്കിൽ, ഈ സ്കൂളിൽ തന്നെ പ്രവേശനം സ്ഥിരീകരിക്കേണ്ടി വരും. ഒരു തവണ താത്കാലിക പ്രവേശനം നേടിയാൽ പിന്നീട് ആപ്ലിക്കേഷനിൽ തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെന്നതും പ്രത്യേകം ഓർക്കണം.
പ്രധാന നിർദ്ദേശങ്ങൾ
- അലോട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്കൂളിൽ ഹാജരായി വേരിഫിക്കേഷൻ നടത്തണം.
- അഡ്മിഷന് പോകുമ്പോൾ അലോട്‌മെന്റ് ലെറ്റർ, അപേക്ഷയുടെ പ്രിന്റൗട്ട്, ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ കരുതുക.
- അലോട്‌മെന്റ് ലഭിക്കാത്തവർ അടുത്ത അലോട്‌മെന്റുകൾക്കായി കാത്തിരിക്കുക.
- കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും hscap.kerala.gov.in എന്ന വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയോ അഡ്മിഷൻ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുകയോ ചെയ്യുക.