Kerala School Opening 2025: അക്ഷരലോകത്തേക്ക് ചേക്കേറാം… സംസ്ഥാനത്ത് നാളെ പ്രവേശനോത്സവം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala School Opening 2025 On June 2nd: പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനോത്സവം ഉണ്ടായിരിക്കില്ല. ഈ സ്കൂളുകളിൽ ജൂൺ ആറിന് ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അക്ഷരമുറ്റത്തേക്ക് പുതുയൊരു തുടക്കം കുറിക്കാനൊരുങ്ങി കുരുന്നുകൾ. സംസ്ഥാനത്ത് നാളെ പ്രവേനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ കലവൂർ ഗവ. എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനോത്സവം ഉണ്ടായിരിക്കില്ല. ഈ സ്കൂളുകളിൽ ജൂൺ ആറിന് ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക.
ആലപ്പുഴ ജില്ലയിൽ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. ഇവിടെയും നാളെ പ്രവേശനോത്സവം ഉണ്ടായിരിക്കില്ല. അതിനിടെ അഞ്ച് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. ആരെയും തോൽപ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇക്കൊല്ലത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10 നകം പുറത്തിറക്കുമെന്നാണ് അറിയിപ്പ്. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേൻമ വർഷമായി ഇക്കൊല്ലം ആചരിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച കുട്ടികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്ലാസുകളുണ്ടാകും. ഹയർ സെക്കൻഡറി പാഠ്യ പദ്ധതി പരിഷ്കരണം ഈ വർഷം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.