Kerala PSC KAS Examination: കെഎഎസ് എഴുതാന്‍ മടിച്ച് ഉദ്യോഗാര്‍ത്ഥികള്‍; അപേക്ഷിച്ചവരില്‍ പകുതി പേരും എഴുതിയില്ല
Kerala PSC KAS Preliminary Examination 2025 Latest Updates: 726 കേന്ദ്രങ്ങളിലായാണ് കെഎഎസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പിഎസ്‌സി നടത്തുന്ന രണ്ടാമത്തെ സെലക്ഷനാണ് ഇത്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (കെഎഎസ്) പിഎസ്‌സി നടത്തിയ പരീക്ഷ എഴുതാനെത്തിയത് വളരെ കുറവ് ഉദ്യോഗാര്‍ത്ഥികള്‍ മാത്രം. അപേക്ഷിച്ചവരില്‍ ഏകദേശം പകുതിയോളം പേരും പരീക്ഷ എഴുതിയില്ല. ജൂണ്‍ 14ന് നടന്ന പരീക്ഷ എഴുതുന്നതിന് അപേക്ഷിച്ചവരില്‍ 1,86,932 ഉദ്യോഗാര്‍ത്ഥികളാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. ഇതില്‍ രാവിലെയുള്ള സെഷനില്‍ 52.8 ശതമാനം പേര്‍ മാത്രമാണ് ഹാജരായത്. കമ്മീഷന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബാബുരാജ് കെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ പരീക്ഷ എഴുതിയവരില്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ പങ്കെടുത്തില്ലെന്നതാണ് ശ്രദ്ധേയം. 52.2 ശതമാനം പേര്‍ മാത്രമാണ് ഉച്ചയ്ക്ക് ശേഷമുള്ള സെഷന് ഹാജരായത്.
കെഎഎസ് പരീക്ഷ എഴുതാന്‍ പല ഉദ്യോഗാര്‍ത്ഥികളും തയ്യാറായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. പകുതിയോളം പേരും പരീക്ഷ എഴുതാതിരിക്കാന്‍ പലതാകാം കാരണങ്ങള്‍. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയാകാം ഒരു കാരണം. രാവിലെയും, ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സെഷനുകളിലായി പരീക്ഷ നടത്തിയതാകാം മറ്റൊരു കാരണം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ സെഷന്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയായിരുന്നു രണ്ടാം സെഷന്‍.
കെഎഎസ് പോലൊരു പരീക്ഷയുടെ കാഠിന്യം മുന്‍കൂട്ടി മനസിലാക്കിയാകണം ചിലരെങ്കിലും പരീക്ഷ എഴുതാത്തത്. വേക്കന്‍സികളിലെ അപര്യാപ്തതയും കാരണമാകാം. ആകെ 31 ഒഴിവുകളാണ് ഇത്തവണ കെഎഎസ് നോട്ടിഫിക്കേഷനിലുണ്ടായിരുന്നത്. ഇതില്‍ നേരിട്ടുള്ള നിയമനമായ സ്ട്രീം ഒന്നില്‍ 11 വേക്കന്‍സികള്‍ മാത്രമാണുണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാലും പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാര്‍ത്ഥികളുണ്ട്.




സംസ്ഥാനത്തെ 726 കേന്ദ്രങ്ങളിലായാണ് കെഎഎസ് പ്രിലിമിനറി പരീക്ഷ നടത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പിഎസ്‌സി നടത്തുന്ന രണ്ടാമത്തെ സെലക്ഷനാണ് ഇത്.